തായ്ലന്റിലെ രക്ഷാപ്രവർത്തകരുടെ വിഡിയോ കണ്ടാൽ പറഞ്ഞു പോകും ആ കുട്ടികൾക്ക് ഒന്നും സംഭവിക്കരുതേ...
പതിനഞ്ച് ദിവസങ്ങളായി ലോകം പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു.. ഈ കുട്ടികൾക്കായി.. ഫുട്ബോളിന്റെ ആരവങ്ങൾക്കിടയിലും കാൽപ്പന്തുകളിയെ സ്നേഹിക്കുന്ന ഈ കുട്ടികളെയും അവരുടെ കോച്ചിനെയും ആരും മറന്നില്ല. കഴിഞ്ഞ പതിഞ്ച് ദിവസങ്ങളായി മരണത്തിന്റെ ഗുഹാമുഖത്ത് ഭയപ്പാതെ നിൽക്കുകയായിരുന്ന കുട്ടികളിൽ നാലു പേരെ രക്ഷപ്പെടുത്തിയെന്ന ആശ്വാസവാർത്തയെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.. ഇനിയും ശേഷിക്കുന്ന എട്ടുപേർക്കായി രക്ഷാപ്രവർത്തകർ ആ ഗുഹയിലുണ്ട്. അവർക്കും സുരക്ഷിതമായി രക്ഷപെടാനാകുമെന്ന വിശ്വാസത്തിലാണെല്ലാവരും.
കഴിഞ്ഞ ജൂൺ 23ന് തായ്ലൻഡിലെ ഗുഹയിൽ കുട്ടികൾ അകപ്പെടുന്നത്. അന്നേദിവസം വൈകിട്ടാണ് ഫുട്ബോൾ പരിശീലനത്തിനു ശേഷം ഉത്തര തായ്ലൻഡിലെ ചിയാങ് റായ് മേഖലയിലുള്ള താം ലുവാങ് ഗുഹയ്ക്കുള്ളിൽ ഇവർ കയറിയത്. കൗമാരക്കാരായ 12 കുട്ടികളും അവരുടെ 25 വയസുള്ള കോച്ചും അടങ്ങുന്ന സംഘമാണ് വിനോദയാത്രയെന്ന പോലെ ആവേശത്തോടെ ഗുഹ കാണാൻ പോയത്. ഇവർ ഉള്ളിൽ കയറിയ ഉടൻ മഴ പെയ്തതിനെത്തുടർന്നാണ് കുട്ടികളും കോച്ചും അകത്തു കുടുങ്ങിയത്. പത്താം ദിവസമാണ് ഗുഹയുടെ നാലു കിലോമീറ്റർ ഉള്ളിൽ ഇവരെ കണ്ടെത്തിയത്.
90 നീന്തൽ വിദഗ്ധരടങ്ങുന്ന സംഘമാണ് കുട്ടികളെ രക്ഷിക്കാനായി ഗുഹയ്ക്കുള്ളിലെത്തിയത്. ഈ പ്രത്യേകസംഘത്തിൽ 50 പേർ തായ് നാവികസേനാംഗങ്ങളും 40 പേർ വിദേശികളുമാണ്. ഇന്നലെ രാത്രിയോടെയാണ് നാലു കുട്ടികളെയും ഗുഹയ്ക്കുള്ളിൽ നിന്നു രക്ഷപ്പെടുത്തിയത്. അടിയൊഴുക്കും ആഴമുള്ള ചെളിക്കുണ്ടുകളും വെള്ളക്കെട്ടുകളും മാത്രമല്ല ചില ഇടങ്ങളിൽ ഒരാൾക്ക് പോലും നേരെ ചൊവ്വേ നടന്നുപോകാനാകില്ല. ഈ ദുഷ്കരമായ പാതയിലൂടെയാണ് അതിസാഹസികമായി രക്ഷാപ്രവർത്തകർ നാലു കുട്ടികളെ സുരക്ഷിതമായി ഗുഹയ്ക്ക് പുറത്തെത്തിച്ചത്.
ഇരുട്ടു മാത്രമുള്ള ഇടുങ്ങിയ പാതകളിലൂടെ വേഗത്തിൽ നടന്നു നീങ്ങാനാകില്ല. ചെളി നിറഞ്ഞിരിക്കുന്നതിനാൽ വീതിയേറിയ ഇടമാണെങ്കിലും വേഗത്തിൽ നടക്കാനാകില്ല. ഇങ്ങനെ ദുർഘടങ്ങൾ ഏറെയായിരുന്നു. ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഓക്സിജൻ സിലിണ്ടർ മാറ്റിയതിനു ശേഷം മാത്രമേ ചില ഇടുങ്ങിയ പാതയിലൂടെ നടക്കാനായൊള്ളൂ.
കുട്ടികൾ ഗുഹയിലകപ്പെട്ട ശേഷം ഇവിടെ ജലനിരപ്പ് ഏറ്റവും താഴ്ന്നത് ഇന്നലെയായിരുന്നു. ഇനിയും കാത്തിരുന്നാൽ മഴ ശക്തമാകുകയും കുട്ടികളുടെ നില അപകടത്തിലാകുകയും ചെയ്യുമെന്ന ഭീതിയിലായിരുന്നു എല്ലാവരും. ആ ഭീതിയൊഴിഞ്ഞു. നാലു കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചതോടെ പ്രതീക്ഷയിലാണ് എല്ലാവരും.
പാറയിടുക്കിലൂടെ നുഴഞ്ഞും ഗുഹയ്ക്കുള്ളിലെ ചെളി നിറഞ്ഞ വെള്ളത്തിലൂടെ നീന്തിയും പാറക്കല്ലുകൾക്ക് മുകളിലൂടെ നിരങ്ങിയും ഉയരത്തിലുള്ള പാറക്കെട്ടിൽ നിന്ന് കയറിൽ തൂങ്ങിയുമൊക്കെ അതിസാഹസികമായാണ് നീന്തൽ വിദഗ്ധരുടെ രക്ഷാപ്രവർത്തനം. രക്ഷാപ്രവർത്തകർ എത്രയേറെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നു ഈ വിഡിയോ കാണിച്ചു തരുന്നുണ്ട്.
ഇന്നലെ രാത്രി കനത്ത മഴ പെയ്തിട്ടും രക്ഷാപ്രവർത്തകർ അവരുടെ ഉദ്യമത്തിൽ നിന്നു പിൻമാറിയിട്ടില്ല. വെള്ളം ഗുഹയ്ക്കുള്ളിൽ നിന്നു പുറത്തേക്ക് ഇപ്പോഴും പമ്പ് ചെയ്തു കളയുന്നുണ്ട്. കനത്ത മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നു പറയുന്നു രക്ഷാപ്രവർത്തനത്തിന്റെ ഏകോപനചുമതലയുള്ള ഉദ്യോഗസ്ഥൻ നരോങ് സാക്ക് ഒസാട്ടനകൊൺ.