ഔഷധ ഭിക്ഷായാത്ര; അവസാന ഭിക്ഷ സമര്‍പ്പണത്തിന് തൊടുപുഴയില്‍ വന്‍ ഭക്തജനത്തിരക്ക്
തൊടുപുഴ: കര്‍ക്കിടക മാസ ഔഷധസേവയുടെ ഭാഗമായി കൂത്താട്ടുകുളം നെല്ല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തില്‍നിന്നാരംഭിച്ച ഔഷധ ഭിക്ഷായാത്ര നൂറോളം ക്ഷേത്രങ്ങള്‍ പിന്നിട്ട് അവസാന വട്ട ഭിക്ഷ സ്വീകരിക്കാന്‍ തൊടുപുഴയിലെത്തിയപ്പോള്‍ ഭക്തി സാന്ദ്രമായ സ്വീകരണം.
കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശബരമല അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസിന്റെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ യാത്രയ്ക്ക് സ്വീകരണം നല്കി. പിന്നീട് ജനങ്ങള്‍ ഔഷധഭിക്ഷ സമര്‍പ്പിച്ചു. ത്രിഫലയും നെയ്യുമാണ് പ്രധാനമായി ഔഷധ ഭിക്ഷയായി സമര്‍പ്പിക്കുന്നത്.
കാഞ്ഞിരമറ്റം ക്ഷേത്രത്തില്‍ നിന്ന് ഭിക്ഷ സ്വീകരിച്ചതിനു ശേഷം യാത്ര കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെത്തി. കാരിക്കോട് കാവിലും നിരവധി പേര് ഭിക്ഷ സമര്‍പ്പിക്കാനെത്തിയിരുന്നു.
കൂത്താട്ടുകുളത്തു നിന്നും ജൂണ്‍ 27 ന് പുറപ്പെട്ട യാത്ര 18 ദിവസത്തെ പ്രയാണത്തിനു ശേഷം 114 ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് തൊടുപുഴയിലെത്തിയത്. ഇന്നലെ (ശനിയാഴ്ച)കളമശ്ശേരി ഗണപതി ക്ഷേത്രം, തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, മുവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവില്‍ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ഔഷധ ഭിക്ഷ സ്വീകരിച്ചാണ് തൊടുപുഴയില്‍ എത്തിയത്.
കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം, കാരിക്കോട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ഭിക്ഷ സ്വീകരിച്ചതിനു ശേഷം തൊടുപുഴയിലാണ് യാത്രാസംഘം തങ്ങുന്നത്. ഞായറാഴ്ച രാവിലെ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നാണ് അവസാന ഭിക്ഷ സ്വീകരിച്ച് ഏഴുമണിയോടെ കൂത്താട്ടുകുളത്തെത്തും.
ഔഷധേശ്വരി ക്ഷേത്രത്തില്‍നിന്ന് തെളിയിച്ച ദീപവും ദേവിയുടെ വെള്ളിയങ്കിയും വഹിച്ച് ശ്രീകോവിലിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഔഷധ രഥത്തെ വിധിയാം വണ്ണം ക്ഷേത്രത്തില്‍ സ്വീകരിക്കും. തുടര്‍ന്ന കര്‍ക്കിടക മാസാചാരണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പണി തീര്‍ത്ത 14 അടി ഉയരമുള്ള ഔഷധേശ്വരി ശില്പം തൃക്കൈക്കാട്ട് സ്വാമിയാര് മഠത്തിലെ വാസുദേവ ബ്രഹ്മാനന്ദ തീര്‍ത്ഥസ്വാമിയാര്‍ നിര്‍വഹിക്കും.
പുരാതനകാലം മുതല്‍ കര്‍ക്കിടക ഔഷധ സേവയ്ക്കായി തയാറാക്കുന്ന ഔഷധത്തിനു വേണ്ട ദ്രവ്യങ്ങള്‍ ഭക്തരില്‍നിന്ന് ഭിക്ഷയായി വാങ്ങുന്നതാണ് പതിവ്. യാത്രയിലുടനീളം ലഭിക്കുന്ന ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് 36 നാഴിക സമയമെടുത്താണ് സേവിക്കാനുള്ള ഔഷധം തയ്യാറാക്കുന്നത്. കര്‍ക്കിടകത്തില്‍ നട തുറക്കുന്ന സമയം മുതല്‍ മാസം മുഴുവന്‍ ഭക്തര്‍ക്ക് ഔഷധസേവ നടത്താവുന്നതാണ്.