പുകഞ്ഞ കൊള്ളികള്‍’ പുറത്തു തന്നെ , രാജി അജണ്ടയില്‍ ഇല്ലന്ന് ലാല്‍, പിന്തുണച്ച് മമ്മുട്ടി
കൊച്ചി: നടന് ദിലീപിനെ താരസംഘടന ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ലന്ന് സൂപ്പര്‍ താരങ്ങള്‍.
വിവാദം സംബന്ധിച്ച് മമ്മുട്ടിയുമായും മറ്റു അമ്മ ഭാരവാഹികളുമായും ആശയവിനിമയം നടത്തിയ മോഹന്‍ലാല്‍ വിവാദം കണ്ട് പേടിച്ച് രാജിവയ്ക്കില്ലന്ന് വ്യക്തമാക്കിയതായാണ് സൂചന.
ജയറാം, മുകേഷ്, കെ.ബി.ഗണേഷ് കുമാര്‍ തുടങ്ങിയവരുമായും സീനിയര്‍ താരങ്ങളുമായുമാണ് മോഹന്‍ലാല്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയത്.
മാധ്യമ വാര്‍ത്തകള്‍ക്ക് വഴങ്ങി സംഘടനാ തീരുമാനം മാറ്റാന്‍ നിന്നാല്‍ പിന്നെ അതിനേ നേരമുണ്ടാകൂ എന്നാണ് മെഗാസ്റ്റാര്‍ പ്രതികരിച്ചത്.
സംഘടനയിലെ എല്ലാ പ്രധാന താരങ്ങളോടും ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെ ‘ഹിഡന്‍ അജണ്ട’ സംബന്ധിച്ച് അമ്മ ജനറല്‍ സെക്രട്ടറിയും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
ദിലീപ് സംഘടനയിലേക്ക് തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലന്നും ജനറല്‍ ബോഡിയിലെ പൊതുവികാരത്തിന് അനുസരിച്ച് തീരുമാനം എടുക്കുകയാണ് ചെയ്തതെന്നുമാണ് ഏറെ അടുപ്പമുള്ള ചാനല്‍ മേധാവിയോട് മോഹന്‍ലാല്‍ വ്യക്തമാക്കിയത്.
അതേസമയം സംഘടനയെയും സൂപ്പര്‍സ്റ്റാറുകളെയും പൊതു സമൂഹത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച ഒരു നടിയെ പോലും ഇനി തിരികെ എടുക്കരുതെന്ന നിലപാട് ‘അമ്മ’യിലെ താരങ്ങള്‍ ഒറ്റക്കെട്ടായി സ്വീകരിച്ചിട്ടുണ്ട്.
സിനിമയില്ലാത്തവരാണ് ഇപ്പോള്‍ പുറത്തു പോയിട്ടുള്ളതെന്നും രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ച് അനുകൂല പ്രസ്താവനകള്‍ ഇറക്കിയാല്‍ നിലപാട് മാറ്റാന്‍ ‘അമ്മ’ രാഷ്ട്രീയ പാര്‍ട്ടിയല്ലന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നുമാണ് താരങ്ങളുടെ മുന്നറിയിപ്പ്.
സ്ത്രീകളോട് മോശമായി പെരുമാറിയതിന് പുറത്താക്കിയ നേതാക്കളെ തിരിച്ചെടുത്ത രാഷ്ട്രിയ പാര്‍ട്ടികള്‍ ഇപ്പോള്‍ ‘അമ്മ’യില്‍ സ്ത്രീവിരുദ്ധത കാണുന്നതിനെയും താരങ്ങള്‍ പരിഹസിക്കുന്നു.
ഏത് പാര്‍ട്ടികളിലും സംഘടനകളിലും യോഗത്തില്‍ ഒരു തീരുമാനം ഭൂരിപക്ഷമായി എടുത്താല്‍ പിന്നെ പുറത്ത് ഏതാനും ചിലര്‍ ബഹളം വച്ചാല്‍ തീരുമാനം മാറ്റിയ ചരിത്രമുണ്ടോ എന്നതാണ് ‘അമ്മ’ അംഗങ്ങളുടെ ചോദ്യം.
