പഞ്ചായത്തില്‍ മുങ്ങി ഹൈക്കോടതിയില്‍ പൊങ്ങി എം.എല്‍.എയുടെ ഭാര്യാപിതാവ്
മലപ്പുറം : പി.വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണപൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച എം.എല്‍.എയുടെ ഭാര്യാ പിതാവ് സി.കെ അബ്ദുല്ലത്തീഫ് തടയണക്ക് കുറുകെ നിര്‍മ്മിച്ച റോപ് വേ പൊളിക്കാനുള്ള പഞ്ചായത്ത് നോട്ടീസ് കൈപ്പറ്റാതെ മുങ്ങിനടക്കുന്നതായി മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ തദ്ദേശ സ്വയം ഭരണമന്ത്രി കെ.ടി ജലീലിന് റിപ്പോര്‍ട്ട് നല്കി. അതീവ ഗുരുതരമായ നിയമലംഘനത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരു നടപടിക്കും മന്ത്രി ജലീല്‍ നിര്‍ദ്ദേശം നല്‍കിയില്ല.
നിലമ്പൂര്‍ സ്വദേശി എം.പി വിനോദാണ് ചീങ്കണ്ണിപ്പാലിയില്‍ അനധികൃത തടയണക്കുകുറുകെ നിയമവിരുദ്ധമായി റോപ് വേ നിര്‍മ്മിക്കുന്നതായി 2017 മെയ് 18ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്. മലയിടിച്ച് വനത്തിലേക്കൊഴുകുന്ന കാട്ടരുവിയില്‍ കെട്ടിയ തടയണപൊളിക്കാന്‍ 2015ല്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു.
പി.വി അന്‍വര്‍ വില്പനക്കരാര് വഴി സ്ഥലം കൈവശപ്പെടുത്തിയാണ് മലയിടിച്ച് കാട്ടരുവിയില്‍ തടയണകെട്ടിയത്. ഇത് പൊളിക്കാനുള്ള നടപടിയുണ്ടായപ്പോള്‍ സ്ഥലം ഭാര്യാ പിതാവ് സി.കെ അബ്ദുല്‍ ലത്തീഫിന്റെ പേരിലേക്ക് 2016ല്‍ മാറ്റി. തുടര്‍ന്ന് റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാന്‍ പഞ്ചായത്തില്‍ നിന്നും ബില്‍ഡിങ് പെര്‍മിറ്റ് വാങ്ങിയശേഷം റോപ് വേ പണിയുകയായിരുന്നു.
പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കാതിരുന്നപ്പോള്‍ 2017 ആഗസ്റ്റ് മൂന്നിന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിനു പരാതി നല്കി. ഈ പരാതിയിലാണ് മന്ത്രി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അനധികൃതമായി നിര്‍മ്മിച്ച ബണ്ട്, കോണ്‍ക്രീറ്റ് പില്ലര്‍, റോപ് വേക്കുവേണ്ടിയുള്ള സ്ട്രക്ചര്‍ എന്നിവ പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് സെക്രട്ടറി സി.കെ അബ്ദുല്ലത്തീഫ് രജിസ്ട്രര്‍ നോട്ടീസ് നല്കി.
കൈപ്പറ്റാതെ തിരികെ വന്നപ്പോള്‍ സ്ഥലത്ത് നോട്ടീസ് പതിച്ചു. എന്നിട്ടും റോപ് വേ പൊളിക്കാതിരുന്നപ്പോള് 16-12-2017ന് ഒരു നോട്ടീസുകൂടി രജിസ്റ്റര്‍ ചെയ്ത് അയച്ചു. ഈ നോട്ടീസ് മേല്‍വിലാസക്കാരനെ അറിയില്ല എന്ന കുറിപ്പോടെ 3-1-2018ന് തിരികെ ലഭിച്ചു.
അതേ സമയം സി.കെ അബ്ദുല്ലത്തീഫ് 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കളക്ടര്‍ ഇറക്കിയ തടയണപൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ ഇതേ മേല്‍വിലാസംവച്ച് ഡിസംബര്‍ 15ന് ഹൈക്കോടതിയെ സമീപിച്ചു. തടയണപൊളിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിസംബര്‍ 20തിന് സ്റ്റേ ഉത്തരവിറക്കി.
ഏഴു മാസം കഴിഞ്ഞിട്ടും സ്റ്റേ ഉത്തരവ് നീക്കി മലപ്പുറം കളക്ടറുടെ ഉത്തരവു നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല. ഒടുവില്‍ പരാതിക്കാരന് തന്നെ കളക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.
പി.വി അന്‍വര്‍ എം.എല്‍.എയും രണ്ടാം ഭാര്യ ഹഫ്സത്തും പാര്ടണര്മാരായാണ് കക്കാടംപൊയിലില്‍ വാട്ടര്‍തീം പാര്‍ക്ക് പണിതത്. ഭാര്യാ പിതാവായ അബ്ദുല്ലത്തീഫിന്റെ മേല്‍വിലാസത്തിലെ താമസക്കാരനായി കാണിച്ചാണ് പാര്‍ക്കിന്റെ താല്‍ക്കാലിക ലൈസന്‍സ് നേടിയത്.
അതേസമയം ഈ നിയമലംഘനങ്ങള്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ റവന്യൂ വകുപ്പോ സര്‍ക്കാരോ ഇതുവരെ ശ്രമിച്ചിട്ടുമില്ല. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ മന്ത്രി കെ.ടി ജലീലും അന്‍വറിന് സംരക്ഷണകവചമൊരുക്കുകയാണ്.