മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാത്തത് തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളത് കൊണ്ട്; വത്തിക്കാനിലേക്ക് കടക്കാന്‍ ശ്രമിച്ചിട്ടില്ല; അന്വേഷണത്തോട് സഹകരിക്കും; നിരപരാധിത്വം തെളിയിക്കും: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍
ലന്ധര്‍: താന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കാത്തത് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലെന്ന് പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. വത്തിക്കാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്നും ജലന്ധറില്‍ ഒളിച്ച് താമസിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ പോലീസ് ഇതുവരെ തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല. അന്വേഷണസംഘം ജലന്ധറില്‍ എത്തിയാല്‍ അവരോട് പൂര്‍ണമായും സഹകരിക്കും. ഈ ആരോപണം സംബന്ധിച്ച സത്യാവസ്ഥ പുറത്ത് കൊണ്ടുവരികയെന്നത് തന്റെ കൂടി ഉത്തരവാദിത്വമാണ്. ഞാന്‍ നിരപരാധിയാണെന്ന് ഞാന്‍ പറഞ്ഞാല്‍ പോരെന്നും അത് തെളിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
2016ല്‍ ഇപ്പോഴത്തെ മദര്‍ സുപ്പീരിയറിന് ആരോപണം ഉന്നയിച്ച സിസ്റ്ററിനെ കുറിച്ച് മറ്റൊരു സ്ത്രീ പരാതി നല്‍കിയിരുന്നു. തന്റെ കുടുംബം നശിപ്പിക്കാന്‍ സിസ്റ്റര്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആ കന്യാസ്ത്രീക്കെതിരേയുണ്ടായിരുന്ന ആരോപണം. വൈദ്യപരിശോധനയുടെ ഫലം ഈ ആരോപണം ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പീഡനം നടന്നുവെന്ന് ആരോപിക്കുന്ന 2014 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നു. തന്റെ 25ാമത് പൗരോഹിത്യ ജൂബിലിയിലും, 2016 നവംബറില്‍ എന്റെ അമ്മ മരിച്ചപ്പോഴും കന്യാസ്ത്രീ പങ്കെടുത്തിരുന്നു. ആരോപണത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ അവര്‍ ഈ പരിപാടികളില്‍ പങ്കെടുക്കുമായിരുന്നോയെന്ന ബിഷപ്പ് ചോദിച്ചു.
ആരോപണത്തിന് പിന്നില്‍ ഗുഢാലോചന നടന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നും സഭയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്ന് കരുതുന്നില്ല. ഇന്ത്യയിലെ കത്തോലിക്കാ സഭകള്‍ വളരെ ഐക്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സഭയ്ക്കുള്ളില്‍ പ്രശ്ങ്ങള്‍ ഉണ്ടെന്നുള്ളത് കെട്ടിചമച്ച കഥ മാത്രമാണെന്നും ബിഷപ് പറഞ്ഞു.
തനിക്കെതിരേ വധഭീഷണിയുണ്ടെന്ന് കാണിച്ച് പഞ്ചാബിലും കേരളത്തിലും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പേര് പരാമര്‍ശിച്ചിട്ടുള്ള സിസ്റ്റര്‍മാരാണ് കേരളത്തിലെത്തി തനിക്കെതിരേ മൊഴി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് പോലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയണമെന്നാണ് കത്തോലിക്കാ സഭയുടെ നിലപാടെന്നും അദ്ദേഹം അറിയിച്ചു.
ബിഷപ്പ് പദവിയില്‍നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ താന്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അത് എല്ലാം സഭയുടെ തീരുമാനത്തിന് വിടുന്നതായും അദ്ദേഹം പറഞ്ഞു. കേരളാ പോലീസിന്റെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന് കൂട്ടിച്ചേര്‍ത്തു.