കഞ്ചിക്കോട് കോച്ച് ഫാക്ടറി : പീയുഷ് ഗോയലിന്റേത് വിടുവായത്തമെന്ന് പിണറായി വിജയന്
കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ കേന്ദ്രം പറയുന്നത് പോലെ സ്ഥലം ഏറ്റെടുക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കേന്ദ്രമന്ത്രി ശ്രമിക്കണമെന്ന് മുഖ്യമന്തി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച വാര്ത്തതെറ്റെന്നും മുഖ്യമന്തി പറഞ്ഞു. കേന്ദ്ര മന്ത്രി ആയതുകൊണ്ട് എന്തും വിളിച്ച് പറയരുതെന്നും വസ്തുതകള്‍ മലസ്സിലാക്കണമെന്നും മുഖ്യമന്ത്രിവ്യക്തമാക്കി. ആകാശത്തുകൂടി ട്രയിന്‍ ഓടിപ്പിക്കാന് പറ്റില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പിയൂഷ് ഗോയലിനെ കാണാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും എംപിമാരുടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകമാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഞ്ചിക്കോട് പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നും കേരളത്തില്‍ ഭൂമിയേറ്റെടുക്കല്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ അഭിപ്രായങ്ങള്‍ പറയും മുമ്പ് കേരളത്തിലെ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം. കഞ്ചിക്കോട് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വെറുതെ പറഞ്ഞാല്‍ പോരെന്നും അധികാരത്തിലെത്തി നാല് വര്‍ഷത്തിനിടയില്‍ പദ്ധതിക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാനും പീയുഷ് ഗോയല്‍ തയ്യാറാകണം ‘ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ വാക്കുകള്‍ കാപട്യമെന്ന് എംബി രാജേഷ് എംപി പറഞ്ഞിരുന്നു. സമാശ്വാസ വാക്കുകളല്ല, സമയബന്ധിതമായ നടപടികളാണ് ആവശ്യം.പ്രതിഷേധം കാരണമാണ് റയില്‍വേ മന്ത്രി നിലപാട് മയപ്പെടുത്തിയതെന്നും രാജേഷ് എംപി പറഞ്ഞു.
കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്രത്തിന്റേത് ചിറ്റമ്മ നയമാണെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞിരുന്നു. വിഷയം റയില്‍വേ കണ്വെന്ഷന് കമ്മിറ്റിയില്‍ ഉന്നയിച്ചു. തല്‍സ്ഥിതി അറിയിക്കാന്‍ കമ്മിറ്റി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം നടത്താനുള്ള എല്‍ഡിഎഫിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
പദ്ധതി ഇപ്പോഴും പരിഗണനയിലാണെന്നും വിവിധ വശങ്ങള് പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാന്‍ കഴിയൂ എന്നും ഗോയല്‍ പറഞ്ഞിരുന്നു. കേരളത്തിലെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാനാകുന്നില്ല. ഭൂമി ഏറ്റെടുക്കുന്നതില്‍ വിമുഖത കാണിക്കുന്നതായും മന്ത്രി പറഞ്ഞു. കോച്ച് ഫാക്ടറി പാലക്കാട്, കഞ്ചിക്കോട് തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് പീയുഷ് ഗോയലിന് കത്തയച്ചിരുന്നു.
ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. പിന്നോക്ക ജില്ലയായ പാലക്കാട് ഫാക്ടറി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
ഇതിനായി 239 ഏക്കര്‍ സ്ഥലം വര്‍ഷങ്ങള്‍ക്കു മുൻപ് ഏറ്റെടുക്കുകയും ചെയ്തു. കേരളത്തിലെ ജനങ്ങൾ ഏറെ പ്രതീക്ഷയർപ്പിച്ചാണ് ഫാക്ടറിക്കായി കാത്തിരുന്നത്. റെയില്‍വേയുടെ ഭാവി ആവശ്യങ്ങള്‍ക്കായി ലൈറ്റ് വെയിറ്റ് ബ്രോഡ്ഗേജ് കോച്ചുകള്‍ നിര്‍മിക്കുകയായിരുന്നു നിര്‍ദിഷ്ട കോച്ച് ഫാക്ടറിയുടെ അടിസ്ഥാന ലക്ഷ്യം.
2008-09 ബജറ്റില്‍ തന്നെ പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ റായ്ബറേലി കോച്ച് ഫാക്ടറി പണി പൂര്‍ത്തിയാക്കി 2012-ല്‍ കമ്മിഷന് ചെയ്തു. ഇതിനിടയിലാണ് അലൂമിനിയം കോച്ചുകൾ നിർമിക്കുന്നതിന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ ഭാഗമായി പുതിയ ഫാക്ടറി സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചതായി സൂചന ലഭിച്ചത്. ഈ നീക്കത്തില്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പിണറായി കേന്ദ്രത്തിന് കത്തയച്ചത്. ഇതിനുള്ള മറുപടിയായാണ് കേരളത്തിലെ കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് ഗോയല്‍ പറഞ്ഞത്.