പൊലീസിന്റെ മൂക്കിന് താഴെ സെബാസ്റ്റ്യൻ; കേരളാ പൊലീസിനിത് വലിയ നാണക്കേട്
കൊച്ചി: ആലപ്പുഴയിലെ പ്രമാദമായ ബിന്ദു തിരോധാനക്കേസിലെ മുഖ്യപ്രതി പിടികിട്ടാപ്പുള്ളിയായ സെബാസ്റ്റ്യൻ കൊച്ചിയിൽ. നാളുകളായി പൊലീസിനെ വെട്ടിച്ചു കഴിഞ്ഞ സെബാസ്റ്റ്യൻ ജാമ്യം തേടിയാണ് കൊച്ചിയിലെത്തിയത്. സെബാസ്റ്റ്യന് വേണ്ടി കേരളമാകെ പൊലീസ് വലവീശിയിരിക്കുമ്പോഴാണ് ഇയാൾ കൊച്ചി (തോപ്പുംപടി) ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിയത്. സെബാസ്റ്റ്യനെ കണ്ടെത്താൻ പൊലീസ് പരക്കം പാച്ചിൽ നടത്തുകയാണ്.
ബിന്ദുവിനെ കാണാതായ സംഭവത്തിലെ മുഖ്യപ്രതിയാണ് സെബാസ്റ്റ്യൻ. ഒളിവിൽ കഴിയുകയായിരുന്ന സെബാസ്റ്റ്യനെ പൊലീസിന് പിടികൂടാനായിരുന്നില്ല. എന്നാൽ ജാമ്യം തേടിയെത്തിയ സെബാസ്റ്റ്യാന്റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് പരിഗണിച്ചില്ല. ഇതേതുടർന്ന് സെബാസ്റ്റ്യൻ പൊലീസിന് കീഴടങ്ങാനുള്ള ശ്രമത്തിലാണ്. എന്നാൽ എറണാകുളത്ത് കമ്മിഷണർ ഓഫിസിൽ കീഴടങ്ങാനെത്തിയ സെബാസ്റ്റ്യനെ ഷാഡോ പൊലീസ് ഓടിച്ചിട്ടു പിടികൂടിയെന്നു വരുത്തിതീർക്കാനുള്ള ശ്രമത്തിലാണെന്നു സൂചനകളുണ്ട്.
വ്യാജ മുക്താർ ചമച്ച് കടക്കരപ്പള്ളി സ്വദ്വേശിയായ ബിന്ദു പദ്മനാഭന്റെ വസ്തു തട്ടിയെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് പള്ളിപ്പുറം പഞ്ചായത്തിലെ ചങ്ങത്തറ സെബാസ്റ്റ്യൻ. ഒളിവിലായിരുന്ന സെബാസ്റ്റ്യനെ തേടി പൊലീസ് പരക്കം പായുകയാണ്. കഴിഞ്ഞ 12 വരെ ചേർത്തലയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നു ഇയാൾ. പിന്നീട് തൊടുപുഴയിലെ സഹോദരിയുടെ ബന്ധുവീട്ടിലും ഒളിവിൽ കഴിഞ്ഞു. എന്നാൽ പൊലീസിന് ഇയാളെ പിടികൂടാനായില്ല.
രണ്ട് ഡിവഎൈസ്പിമാരുടെ നേതൃത്വത്തിൽ വൻപൊലീസാണ് ചെറിയ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തും പുറത്തും തിരച്ചിൽ നടത്തുന്നത്. ഏതെങ്കിലും കോടതിയിൽ കീഴടങ്ങുമെന്ന സൂചനയെ തുടർന്ന് പൊലീസ് കോടതികളിൽ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും തോപ്പുംപടി കോടതി പരിസരത്ത് നിന്ന് സെബാസ്റ്റ്യനെ കണ്ടെത്താൻ പൊലീസിനായില്ല.
