വിദേശവനിതയുടെ കൊലപാതകം; സംസ്കാരചടങ്ങുകൾ സർക്കാർ ഹൈജാക്ക് ചെയ്തുവെന്ന് ആരോപണം
തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കേസ് അവസാനിപ്പിക്കുന്നതിനാണ് പൊലീസിന് താത്പ്പര്യമെന്നും യുവതിയുടെ സുഹൃത്ത് ആൻഡ്രൂ. കേസിലെ ദുരൂഹതകൾ അകറ്റാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം.
കോടതി ഉത്തരവ് ഉണ്ടായിട്ടും മൃതദേഹം ദഹിപ്പിച്ചതിലും സംശയമുണ്ട്. സംസ്കാരചടങ്ങുകൾ സർക്കാർ ഹൈജാക്ക് ചെയ്തു. ഡിവൈഎസ്പിയും ഐജിയും മൃതദേഹം സംസ്ക്കരിക്കുന്നിടത്ത് വന്നതിൽ സംശയമുണ്ട്. കൊല്ലപ്പെട്ട വിദേശവനിതയുടെ മൃതദേഹം സംസ്ക്കരിക്കുമ്പോൾ ഡിവൈഎസ്പിയും ഐജിയും സ്ഥലത്തുണ്ടായിരുന്നു. മൃതദേഹം എങ്ങനെയാണ് ദഹിപ്പിക്കുന്നത് എന്നറിയാൻ അവരിൽ ആകാംക്ഷയുണ്ടെന്നു തോന്നി. പൊലീസിന് ഇക്കാര്യത്തിൽ എന്താണ് നേട്ടമെന്നറിയില്ല. അതുകൊണ്ടാണ് കേസ് സിബിഐ അന്വേഷിക്കണമെന്നു ആവശ്യപ്പെടുന്നതെന്നും ആൻഡ്രൂ.
രാജ്യം വിടാൻ തനിക്ക് മേൽ സമ്മർദമുണ്ടായി, കൊലപാതകത്തിന് ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണ്. പൊലീസ് കണ്ടെത്തിയ മൃതദേഹത്തിന് 20-25 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അങ്ങനെയാണെങ്കിൽ രണ്ടാഴ്ചയിൽ കൂടുതൽ അവളെ ആരെങ്കിലും നിർബന്ധിതമായി തടവിൽ പാർപ്പിച്ചിരിക്കണം. പ്രതികളുടെ മൊഴി ഇതിൽ നിന്നും വിരുദ്ധമാണ്. മരണപ്പെട്ടയാളുടെ മൃതദേഹം നാട്ടുകാർ നേരത്തെ തന്നെ കണ്ടിരുന്നുവെങ്കിലും അവരും പൊലീസിനോട് പറയാൻ തയാറാകാത്തതും ദുരൂഹമാണ്.
വിദേശവനിതയെ അവസാനമായി കണ്ടിടത്തു നിന്നും മൂന്ന് കിലോമീറ്റർ അകലെ നിന്നാണ് അവരുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും പൊലീസിന് അവളെ കണ്ടെത്താൻ ഇത്രയും സമയം വേണ്ടി വന്നു. മൃതദേഹം കണ്ട നാട്ടുകാരുടം ഇതേപ്പറ്റി പൊലീസിനോട് പറഞ്ഞില്ല. പൊലീസും നാട്ടുകാരും തമ്മിലുള്ള ഒത്തുകളിയാണിവിടെ നടക്കുന്നതെന്നും ആൻഡ്രൂ ആരോപിച്ചു.
തന്റെ കൂട്ടുകാരിയുടെ സഹോദരിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ടൂറിസം വകുപ്പും പൊലീസുകാരും മന്ത്രിയും ചേർന്ന് നടത്തിയ നാടകങ്ങളാണ് എല്ലാവരും കണ്ടത്. സഹോദരിക്ക് ഇതേക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. എന്നാൽ ആരുമായും പ്രശ്നങ്ങളൊന്നും വേണ്ടെന്നു കരുതിയാണ് അവർ വിദേശത്തേക്ക് മടങ്ങിയതെന്നും ആൻഡ്രൂ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ആൻഡ്രൂ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്ച്ച് 14നാണ് തിരുവനന്തപുരം പോത്തൻകോട് ആയുർവേദ കേന്ദ്രത്തിൽ നിന്ന് ലാത്വിയ സ്വദേശിയെ കാണാതായത്. മാനസിക പിരിമുറക്കത്തിനുള്ള ചികിൽസക്കായി സഹോദരിക്കൊപ്പം കേരളത്തിലെത്തിയതായിരുന്നു ഇവർ. പിന്നീട് ഇവരുടെ മൃതദേഹം കോവളത്തു നിന്നും അഴുകിയ നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. ബലാത്സംഗം ചെയ്ത ശേഷം ഇവരെ കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുവെന്ന് കേസിൽ പിടികൂടിയ ഉമേഷും ഉദയനും വെളിപ്പെടുത്തിയിരുന്നു. രാസപരിശോധന ഫലങ്ങൾ ലഭിച്ചുവെങ്കിലും വിശദമായ വിവരങ്ങൾ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.