ഓര്‍ത്തഡോക്സ് സഭാ പീഡനം: അറസ്റ്റിലായ വൈദികന് ഫാദര്‍ ജോണ്സണ് വി മാത്യു റിമാന്‍ഡില്‍
തിരുവല്ല: കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്സ് വൈദികന് ഫാ. ജോണ്സണ്.വി.മാത്യു കുറ്റം സമ്മതിച്ചു. ഇതേതുടര്‍ന്ന് ഫാ. ജോണ്സണ്.വി.മാത്യുവിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡിന് ഉത്തരവിട്ടത്. യുവതിയെ പീഡിപ്പിച്ചെന്ന് വൈദികന് പൊലീസിനോട് പറഞ്ഞു. കേസില്‍ മൂന്നാം പ്രതിയാണ് അറസ്റ്റിലായ ഫാ. ജോണ്സണ്.വി.മാത്യു. കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് വൈദികനെ പിടികൂടിയത്. തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് കുറ്റ സമ്മതം.
മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞ ദിവസം ജോണ്സണ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിപറഞ്ഞിരുന്നില്ല. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധിപറയാന്‍ ഇരിക്കെയാണ് അറസ്റ്റ്.ഇദ്ദേഹത്തിനെതിരെ പീഡനം ചുമത്തിയിട്ടില്ലാത്തതിനാല്‍ ജാമ്യം കിട്ടിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ജോണ്‍സണെതിരെ നേരത്തെ ചുമത്തിയിരിക്കുന്നത്.
അതേസമയം, കേസിലെ നാലാം പ്രതി ജെയ്സ്. കെ. ജോര്‍ജ് ഡല്‍ഹിലായതിനാല്‍ ക്രൈംബ്രാഞ്ച് സംഘം അവിടേക്ക് പുറപ്പെടാന്‍ ആലോചനയുണ്ട്. എന്നാല്‍, ജെയ്സ് കെ.ജോര്‍ജ് ഇന്ന് കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന സൂചനയുമുണ്ട്. കീഴടങ്ങാന്‍ സാദ്ധ്യതയുള്ള കോടതികളുടെ പരിസരങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.
ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടിയാണ് പത്തനംതിട്ട കോഴഞ്ചേരിയിലുള്ള വീടിനു സമീപത്തുനിന്ന് കേസിലെ മൂന്നാം പ്രതി ഫാ.ജോണ്സണ്.വി. മാത്യുവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ചോദ്യം ചെയ്യുന്നതിനായി ഇയാളെ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചിരുന്നു.സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ഇയള്‍ക്കെതിരെയുള്ള കുറ്റം. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം എടുത്തിരുന്നില്ല. ഇതോടെ കേസിലെ നാലു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായിരിക്കുകയാണ്. വൈകുന്നേരത്തോടുകൂടി വൈദികനെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി മറ്റു നടപടികള്‍ പൂര്‍ത്തിയാക്കും.
അതേസമയം, കേസില്‍ ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസിന്റെ മുണ്ടയാപ്പള്ളിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. എബ്രഹാം വര്‍ഗീസ് ഒളിവിലായ സാഹചര്യത്തിലാണ് പരിശോധന. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വൈദികര്‍ കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. കഴിഞ്ഞ ദിവസംകറുകച്ചാല് കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യു കൊല്ലത്തു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്‍പാകെ കീഴടങ്ങിയിരുന്നു. മജിസ്ട്രേട്ട് കോടതി രണ്ടാഴ്ച റിമാന്‍ഡ് ചെയ്തു പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചു. കേസില്‍ ഫാ. ജോബ് ഉള്‍പ്പെടെ മൂന്ന് ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
പന്തളത്തുനിന്ന് കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നരയോടെ ഫാ. ജോബ് കൊട്ടാരക്കരയിലെത്തുമ്പോള്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി അന്വേഷണസംഘം പിന്തുടര്ന്നു. പുലര്‍ച്ചയോടെ കൊല്ലത്തെത്തിയ വൈദികന് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കീഴടങ്ങി. താന്‍ വീട്ടമ്മയെ പീഡിപ്പിച്ചിട്ടില്ലെന്നാണു പൊലീസ് ക്ലബിലെ പ്രാഥമിക ചോദ്യം ചെയ്യലില്‍ ഫാ. ജോബ് അവകാശപ്പെട്ടത്. 11.30ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജില്ലാ ആശുപത്രിയില്‍ ലൈംഗികക്ഷമതാ പരിശോധന നടത്തി. തിരുവല്ല മജിസ്ട്രേട്ടിന്റെ പന്തളത്തെ വീട്ടിലെത്തിച്ചാണു റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
മൂന്നാം പ്രതി ഫാ. ജോണ്സണ് വി. മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികര്‍ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്. കേസന്വേഷണവുമായി സഹകരിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാനേതൃത്വം വൈദികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബലമായുള്ള അറസ്റ്റ് നടപടി ഒഴിവാക്കി മാന്യമായി കീഴടങ്ങുന്നതിനുള്ള അവസരം വൈദികര്‍ക്ക് നല്‍കുമെന്നാണ് വിവരം. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് അന്വേഷണസംഘം.