മത്തി തിരിച്ചുവരുന്നു; അയല കിട്ടാനില്ല: സമുദ്രമത്സ്യ ലഭ്യതയിൽ കേരളത്തിൽ 12% വർധന
കൊച്ചി: സംസ്ഥാനത്തെ സമുദ്രമത്സ്യ ലഭ്യതയിൽ മുൻവർഷത്തെ അപേക്ഷിച്ച് 12% വർധന. മത്സ്യമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകി മത്തിയുടെ തിരിച്ചുവരവ്. ഇന്ത്യക്കാരുടെ ഇഷ്ടവിഭവമായ അയല കിട്ടാക്കനിയായതു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി വൻ തോതിൽ കുറഞ്ഞുവരികയായിരുന്ന മത്തിയുടെ ലഭ്യത മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങ് വർധിച്ചതായാണ് കണ്ടെത്തൽ. 2017 ജനുവരി മുതൽ ഡിസംബർ വരെ ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ച മീനുകളുടെ കണക്ക് അടിസ്ഥാനമാക്കിയാണ് അവലോകനം.
പോയ വർഷം 5.85 ലക്ഷം ടൺ മത്സ്യമാണ് കേരള തീരത്തു നിന്നു പിടിച്ചത്. ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം മത്തി - 1.7 ലക്ഷം ടൺ. 2016ൽ മത്തിയുടെ ലഭ്യത കേവലം 45,000 ടൺ ആയിരുന്നു. 2012നു ശേഷം ഇതാദ്യമാണു മത്തി ലഭ്യതയിൽ ഇത്രയും വർധന.
കേരളത്തിൽ മത്തി കൂടിയപ്പോൾ, ആന്ധ്രയിലും തമിഴ്നാട്ടിലും കുറഞ്ഞു. എന്നാൽ, ദേശീയതലത്തിൽ മത്തി ലഭ്യത 38% കൂടി. (ഇന്ത്യയിൽ ആകെ 3.37 ലക്ഷം ടൺ).
മത്തിയുടെ തിരിച്ചുവരവോടെ ദേശീയ തലത്തിൽ മത്സ്യലഭ്യതയിൽ കേരളം മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു. ഗുജറാത്താണ് തുടർച്ചയായ അഞ്ചാം തവണയും ഒന്നാം സ്ഥാനത്ത്. തമിഴ്നാട് രണ്ടാമത്.
മുൻവർഷത്തെ അപേക്ഷിച്ച് 29 ശതമാനമാണ് അയലയുടെ കുറവ്. മത്തി, ചെമ്മീൻ, തിരിയാൻ, കണവ വിഭാഗങ്ങൾ, കിളിമീൻ എന്നിവയാണ് കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച അഞ്ച് മത്സ്യയിനങ്ങൾ. അയല ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാമ്പാട, ചെമ്മീൻ, കൂന്തൾ, കിളിമീൻ എന്നിവയുടെ ലഭ്യതയും കൂടിയിട്ടുണ്ട്. അയല കൂടാതെ, നെയ്മീൻ, മാന്തൽ, കൊഴുവ, ചെമ്പല്ലി എന്നിവയാണ് കുറഞ്ഞത്.
ദേശീയതലത്തിലും സമുദ്രമത്സ്യ ലഭ്യതയിൽ 5.6 ശതമാനം വർധന. 38.3 ലക്ഷം ടൺ സമുദ്രമത്സ്യമാണ് ഇത്തവണ ഇന്ത്യയിൽ ആകെ ലഭിച്ചത്. 2012നു ശേഷമുള്ള ഏറ്റവും വലിയ അളവാണിത്. തമിഴ്നാട്, കേന്ദ്രഭരണ പ്രദേശങ്ങളായ പോണ്ടിച്ചേരി, ദാമൻ ദിയു എന്നിവിടങ്ങളൊഴികെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും വർധനയുണ്ടായി.
സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ് വിഭാഗമാണ് കണക്കുകൾ തയാറാക്കിയത്. വകുപ്പ് മേധാവി ഡോ ടി.വി. സത്യാനന്ദൻ പഠനഫലങ്ങൾ വിശദീകരിച്ചു.