59കാരനായ സെബാസ്റ്റ്യാൻ അമ്മാവൻ എന്ന പേരിലാണ് നാട്ടിൽ അറിയപ്പെടുന്നത്. ഇയാളുടെ ചെറുതും വലുതുമായ നിരവധി തട്ടിപ്പുകൾക്ക് പള്ളിപ്പുറംകാർ ഇരയായിട്ടുണ്ട്. സ്വന്തം നാട്ടിൽ മാത്രമല്ല ചേർത്തലയിലും എറണാകുളത്തുമെല്ലാം സെബാസ്റ്റ്യൻ പല തട്ടിപ്പുകളും നടത്തിയിട്ടുണ്ട്. 18ാം വയസിൽ സ്വന്തം ഇടവക പള്ളിയിലെ മോട്ടോർ മോഷ്ടിച്ചാണ് സെബാസ്റ്റ്യന്റെ മോഷണജീവിതം ആരംഭിക്കുന്നത്. ഇതു നാട്ടുകാർ പിടികൂടിയതോടെ കുറച്ചുകാലം നാട്ടിൽന നിന്നു മാറിനിന്നു.
36-ാം വയസിൽ ഡ്രൈവിങ് ലൈസൻസ് നേടി ടാക്സി ഡ്രൈവറായി. തുടർന്ന് കട്ടച്ചിറയിലെ ഒരു വീടുമായി അടുത്ത ബന്ധം സ്ഥാപിച്ച അമ്മാവൻ അവരുടെ വിശ്വസ്തനായി. അവരുടെ രണ്ട് ലോറികളുടെയും ചുമതല ഇയാൾ ഏറ്റെടുത്തു. കടം കയറിയതിനെ തുടർന്ന് കട്ടച്ചിറയിലെ വീട്ടുടമ വിഷം കഴിച്ച് മരിച്ചു. തുടർന്ന് കുടുംബത്തിന് തണലായി നിന്ന് അവരുടെ പണവും ലോറിയുമുൾപ്പെടെ സ്വന്തമാക്കി അമ്മാവൻ കടന്നു കളയുകയായിരുന്നു.
2002 അവസാന ഘട്ടത്തിലാണ് ബിന്ദു ഇയാളുടെ വലയിലാകുന്നത്. ഡ്രൈവറായ സെബാസ്റ്റ്യൻ തന്റെ തട്ടിപ്പിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനായി വസ്തു ഇടനിലക്കാരന്റെ റോൾകൂടി ഏറ്റെടുത്തു. സഹായിയായി ചേർത്തലയിലെ ഒരു ആധാരമെഴുത്തുകാരനും കൂടി. ബിന്ദുവിന്റെ പിതാവ് പദ്മനാഭ പിള്ളയുടെ പേരിൽ 2002 സെപ്തംബർ 22ന് വിൽപത്രം തയാറാക്കി ആ കുടുംബത്തിന്റെ മുഴുവൻ വസ്തുവും വിൽപ്പന നടത്തി. ഇടനിലക്കാരൻ സെബാസ്റ്റ്യനായിരുന്നു. ഈ പണമുപയോഗിച്ചാണ് ബിന്ദു ഇടപ്പള്ളിയിലുൾപ്പെടെ സ്ഥലം വാങ്ങിയത്. ഇതിനിടെ 2005 നവംബർ വരെ ചേർത്തല സബ് ട്രഷറിയിൽ നിന്ന് ബിന്ദുവിന്റെ പേരിലുള്ള പെൻഷൻ വാങ്ങാൻ എത്തിയിരുന്നതായും രേഖകൾ ഉണ്ട്.
2008 ന് മുമ്പ് ബിന്ദുവിനെ കൊലചെയ്യപ്പെട്ടുവെന്നാണ് നിഗമനം. ബിന്ദുവിന്റെയും സെബാസ്റ്റ്യന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാവേലിക്കര എണ്ണയ്ക്കാട് സഹകരണ ബാങ്കിൽ ബിന്ദുവിന് അക്കൗണ്ട് ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചേർത്തലയിലെ പൊതുമേഖല ബാങ്കിൽ സെബാസ്റ്റ്യനും അക്കൗണ്ടുണ്ട്. ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും അന്വേഷണത്തിലാണ്.