അമ്മ’ക്കെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്;പ്രതിസ്ഥാനത്ത് നില്ക്കുന്ന ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല; ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്റെ നിലപാട് ഉചിതമല്ല; മഞ്ജു വാര്യര്‍ അഭിപ്രായം പറയാന്‍ ഭയക്കേണ്ടതില്ല
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മലയാള സിനിമാ സംഘടനയില്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതോടെ പ്രശ്നം രൂക്ഷമാകുകയും നാല് നടിമാര്‍ ‘അമ്മ’യില്‍ നിന്ന് രാജി വെക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന് എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. ഇവരുടെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ അമ്മക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് വനിതാ കമ്മീഷന്.
മോഹന്‍ലാലിനോട് മതിപ്പ് കുറഞ്ഞെന്ന് എം.സി.ജോസഫൈന് പറഞ്ഞു. രാജി വിവാദത്തില്‍ അമ്മ നിലപാട് വ്യക്തമാക്കണം. അമ്മയുടെ നടപടി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ പൂര്‍ണ പിന്തുണ നല്കുന്നു. പ്രതിസ്ഥാനത്ത് നില്ക്കുന്ന ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല. ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്റെ നിലപാട് ഉചിതമല്ല. അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്നും ജോസഫൈന് പറഞ്ഞു. മഞ്ജു വാര്യര്‍ നിലപാട് പറയാന്‍ ഭയക്കേണ്ടതില്ലെന്നും ജോസഫൈന് വ്യക്തമാക്കി.
അമ്മയ്ക്കെതിരെ വനിതാകൂട്ടായ്മ തുറന്നടിച്ചതിന് പിന്നാലെയാണ് സംഘടനയെ പൊട്ടിത്തെറിയിലേക്ക് നയിച്ച് നടിമാരുടെ രാജി. ഡബ്ല്യുസിസിയുടെ ഫെയ്ബുക്ക് പേജിലാണ് രാജി പ്രഖ്യാപിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റില്‍ നാല് പേരും രാജിയുടെ കാരണവും വിശദീകരിച്ചിട്ടുണ്ട്.
ദിലീപിനെതിരെ തുറന്നടിച്ചാണ് ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പ്. ‘അമ്മ എന്ന സംഘടനയിൽ നിന്ന് ഞാൻ രാജിവെക്കുകയാണ്. എനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുന്‍പ് ഈ നടൻ എന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ , ഞാൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വെക്കുന്നു’– നടി പറഞ്ഞു.
ഇപ്പോൾ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ലെന്ന് റിമ കുറിച്ചു. ഈ ഒരൊറ്റ പ്രശ്നത്തിന്റെ പേരിലല്ല ഞാൻ ‘അമ്മ’ വിടുന്നത്. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തിൽ ഒത്തുതീർപ്പുകളില്ലാതെ , ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്– റിമ കല്ലിങ്കൽ പറഞ്ഞു.
അമ്മയിൽ നിന്നും രാജി വെക്കുകയാണെന്ന് രമ്യ നമ്പീശന് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് എന്റെ രാജി . ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് . ഞാൻ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു . നീതി പുലരട്ടെ– രമ്യ കുറിച്ചു.
വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇതെന്ന് ഗീതു മോഹന്‍ദാസ് പറഞ്ഞു. അമ്മയക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുൻ നിർവ്വാഹക സമിതി അംഗം എന്ന നിലയിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് . ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും അതനുവദിക്കാൻ കഴിയില്ല . എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീർത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകൾക്കെതിരെ ഞാൻ പുറത്തു നിന്നു പോരാടും– ഗീതു മോഹൻ ദാസ് പറഞ്ഞു.
രാജിവച്ച നാലു വനിതാ താരങ്ങൾക്കു പിന്തുണയുമായി അഭിനേതാക്കളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലും അമ്മയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. നടിയെ ആക്രമിച്ച പശ്ചാത്തലത്തിൽ രൂപമെടുത്ത സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിനെ (ഡബ്ല്യുസിസി) പ്രതിനിധീകരിക്കുന്ന ഇവരുടെ രാജി നേതൃത്വത്തെ സമ്മർദത്തിലാക്കി. കഴിഞ്ഞ ഞായറാഴ്ച നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗമാണ് ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. വിശദീകരണം തേടാതെ പുറത്താക്കിയതു ശരിയല്ലെന്ന ന്യായം പറഞ്ഞായിരുന്നു തീരുമാനം.
‘സ്ത്രീ സൗഹാർദ തൊഴിലിടമായി സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും അമ്മ നടത്തിയിട്ടില്ല. ഡബ്ല്യുസിസി അതിനായി നടത്തിയ ശ്രമങ്ങളെ പരിഹസിക്കുകയാണു ചെയ്തത്. കുറ്റാരോപിതനായ നടനെ പിന്തുണയ്ക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. ജനറൽ ബോഡിയിൽ അജൻഡയിൽ ഇല്ലാതിരുന്ന ഈ വിഷയം ചർച്ചയ്ക്കെടുത്തു നാടകീയമായി തിരിച്ചെടുക്കാൻ തീരുമാനിച്ചതു ഞെട്ടലോടെയാണ് അറിഞ്ഞത്. ഞങ്ങളിൽ ചിലരുടെ രാജി അമ്മയുടെ തീരുമാനം തിരുത്തുന്നതിനു കാരണമാകട്ടെ എന്നാശിക്കുന്നു’- നടിമാർ സംയുക്ത പ്രസ്താനവയിൽ പറയുന്നു.
ഡബ്ല്യുസിസിയുടെ രൂപീകരണത്തിനു മുന്നിലുണ്ടായിരുന്ന മഞ്ജു വാരിയർ, പാർവതി തിരുവോത്ത് തുടങ്ങിയവർ രാജിവയ്ക്കാത്തത് അഭ്യൂഹങ്ങൾ സൃഷ്ടിച്ചു. മഞ്ജു ഡബ്ല്യുസിസി വിട്ടെന്ന വാർത്ത പ്രചരിച്ചെങ്കിലും അടിസ്ഥാന രഹിതമാണെന്നു സംഘടനാ പ്രതിനിധികൾ പ്രതികരിച്ചു. മഞ്ജു ഉൾപ്പെടെയുള്ളവരുമായി ആലോചിച്ചാണു നാലു പേർ മാത്രം രാജിവയ്ക്കാൻ തീരുമാനിച്ചതെന്നാണു സൂചന. ഇന്നസെന്റും ജനറൽ സെക്രട്ടറി മമ്മൂട്ടിയും നയിച്ച ഭരണ സമിതി സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ സ്ഥാനം ഏറ്റെടുത്ത മോഹൻലാലും ഇടവേള ബാബവും നയിക്കുന്ന പുതിയ നേതൃത്വം ഇതു സംബന്ധിച്ചു പ്രതികരിച്ചില്ല.