ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീംകോടതി; അറസ്റ്റ് ചെയ്തത് ഉന്നത പദവിയിലിരുന്ന ശാസ്ത്രജ്ഞനെ; ചാരക്കേസ് ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിബിഐ
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീംകോടതി. സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ഉന്നത പദവിയിലിരുന്ന ശാസ്ത്രജ്ഞനെയാണ് എന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിന്റെ പരാമര്‍ശം. നമ്പി നാരായണന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വാദം തുടരുകയാണ്.
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. കസ്റ്റഡി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും സിബിഐ ഉന്നയിച്ചു. നഷ്ടപരിഹാരം നല്‍കേണ്ടത് ആരാണെന്ന് കോടതി ചോദിച്ചു. തങ്ങളല്ല നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് സിബിഐ പറഞ്ഞു.
കേസ് വിധി പറയാന്‍ മാറ്റി.
സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് നേരത്തെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം പോരേയെന്ന് കോടതി ചോദിച്ചിരുന്നു.
ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യമില്ല. നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ആദ്യം നഷ്ടപരിഹാരം നല്‍കട്ടേയെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിന്നീട് തുക ഈടാക്കാമെന്നും സുപ്രീംകോടതി നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ നിരീക്ഷിച്ചിരുന്നു.
ഐഎസ്ആര്‍ഒ ചാരക്കേസ് നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാമെന്ന് സിബിഐ സുപ്രീംകോടതില്‍ നിലപാട് അറിച്ചിരുന്നു. നമ്പി നാരായണനെ കേസില്‍ കുരുക്കി പീഡിപ്പിച്ചുവെന്നും കസ്റ്റഡി പീഡനം നടന്നുവെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.
ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വീട് വിറ്റായാലും ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ട. എസ്പിമാരായ കെ.കെ.ജോഷ്വ, എസ്. വിജയന് എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ശാസ്ത്രജ്ഞന് നമ്പി നാരായണന് നല്കിയ ഹര്‍ജിയിലാണ് വാദം കേട്ടത്.
1994 നവംബര്‍ 30നാണ് നമ്പി നാരായണന് ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിന്റെ പേരിലുള്ള കേസ് തെറ്റാണെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട് നല്‍കുകയും കോടതി അതംഗീകരിക്കുകയും ചെയ്തു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.