ദുല്‍ഖറിനെക്കുറിച്ച് മമ്മൂട്ടിയോട് ചോദിച്ച ആരാധികയ്ക്ക് കിട്ടിയത് വമ്പന്‍ സര്‍പ്രൈസ്; കുളിക്കാന്‍ പോയ ദുല്‍ഖറിനെ കണ്ടത് പിറ്റേ ദിവസം; പിന്നെ സംഭവിച്ചത്
മമ്മൂട്ടിയുടെ വീടിന്റെ ഗേറ്റിന് മുന്നില്‍ നിന്ന് ദുല്‍ഖര്‍ എവിടെ എന്ന് വിളിച്ചു ചോദിച്ച പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ആരാധികയായ ആമിനയുടെ ചോദ്യവും അതിന് മമ്മൂട്ടി നല്കിയ മറുപടിയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദുല്‍ഖറിനെ കാണണമെന്ന മോഹം ആമിനയെ വീണ്ടും മമ്മൂട്ടിയുടെ വീടിന് മുന്നിലെത്തിച്ചു. എന്നാല്‍ ഇത്തവണ പുറത്തിറങ്ങി വന്നത് മമ്മൂട്ടിയല്ല, സാക്ഷാല്‍ ദുല്‍ഖര്‍ സല്മാന്.
സംഭവം ഇങ്ങനെ:
മസ്കറ്റില്‍ പഠിക്കുന്ന എട്ടാം ക്ലാസുകാരി ആമിന അവധിക്കാലം ആഘോഷിക്കന് മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കൊച്ചിയില്‍. പനമ്പിള്ളി നഗറില്‍ ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിക്കാനെത്തിയ ആമിനയ്ക്കും കസിന്‍സിനും മമ്മൂട്ടിയുടെ വീട് കാണിച്ചു കൊടുത്തത് ഒരു ഓട്ടോക്കാരന്.
അല്പസമയത്തിനുള്ളില് മമ്മൂട്ടി പുറത്തു വരുമെന്ന് പറഞ്ഞതോടെ ഗേറ്റിന് മുന്നില്‍ കാത്തു നില്ക്കാന് ആമിന തീരുമാനിക്കുകയായിരുന്നു. കാത്തിരിപ്പ് വെറുതെയായില്ല. മമ്മൂട്ടി എത്തി. ഗേറ്റിന് പുറത്ത് കാത്ത് നില്ക്കുന്ന ആരാധകര്‍ക്ക് നേരെ കൈ വീശി. അപ്പോഴാണ് ആമിനയുടെ കൗതുകം നിറഞ്ഞ ചോദ്യം എത്തുന്നത്. മമ്മൂക്കാ, ദുല്‍ഖര്‍ എവിടാ? ഉടനെ തന്നെ മമ്മൂട്ടിയുടെ മറുപടിയും എത്തി. ‘ദുല്‍ഖര്‍ കുളിക്കുകയാണ്’
മറുപടി പ്രതീക്ഷിക്കാതെ ചുമ്മാ ചോദിച്ച ചോദ്യത്തിന് സൂപ്പര്‍സ്റ്റാറില്‍ നിന്ന് ഉത്തരം കിട്ടയതോടെ ആമിനയുടെ മനസില്‍ ആദ്യ ലഡു പൊട്ടി. ആമിന മൊബൈലില്‍ എടുത്ത വീഡിയോ നേരെ യുട്യൂബിലിട്ടു. രാത്രിക്ക് രാത്രി സംഗതി വൈറല്‍. എന്നാല്‍ കഥ ഇവിടെ തീര്‍ന്നില്ല. മമ്മൂട്ടിയെ കണ്ടിട്ട് ദുല്‍ഖറിനെ കാണാതെ പോന്നാല്‍ ശരിയാവില്ലെന്ന് ആമിന.
ദുല്‍ഖറിനെയും കാണണം. മമ്മൂട്ടിയെ കാണാന്‍ ഗേറ്റില്‍ കാത്തുനിന്ന സമയത്ത് മറ്റൊരു വിലപ്പെട്ട വിവരം ആമിനയ്ക്ക് കിട്ടി. ദുല്‍ഖറിന് ബുധനാഴ്ച രാവിലെ ഷൂട്ടുണ്ട്. അതിനായി ഒന്‍പതു മണിയ്ക്ക് വീട്ടില്‍ നിന്നിറങ്ങും. രാവിലെ തന്നെ വീണ്ടും പനമ്പിള്ളി നഗറില്‍ എത്തിയാല്‍ ദുല്‍ഖറിനെയും കാണാമെന്ന് ചുരുക്കം.
