സംഗീതം കേൾക്കുന്നവർ നാഷണൽ വേസ്റ്റ് ആണെന്ന് മുജാഹിദ് ബാലുശേരി
സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കും മതസ്പർദ പരത്തുന്ന പ്രസംഗങ്ങൾക്കും പിന്നാലെ കലാകാരൻമാരെ അധിക്ഷേപിക്കുന്ന പ്രസംഗവുമായി മുജാഹിദ് ബാലുശേരി. നിരന്തരമായ സംഗീതം കേൾക്കുന്നവർ നാടിനും സമൂഹത്തിനും നാഷണൽ വേസ്റ്റാണെന്നു പറയുന്നു മുജാഹിദ് ബാലുശേരി. മാനവചരിത്രത്തിൽ മനുഷ്യർക്ക് ഇത്രയേറെ ഉപദ്രവം ചെയ്ത സംഗതിയാണ് സംഗീതം. സംഗീതം പോലെ മനുഷ്യനെ നശിപ്പിച്ച വൃത്തിക്കെട്ട ഒരേർപ്പാട് ലോകത്ത് വേറെയില്ലെന്നും അദ്ദേഹം. ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ മുജാഹിദ് ബാലുശേരിയുടെ പ്രസംഗത്തിന്റെ വിഡിയോ പ്രചരിക്കുന്നുണ്ട്. എന്നാലെവിടെ നിന്നാണ് ഇദ്ദേഹം കലാകാരൻമാരെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസംഗിക്കുന്നതെന്നതു വ്യക്തമല്ല.
ഇസ്ലാമിൽ സംഗീതവും ഡാൻസും വിലക്കിയതിനു കാരണങ്ങളുണ്ടെന്നു ഇദ്ദേഹം പറയുന്നു. സംഗീതവും നൃത്തവും മനുഷ്യന് ഒരു ഉപകാരമിലാത്ത സാധനങ്ങളാണ്. അതുകൊണ്ടാണ് ഇവ ഇസ്ലാമിൽ നിരോധിച്ചിരിക്കുന്നത്. അതേക്കുറിച്ച് വിശദമായി തന്നെ ബാലുശേരി പ്രസംഗത്തിൽ വ്യക്തമാക്കുന്നുമുണ്ട്. "മാനവചരിത്രത്തിൽ ഇത്രയേറെ മനുഷ്യർക്ക് ഉപദ്രവം ചെയ്ത സംഗതി വേറെയില്ല. സംഗീതത്തെ പോലെ മനുഷ്യനെ നശിപ്പിച്ച വൃത്തിക്കെട്ട ഒരേർപ്പാട് ലോകത്തില്ല. നിങ്ങൾ ആലോചിച്ചു നോക്കൂ, ഞാൻ ഒരു സ്ഥലത്ത് വന്നിട്ട്, കഴുത്തിലൂടെ ചെണ്ട തൂക്കി ഡും ഡും ഡും എന്നു മുട്ടി, മുപ്പത് മിനിറ്റോളം, അതൊക്കെ കേട്ട് ആരെങ്കിലും അമ്മ ഇങ്ങട് വരീ എന്നു പറഞ്ഞു കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുമോ, എന്റെ അമ്മയോട് ഞാൻ എന്തൊക്കെയോ തെറ്റ് ചെയ്തു പോയിട്ടുണ്ടെന്നു പറയുമോ, അരമണിക്കൂർ ഡും ഡും കേട്ട് ഞാൻ നന്നായി എന്ന് ആരെങ്കിലും പറയുമോ" മുജാഹിദ് ബാലുശേരി പറയുന്നു.
എന്നാൽ തന്റെ മതപ്രസംഗം കേട്ട് പലരും നന്നായെന്നാണ് മുജാഹിദ് ബാലുശേരി അവകാശപ്പെടുന്നത്. അറവുകാട് ക്ഷേത്രത്തിന്റെ അകത്ത് കയറി പ്രസംഗിച്ചതിനൊടുവിൽ ഒരമ്മ ഓടി വന്നു എന്റെ കാറിലേക്ക് കയറിയിട്ടു പറഞ്ഞു, മോനേ ഇനി ഞാൻ നിന്റെ കൂടെയാണ് ജീവിക്കുന്നതെന്നു പറഞ്ഞു. തന്റെ മതപ്രസംഗത്തിലൂടെ നന്നായ ഒരു മകനെക്കുറിച്ചും ഇയാൾ പ്രസംഗത്തിനിടെ പറയുന്നുണ്ട്. തന്റെ പ്രസംഗം കേട്ടാണ് അമ്മയുടെ വലിപ്പം എനിക്ക് മനസിലായതെന്നു ആ യുവാവ് തന്നോട് പറഞ്ഞുവെന്നാണ് ബാലുശേരിയുടെ അവകാശവാദം.
പ്രസംഗത്തിനിടെ യേശുദാസിന്റെ സംഗീതത്തെയും അവഹേളിക്കുന്ന തരത്തിൽ ഇയാൾ സംസാരിക്കുന്നുണ്ട്. 80 വയസായ യേശുദാസിന്റെ പാട്ട് കേട്ട് ഏതെങ്കിലും മകൻ ചെന്ന് നിങ്ങളുടെ പാട്ട് കേട്ട് ഞാൻ നന്നായെന്നു പറഞ്ഞിട്ടുണ്ടോയെന്നു ബാലുശേരി ചോദിക്കുന്നു. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ ഉള്ളം കൈയിൽ നിന്നു രോമം ഞാൻ പറിക്കുമെന്നും ബാലുശേരി. ജീവിതത്തിലൊരിക്കലും സംഗീതം കേട്ടിട്ടില്ലെങ്കിൽ നന്നാകും. എന്നാൽ സംഗീതം കേൾക്കുന്തോറും ഒന്നിനും കൊള്ളരുതാത്തവനാവും. നിരന്തരമായി സംഗീതം കേൾക്കുന്നവൻ നാടിനും സമൂഹത്തിനും നാഷണൽ വേസ്റ്റ് ആണെന്നും അവരെ അമ്മയ്ക്ക് ഒരു മത്തി വാങ്ങാൻ പോലും കിട്ടില്ലെന്നും മുജാഹിദ് ബാലുശേരി പരിഹസിക്കുന്നു.
പങ്കജ് ഉദാസിന്റെ ഗസല്‍ കേട്ടിട്ട് ആരെങ്കിലും ഇനി അമ്മയെ തല്ലില്ലാന്ന് പറയുമോ എന്നും ഇദ്ദേഹം ചോദിക്കുന്നു. ഇസ്ലാം എന്ത് കൊണ്ട് ഡാന്‍സ് വിലക്കിയെന്നറിയാമോ? പെണ്ണിന്റെ ഡാന്‍സ് കാണുന്ന പുരുഷന് അവളെ ചുറ്റിപ്പറ്റി നില്‍ക്കാനേ തോന്നൂവെന്നും ബാലുശേരി. സമൂഹമാധ്യമങ്ങളില്‍ ഈ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടൻ രാജേഷ് ശർമയുൾപ്പടെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായ പലരും ബാലുശേരിയുടെ വിഡിയോ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.