കരുത്ത് പകര്‍ന്ന് യുവനിര: ഫ്രാന്‍സിനെ ഫേവറേറ്റുകളാക്കിയത് ഇങ്ങനെ
റഷ്യന്‍ മാമാങ്കത്തിന്റെ തുടക്കം മുതല്‍ സാധ്യതാ ടീമില്‍ ഇടംപിടിച്ച ടീമാണ് ഫ്രാന്‍സ്. അതുപോലെതന്നെ ചാംപ്യന്മാര്ക്ക് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാനും സാധിച്ചു. യുവതാരങ്ങളുടെ സാന്നിദ്ധ്യമാണ് ഫ്രാന്‍സിനെ ഫേവറേറ്റുകളാക്കിയത്. യുവതാരങ്ങളുടെ നീണ്ടനിരയാണ് ഫ്രാന്‍സിനുള്ളത്. ഗ്രീസ്മാന്, എംബപ്പെ, പോഗ്ബ, ജിറൂഡ് തുടങ്ങി ലോകോത്തര താരങ്ങളുടെ സംഗമം. ഒട്ടും പ്രതീക്ഷിക്കാതെ യൂറോകപ്പിന്റെ റണ്ണേഴ്സ് അപ്പായതും ഫ്രാന്‍സ് ടീമിനെ ഫേവറേറ്റുകളാക്കി.
ഗ്രൂപ്പ് ഘട്ടത്തില്‍ പേരിനൊത്ത പ്രകടനം ഫ്രഞ്ച് നിര കാഴ്ച വെച്ചിരുന്നില്ല. ഓസ്ട്രേലിയയ്ക്കെതിരെ അസീസ് ബെഹിച്ചിന്റെ ദാനഗോളിലും പെറുവിനെതിരെ എംബപ്പെയുടെ ഒറ്റഗോളിലും കടന്നുകൂടിയപ്പോള്‍ ഡെന്മാര്ക്കിനെതിരെ വലചലിപ്പിക്കാന്‍ പോലുമായില്ല. എന്നാല്‍ അര്‍ജന്റീനയ്ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ യുവനിര വിശ്വരൂപം പുറത്തെടുത്തു. പിന്നീട് ഓരോ കളിയിലും ദെഷാംസിന്റെ കുട്ടികള്‍ മെച്ചപ്പെട്ടു. ഒരു പെനല്‍റ്റി ഷൂട്ടിനും കാത്തുനില്‍ക്കാതെയാണ് ഫ്രഞ്ച് പട ഫൈനലിലേക്ക് മാര്‍ച്ചു ചെയ്തത്.
ക്വാര്‍ട്ടറില്‍ യുറഗ്വായേയും സെമിയില്‍ ബെല്‍ജിയത്തേയും ആധികാരികമായിത്തന്നെ തോല്‍പ്പിച്ചു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫൈനലിലെത്തിയ ടീം ഫേവറേറ്റുകള്‍ തന്നെയെന്ന് തെളിയിച്ചു. താരങ്ങളേക്കാളുപരി ദെഷാമെന്ന കോച്ചിന്റെ സാന്നിദ്ധ്യമാണ് വാതുവയ്പ്പുകാരുടെയടക്കം പ്രിയടീമായി നീലക്കുപ്പായക്കാരെ മാറ്റിയത്. വ്യക്തമായ തന്ത്രത്തോടെയാണ് സെമിയില്‍ ബെല്ജിയത്തെപ്പോലൊരു ടീമിനെ ദെഷാം നേരിട്ടത്. ഒരു ഗോള്‍ നേടിയ ശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞ തന്ത്രമാണ് ബെല്‍ജിയം മുന്നേറ്റങ്ങള്‍ ലക്ഷ്യത്തിലെത്താതെ കാത്തത്. 1998ല്‍ നായകന്റെ വേഷത്തില്‍ ലോകകിരീടം പാരീസിലെത്തിച്ച ദെഷാം ഇക്കുറി പരിശീലകക്കുപ്പായത്തില്‍ അതാവര്‍ത്തിക്കുമെന്നാണ് ഫുട്ബോള്‍ നിരീക്ഷകരുടെ പ്രതീക്ഷ.
ലോകകപ്പില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ഫൈനലില്‍ (1-0) എത്തിയത്. 51ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മെന്റെ കോര്‍ണറില്‍ നിന്ന് സ്പാനിഷ് ക്ലബ് ബാര്‍സിലോനയുടെ താരമായ സാമുവല്‍ ഉംറ്റിറ്റിയാണ് ഹെഡറിലൂടെ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ ഉയര്‍ന്നു ചാടിയ ബെല്‍ജിയം താരം മൗറോന്‍ ഫെല്ലെനിയുടെ തലയിലുരുമ്മിയാണു പന്തു വലയിലെത്തിയത്. പന്ത്രണ്ട് കൊല്ലത്തിന് ശേഷമാണ് ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിലെത്തുന്നത്.
15ന് രാത്രി 8.30ന് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍,ഫ്രാന്‍സ് ക്രൊയേഷ്യയെ നേരിടും. 1998ല്‍ ലോകജേതാക്കളായ ഫ്രാന്‍സ് 2006 നുശേഷം ആദ്യമായാണു ഫൈനലിലെത്തുന്നത്.
ഫ്രാന്‍സ് കോച്ച് ദിദിയേ ദെഷാമിന്റെ തന്ത്രത്തിന്റെ വിജയമാണു കളിയില്‍ കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെറ്റ്പീസില്‍നിന്നു ഗോള്‍ നേടിയശേഷം ഫ്രാന്‍സ് പിന്നീട് ആക്രമണത്തിനു മുതിര്‍ന്നില്ല. സ്വന്തം വലയില്‍ ഗോള്‍ വീഴും വരെ ബല്‍ജിയത്തിന്റെ കാലുകളിലായിരുന്നു കളി. പക്ഷേ, ലോകകപ്പില്‍ ഇതുവരെ ഫ്രാന്‍സ് പ്രദര്‍ശിപ്പിച്ച സെറ്റ്പീസ് വൈദഗ്ധ്യം പ്രകടമായ ഗോളില്‍ ബല്‍ജിയത്തിനു ചുവടുതെറ്റി. ഉംറ്റിറ്റിയെ മാര്‍ക്ക് ചെയ്ത മൗറോന്‍ ഫെല്ലിനിയുടെ പിഴവില്‍നിന്നു കൂടിയായിരുന്നു ഗോള്‍. എന്നാല്‍, പ്രീക്വാര്‍ട്ടറില്‍ രണ്ടു ഗോളിനു പിന്നില്‍നിന്നശേഷം ജപ്പാനെ മൂന്നു ഗോളടിച്ചു വീഴ്ത്തിയ ആവേശത്തോടെ പൊരുതിയ ബല്‍ജിയത്തെ, ഫ്രാന്‍സ് താരങ്ങള്‍ ഒന്നാകെ സ്വന്തം പകുതിയിലേക്കിറങ്ങി പ്രതിരോധിച്ചു.