ബിഷപ്പിന്റെ ഉപദ്രവം മൂലം 18 പേര് ശിരോവസ്ത്രം ഉപേക്ഷിച്ചു; അഞ്ച് മഠങ്ങള്‍ പൂട്ടുന്നതിലേക്കുവരെ കാര്യങ്ങളെത്തി; ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക ആരോപണത്തില്‍ റിപ്പോര്‍ട്ട് തേടി വത്തിക്കാന്‍
കോട്ടയം: ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം സംബന്ധിച്ച് വത്തിക്കാന്‍ റിപ്പോര്‍ട്ട് തേടി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ജംബസ്തി ദ്വ ദിഗ് വാദ്രേയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പുമാരുടെ സമതി സിസിബിഐ റിപ്പോര്‍ട്ട് വത്തിക്കാന്‍ സ്ഥാനപതിക്ക് കൈമാറി. അന്വേഷണം പൂര്‍ത്തിയാകുന്ന വരെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ലത്തീന്‍ അല്മായ നേതാക്കള്‍ സിസിബിഐക്കും വത്തിക്കാന്‍ സ്ഥാനപതിക്കും കത്തയച്ചിരുന്നു.
സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതാണ് നിയമ നടപടികളിലേക്ക് നീങ്ങാന്‍ കാരണമെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭാ നേതൃത്വത്തിന് പരാതി നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. പകരം പരാതി സഭയ്ക്കുള്ളില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനക്കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ് ബിഷപ്പ് പൊലീസില്‍ കന്യാസ്ത്രീയ്ക്കും കുടുംബത്തിനുമെതിരെ പരാതി പറഞ്ഞതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കന്യാസ്ത്രീക്കെതിരേ നടപടിയെടുക്കുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തതിലുള്ള വൈരാഗ്യം മൂലം പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍, പീഡനത്തെക്കുറിച്ച് ഒരുവര്‍ഷം മുമ്പേ സഭാ അധികൃതര്‍ക്ക് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നെന്ന് വ്യക്തമായി.
ഭരണതലത്തിലുള്ള ഉന്നതന്റെ നിര്‍ദ്ദേശപ്രകാരം ഐ.പി.എസിലെ ഒരു വിവാദനായകനാണു കേസില്‍ പലതവണ ഇടപെട്ടത്. തെളിവുകള്‍ ശക്തമായതിനാല്‍ പൊലീസ് ബിഷപ്പിനെതിരേ നടപടികളിലേക്കു നീങ്ങുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റേയും ഡിജിപി ലോക്നാഥ് ബെഹ്റയുടേയും അറിവും സമ്മതത്തോടെയുമാണ് നീക്കങ്ങള്‍. ഭരണകക്ഷിയുടെ ദേശീയനേതാവും സംസ്ഥാനനേതാവുമായി ബിഷപ്പിന് അടുപ്പമുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തുടര്‍നടപടികള്‍ വൈകിപ്പിക്കാന്‍ ശക്തമായ സമ്മര്‍ദമുണ്ട്. ജലന്ധര്‍ രൂപതയില്‍നിന്നുള്ള രണ്ടു വൈദികര്‍ ആഴ്ചകളായി കോട്ടയം ജില്ലയില്‍ ഒത്തുതീര്‍പ്പുശ്രമങ്ങളുമായി രംഗത്തുണ്ടായിരുന്നു.
2014 മെയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. പിന്നീട് പലതവണ കുറവിലങ്ങാട്ടെ മഠത്തിന് സമീപത്തെ ഗസ്റ്റ് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ആരോപണം നിഷേധിച്ച ബിഷപ്പ് അച്ചടക്ക നടപടിയെടുത്തതിനുള്ള വൈരാഗ്യമാണ് പരാതിയെന്ന് വ്യക്തമാക്കി. രണ്ടു പരാതികളും ഗൗരവമായാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് തവണ പൊലീസ് ഉദ്യോഗസ്ഥര്‍ മഠത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുക്കാനും പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
2017 ഓഗസ്റ്റില്‍ത്തന്നെ എറണാകുളത്തെ സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. ബംഗളുരുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സി.ബി.സിഐ. സമ്മേളനത്തിനിടെ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും പരാതി നല്കി. മാതാപിതാക്കള്‍, സഹോദരന്, സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണു രണ്ടിടത്തും പരാതി നല്‍കിയത്. വത്തിക്കാന്‍ സ്ഥാനപതി മാര്‍പാപ്പായ്ക്കു പരാതി കൈമാറി. തുടര്‍നടപടികളുടെ ഭാഗമായുള്ള അന്വേഷണം വത്തിക്കാനില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിനെ പുറത്താക്കാന്‍ മാര്‍പ്പാപ്പ ഉടന്‍ തീരുമാനം എടുക്കുമെന്നാണ് സൂചന. മാര്‍ ആലഞ്ചേരിയും പരാതി വത്തിക്കാന്‍ കൈമാറിയിട്ടുണ്ടെന്നാണ് സൂചന. ഈ വിഷയത്തില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ ആലഞ്ചേരിക്ക് കഴിയില്ല. ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ അധ്യക്ഷനാണ്. പീഡനാരോപണം നേരിടുന്ന ബിഷപ്പ് ലത്തിന് കത്തോലിക്കാ സഭയുടെ പ്രതിനിധിയും.
പരാതിക്കാരിക്കൊപ്പം മറ്റു നാലു കന്യാസ്ത്രീകള്‍കൂടി ബിഷപ്പിനെതിരെ ആരോപണം ഉയര്‍ത്തുന്നുണ്ട്. നൂറില്‍ത്താഴെ അംഗങ്ങള്‍ ഉള്‍പ്പെട്ടതാണു ജലന്ധര്‍ രൂപതയ്ക്ക് കീഴിലുള്ള സന്യാസിനീസമൂഹം. ബിഷപ്പിന്റെ ഉപദ്രവം മൂലം ഇവരില്‍ 18 പേര് ശിരോവസ്ത്രം ഉപേക്ഷിച്ചു. അഞ്ചു മഠങ്ങള്‍ പൂട്ടുന്നതിലേക്കുവരെ കാര്യങ്ങളെത്തി. ഇതെല്ലാം വിശദീകരിച്ചാണ് കന്യാസ്ത്രീകള്‍ പരാതി നല്‍കിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ ബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം എന്നിവയ്ക്കാണു ബിഷപ്പിനെതിരേ കേസെടുത്തത്. പരാതി നല്കേണ്ടയിടങ്ങളില് നല്‍കിയെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും കന്യാസ്ത്രീ മാധ്യമങ്ങളോടു പറഞ്ഞു.
കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീ പൊലീസിന് നല്കിയ മൊഴി. 2014 മെയ് മാസം എറണാകുളത്ത് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. പിറ്റേന്നും പീഡനത്തിനിരയാക്കി. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീ മൊഴി നല്കിയിരിക്കുന്നതും. ബിഷപ്പ് കേരളത്തില്‍ താമസത്തിനെത്തുമ്പോള്‍ കുറവിലങ്ങാട് ഗസ്റ്റ് ഹൗസില്‍ എത്തും. ഈ സമയത്തായിരുന്നു പീഡനം. ബിഷപ്പിന്റെ കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. ഇവിടെ ബിഷപ്പ് സ്ഥിരമായി എത്തിയിരുന്നതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.