ഇതിനിടെ അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നാവശ്യപ്പെട്ട് നടി പാര്‍വതിയും, പത്മപ്രിയയും രേവതിയും നല്കിയ കത്ത് പരസ്യമാക്കിയതിലും സംഘടനയ്ക്കകത്ത് രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
അമ്മയ്ക്ക് ഡബ്ല്യുസിസിയിലെ മൂന്ന് നടിമാര്‍ അയച്ച കത്ത്
ശ്രീ .(ഇടവേള)ബാബു
ജനറല്‍ സെക്രട്ടറി
Association of Malayalam Movie Artists
പ്രിയ സര്,
കഴിഞ്ഞ ഇരുപത്തിനാലാം തീയ്യതി നടന്ന AMMAയുടെ ജനറല്‍ ബോഡി യോഗത്തിലെടുത്ത ഒരു തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ക്കുള്ള ആശങ്കയറിയിക്കാനാണ് ഈ കത്തെഴുതുന്നത്. അമ്മയുടെ അംഗമായ സ്ത്രീയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന സംഘടനയില്‍ നിന്നും പുറത്താക്കിയ ഒരു അംഗത്തെ തിരിച്ചെടുക്കാനുള്ള നിര്‍ണ്ണായക തീരുമാനം അന്ന് കൈക്കൊണ്ടിരുന്നുവല്ലൊ. അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഇത്തരമൊരു വിഷയത്തില്‍ യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് സംഘടന തീരുമാനമെടുത്തതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന AMMA യുടെ മുന്‍ നിലപാടിന് വിരുദ്ധമാണ്. ആക്രമണത്തെ അതിജീവിച്ച നടിയും അവളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മറ്റ് മൂന്നംഗങ്ങളും AMMA യില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. അതിനുള്ള കാരണങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വനിതാ അംഗങ്ങളടെ ക്ഷേമത്തിനായി സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊട്ടും ഗുണകരമാവില്ല.
ആക്രമണത്തെ അതിജീവിച്ചിരുന്ന നടിക്ക് പിന്തുണനല്‍കുമെന്ന AMMA യുടെ വാഗ്ദാനം പാലിക്കണമെന്നും അതില്‍ നിന്ന് പുറകോട്ട് പോകരുതെന്നും AMMA യിലെ വനിതാ അംഗങ്ങള്‍ അന്ന നിലക്ക് ഞങ്ങള്‍ ആവശ്യപ്പെടുന്നു, കോടതിയുടെ പരിഗണനയിലുള്ളതും മാധ്യമശ്രദ്ധയിലുള്ളതുമായ ഈ വിഷയത്തില്‍ ജനവികാരം കൂടി ഉയരുന്നുണ്ടെന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
സ്ഥലത്തില്ലാതിരുന്നതിനാലാണ് അന്നത്തെ യോഗത്തില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളുടെ ആശങ്കകള്‍ തീരുമാനമെടുക്കും മുമ്പ് തന്നെ പ്രകടിപ്പിക്കുമായിരുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ പ്ര്ത്യേകയോഗം ചേരാന്‍ സംഘടനയുടെ നിയമാവലി അനുവദിക്കുന്നുണ്ടെന്നാണ് ഭാരവാഹികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അത്തരമൊരു പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കണമെന്നും താഴെ പറയുന്ന വിഷങ്ങള്‍ പുനപ്പരിശോധിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
1. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള AMMA യുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും
2. അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി AMMA സ്വീകരിച്ച നടപടികള്‍
3. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം AMMAയുടെ നിയമാവലി രൂപപ്പെടുത്തുന്നതിനെ കുറിച്ച്
4. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍
കേരളത്തിനു പുറത്തുള്ള ഞങ്ങളുടെ കൂടി സൗകര്യം കണക്കിലെടുത്ത് ജൂലായ് 13 നോ 14 നോ യോഗം വിളിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ഇത്തരമൊരു നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ അംഗങ്ങളുടെയെല്ലാം ഉത്തമ താല്പര്യത്തെ മുന്‍നിര്‍ത്തി സംഘടന ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ
A M M A അംഗങ്ങളായ,
രേവതി ആശാ കേളുണ്ണി
പത്മപ്രിയ ജാനകിരാമന്‍
പാര്‍വതി തിരുവോത്ത്