കനത്ത നാശം വിതച്ച് മഴ തുടരുന്നു; കുട്ടനാട്ടില്‍ 500 ഏക്കര്‍ കൃഷി നശിച്ചു; റെയില്‍വേ ട്രാക്കുകളും റോഡുകളും വെള്ളത്തിനടിയില്‍; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
ആലപ്പുഴ: സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴയില്‍ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്. കുട്ടനാട്ടില്‍ 500 ഏക്കര്‍ കൃഷി നശിച്ചു. പലയിടത്തും മടവീഴ്ചയുണ്ടായി. ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടിയന്തരമായി ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാന്‍ നിര്‍ദേശം നല്കി. ആറാട്ടുപുഴയില്‍ കടല്‍ഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. കുട്ടനാട്ടിലെ ഗതാഗതം പൂര്‍ണ സ്തംഭനാവസ്ഥയിലാണ്.
ആലപ്പുഴ തുറവൂര്‍ തീരദേശ റെയില്‍ പാളത്തില്‍ മരം വീണു. ചന്തിരൂരിന് സമീപമായിരുന്നു സംഭവം. വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചതിനാല്‍ ഇതുവഴി ഗതാഗതം നിലച്ചു. മറ്റു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. മുളന്തുരുത്തിയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. അധികൃതരെത്തി മരം മുറിച്ചുനീക്കിയാല്‍ മാത്രമേ ട്രെയിന്‍ ഗതാഗതം പൂര്ണനിലയിലാവൂ. ഇതോടെ ആയിരക്കണക്കിന് ട്രെയിന്‍ യാത്രക്കാര്‍ ദുരിതത്തിലായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കുകളില്‍ വെള്ളം കയറി. എറണാകുളം എംജി റോഡിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വെള്ളം കയറി. പൂത്തോട്ടയില്‍ വീടിന് മുകളിലേക്ക് മരം മറിഞ്ഞുവീണു. കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്.
പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. ഇടുക്കി ആനവിലാസത്ത് എന്‍എച്ചില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കൊല്ലം കൊറ്റങ്കര വില്ലേജിലെ പേരൂരില്‍ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാലായില്‍ നിന്ന് മൂന്ന് റൂട്ടുകളിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. ഈരാറ്റുപേട്ട, പൊന്‍കുന്നം, കോട്ടയം റൂട്ടുകളിലേക്കുള്ള സര്‍വീസാണ് നിര്‍ത്തിവെച്ചത്. ആറന്മുള സത്രക്കടവ്, പത്തനംതിട്ട ഏഴംകുളം- കൈപ്പട്ടൂര്‍ റോഡില്‍ ഇടത്തിട്ട ഭാഗം, പുനലൂര്‍- മുവാറ്റുപുഴ റോഡില്‍ ചെത്തോങ്കര ജംക്ഷന്, കോട്ടാങ്ങല്‍- പാടിമണ്‍ റോഡ്, ബാസ്റ്റോ റോഡില്‍ അത്യാല്‍ പാലത്തിനു സമീപം എന്നിവിടങ്ങളിലും റാന്നിയില്‍ ടൗണ്‍ ബൈപാസിലെ കടകള്‍, ഹോട്ടല്‍ കലവറ, ഹോണ്ട ഷോറൂം എന്നിവയും വെള്ളത്തില്‍ മുങ്ങി. ചെങ്ങന്നൂര്‍ യാത്ര ദുഷ്കരം. റാന്നിയില്‍ വീടുകളുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ രണ്ടു പേരും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരും മരിച്ചു. ഏഴുവയസ്സുകാരനടക്കം മൂന്നു പേരെ കാണാതായി. രണ്ടുപേര്‍ മരം വീണും ഒരാള്‍ ഷോക്കേറ്റുമാണു മരിച്ചത്. കോഴിക്കോട് ഓമശ്ശേരി മാനിപുരം കല്ലുരുട്ടി അയ്യത്തന്‍കുന്ന് കല്യാണി (85) സ്വന്തം പറമ്പില്‍ മരത്തിനടിയില്‍പെട്ടു മരിച്ചു. കണ്ണൂരില്‍ പേരാവൂര്‍- ഇരിട്ടി സംസ്ഥാന പാതയില്‍ ഓട്ടോയ്ക്കു മുകളില്‍ മരം വീണാണ് ആര്യപ്പറമ്പ് കാഞ്ഞിരക്കാട്ട് സിറിയക്കിന്റെ മകള്‍ സിതാര (20) മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കു പരുക്കേറ്റു.
ആലപ്പുഴ തൈക്കാട്ടുശേരി മണപ്പുറം ഫിഷര്‍മെന്‍ കോളനിയില്‍ പുരഹരന്റെ ഭാര്യ സുഭദ്ര (60) പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍നിന്നു ഷോക്കേറ്റാണു മരിച്ചത്. കോഴിക്കോട്ട് ഫറോക്ക് കരുവന്തിരുത്തി സായ്മഠത്തിനു സമീപം ആവത്താന്‍ വീട്ടില്‍ റജീഷ് കുമാറിന്റെ മകന് വൈഷ്ണവ് (17) വെള്ളക്കെട്ട് കടന്നു പോകവെ ബൈക്കില്‍നിന്നു വീണു ബസിനടിയില്‍പെട്ടു മരിച്ചു.
പാലക്കാട് ആലത്തൂര്‍ കാവശേരി വാവുള്ളിപുരം അബൂബക്കറിന്റെ മകന് ആഷിക്കിനെ (22) നെല്ലിയാമ്പതിയില്‍ കാണാതായി. മലപ്പുറം തേഞ്ഞിപ്പലം മാതാപ്പുഴ കറുത്താമകത്ത് ഷാക്കിറയുടെ മകന് മുഹമ്മദ് റബീഹ് (ഏഴ്) കടലുണ്ടിപ്പുഴയിലെ മാതാപ്പുഴ കടവില്‍ ഒഴുക്കില്‍പെട്ടു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം ഇളപ്പുപാറ തടത്തുകാലായില്‍ ബൈജു (31) ശനിയാഴ്ചയാണ് അച്ചന്‍കോവിലാറ്റില്‍ അട്ടച്ചാക്കല്‍ കൊല്ലേത്തുമണ്‍ കാവുംപുറത്തു കടവില്‍ ഒഴുക്കില്‍പെട്ടത്.
മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ഒഴികെയുള്ളവര്‍ വെള്ളപ്പൊക്കമോ ഉരുള്‍പൊട്ടലോ ഉള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.
എംജി സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പുറത്തിറങ്ങാന്‍ കഴിയാതെ നാട് മഴദുരിതത്തിലായിട്ടും പരീക്ഷകള്‍ മാറ്റിവയ്ക്കാത്ത സര്‍വകലാശാല നടപടിക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധത്തിലായിരുന്നു. കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.