സ്കൂളില്‍ പോകാന്‍ പോലും ഇത്ര നേരത്തെ എണീറ്റിട്ടില്ലെന്ന് പറയുമ്പോള്‍ ആമിനയുടെ കസിന്‍സ് ചുറ്റും നിന്ന് ചിരിയോ ചിരി. സംഗതി സത്യമാണ്. സ്കൂളില്‍ പോകാന്‍ പോലും നേരത്തെ എണീക്കാന്‍ മടി പിടിക്കുന്ന ആമിന വ്യാഴാഴ്ച ആറുമണിക്ക് തന്നെ എണീറ്റ് തയ്യാറായി. എട്ടു മണിക്ക് മമ്മൂട്ടിയുടെ വീടിന്റെ ഗേറ്റിന് മുന്നില്‍ ഹാജര്‍. എല്ലാ കസിന്സിനെയും കൂട്ടിയാണ് ഗേറ്റിന് മുന്നിലെ ആമിനയുടെ കാത്തിരിപ്പ്.
ഒരു മണിക്കൂര്‍ കാത്തു നിന്നിട്ടും ഒന്നും സംഭവിച്ചില്ല. മഴയും തുടങ്ങി. ഒരു മണിക്കൂര്‍ അല്ല, ഒരു ദിവസം വരെ കാത്തുനില്ക്കാന് തയ്യാറായിരുന്നുവെന്ന് ആമിന പറയുന്നു. എന്നാല്‍ അത്രയ്ക്ക് വേണ്ടി വന്നില്ല. 9.15ന് പച്ച നിറത്തിലുള്ള ടിഷര്‍ട്ട് ധരിച്ച് ദുല്‍ഖര്‍ വീടിന് പുറത്തെത്തി. ഗേറ്റ് തുറക്കപ്പെട്ടു. ആരാധകര്‍ക്ക് നേരെ കൈവീശി കാണിച്ച് കാറില്‍ കേറാന്‍ പോയ ദുല്‍ഖറിനെ നോക്കി ആമിന ഉച്ചത്തില്‍ ആഗ്രഹം അറിയിച്ചു. ‘ദുല്‍ഖര്‍ ഒരു ഫോട്ടോ എടുത്തോട്ടെ… ‘
ഗേറ്റിന് മുന്നില്‍ നില്ക്കുന്ന കുട്ടിപ്പട്ടാളത്തെ കണ്ടതും ദുല്‍ഖര്‍ കാറില്‍ കയറാതെ മുന്നോട്ട് വന്നു. ആമിനയോടും കസിന്സിനോടും അകത്തേക്ക് വരാന്‍ കൈ കാണിച്ചു. സ്വപ്നമാണോ സത്യമാണോ എന്നൊക്കെ മനസിലാവും മുന്‍പ് എല്ലാം സംഭവിച്ചു.
ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച ആമിനയ്ക്ക് ഒന്നല്ല, കുറെ ഫോട്ടോസ് കിട്ടി. എവിടെ നിന്നാണ് വരുന്നതെന്നൊക്കെ ദുല്‍ഖര്‍ ചോദിച്ചപ്പോള്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യെന്ന അവസ്ഥയായി ആമിനയ്ക്ക്. ഒടുവില്‍ ദുല്‍ഖറിനൊപ്പം ആമിനയുടെ സ്വപ്നം പോലൊരു സെല്‍ഫി.
മസ്കറ്റില്‍ ജോലി ചെയ്യുന്ന കളമശേരി സ്വദേശി ആദിരാജ ബിജുവിന്റെയും സീനിയയുടെയും മകളാണ് എട്ടാം ക്ലാസുകാരിയായ ആമിന. അവധിക്ക് ശേഷം മസ്കറ്റിലേക്ക് മടങ്ങാനിരിക്കെയാണ് ആമിനയും കുടുംബവും.