ട്രഷറിയില്‍ ‘കൂട്ടുകൊള്ള’; ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ്
തൃശൂര്‍: മരിച്ചവരുടേതടക്കം 19 പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിന്നു വ്യാജരേഖ ചമച്ച് 60 ലക്ഷം രൂപയോളം തട്ടിയ ഒന്‍പതു ട്രഷറി ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. കൊടുങ്ങല്ലൂര്‍ സബ് ട്രഷറി ജൂനിയര്‍ സൂപ്രണ്ടായിരുന്ന കെ.എം. അലിക്കുഞ്ഞ്, സീനിയര്‍ അക്കൗണ്ടന്റുമാരായ പി.കെ. അബ്ദുല്‍ മനാഫ്, ടി.ജെ. സൈമണ്‍, ട്രഷറര്‍ പി.ഐ. സഫീന, ജൂനിയര്‍ സൂപ്രണ്ടുമാരായ ടി.ജെ. സുരേഷ് കുമാര്‍, എ.കെ. ജമീല, കെ.ഐ. സുശീല, പി.എന്‍. അനില്‍ കുമാര്‍, സബ് ട്രഷറി ഓഫിസര്‍ മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് ഗുരുതര ക്രമക്കേടിനു കേസെടുത്തത്.
2010 മുതല്‍ 2014 വരെയുള്ള നാലുവര്‍ഷത്തിനിടയിലാണ് ട്രഷറി ഉദ്യോഗസ്ഥര്‍ സംയുക്ത വെട്ടിപ്പു നടത്തിയത്. പെന്ഷന് ഗുണഭോക്താക്കള്‍ മരിച്ചാല്‍ പെന്ഷന് മാസ്റ്റര്‍ യഥാസമയം നിര്‍ത്തലാക്കണമെന്നും സൂപ്പര്‍വൈസറി ഉദ്യോഗസ്ഥന്മാര് ഇക്കാര്യം ഉറപ്പുവരുത്തണമെന്നുമാണ് നിയമം. എന്നാല്‍, കൊടുങ്ങല്ലൂര്‍ സബ് ട്രഷറിയില്‍ ഇത്തരം പരിശോധനകളൊന്നും യഥാസമയം നടക്കാതിരുന്നതിനാല്‍ ട്രഷറി ഉദ്യോഗസ്ഥര്‍ അതിവിദഗ്ധമായാണ് ‘പങ്കാളിത്ത വെട്ടിപ്പു’ തുടര്‍ന്നത്.
നാലുവര്‍ഷത്തിനിടെ 403 സ്പെല്ലുകളിലായി 19 പേരുടെ അക്കൗണ്ടുകളില്‍ നിന്നു വ്യാജരേഖ ചമച്ച് ഇവര്‍ തട്ടിയെടുത്തത് 59,46,000 രൂപ! മരണപ്പെട്ട പെന്‍ഷന്‍കാരുടെ പേരില്‍ കള്ളയൊപ്പിട്ടു വ്യാജ അപേക്ഷകള്‍ തയാറാക്കി ചെക്ബുക്കുകള്‍ കൈവശപ്പെടുത്തുകയായിരുന്നു ഇവരുടെ രീതി. ഈ ചെക്കുകളില്‍ കളളയൊപ്പിട്ടു പണം പിന്‍വലിക്കുകയും ചെയ്യും. വ്യാജ പിടിഎസ്ബി അക്കൗണ്ടുകള്‍ സൃഷ്ടിച്ചും വ്യാജ ഫാമിലി പെന്‍ഷനുകള്‍ അനുവദിച്ചും തെറ്റായി പെന്ഷന് കുടിശികകള്‍ വിതരണം ചെയ്തും ഇവര്‍ തട്ടിപ്പ് യഥേഷ്ടം തുടര്‍ന്നു.
അലിക്കുഞ്ഞായിരുന്നു തട്ടിപ്പിന്റെ സൂത്രധാരനെന്നു വിജിലന്‍സ് സംഘം കണ്ടെത്തി. ട്രഷറീസ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഡയറക്ടര്‍ നല്കിയഉത്തരവനുസരിച്ച് വിജിലന്‍സ് ഡിവൈഎസ്പി എ.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് തട്ടിപ്പു പുറത്തുവന്നത്. സൂപ്പര്‍വൈസറി ഉദ്യോഗസ്ഥന്മാര് പരിശോധനകള്‍ നടത്താതിരുന്നതാണ് ഇത്രയുംകാലം തട്ടിപ്പു മൂടിവയ്ക്കാന്‍ ഇടയായത്. ഞെട്ടിക്കുന്ന വെട്ടിപ്പിന്റെ കഥ പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി ട്രഷറി ഓഫിസുകളില്‍ പരിശോധന നടന്നേക്കാനിടയുണ്ട്.