ദാസ്യപ്പണി വിവാദം : ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു : ലോക്നാഥ് ബെഹ്റ
ദാസ്യപ്പണി വിവാദത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ വ്യാജവാര്‍ത്തകള്‍ പ്രചിപ്പിക്കുന്നതായി ഡിജിപി ലോക്നാഥ് ബെഹ്റ. വേണ്ടത്ര പരിശോധന നടത്താതെയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ഡിജിപി പറഞ്ഞു. പൊതുസമൂഹത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് തെറ്റായ പ്രതിച്ഛായ ഉണ്ടാക്കുന്നുവെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
ഒറ്റപ്പെട്ട സംഭവങ്ങളില്‍ കൃത്യമായ നടപടികള്‍ തുടങ്ങികഴിഞ്ഞെന്നും എന്നാല്‍ ഇതിനിടയില്‍ ചില മാധ്യമങ്ങള്‍ തെറ്റായ കണക്കുകളും വിവരങ്ങളും നിരത്തി വ്യാജപ്രചാരണം നടത്തുകയാണെന്നും ഡിജിപി കുറ്റപ്പെടുത്തി. ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘ ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവില്‍ ചില മാധ്യമങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ ക്യാംപെയിനുകള്‍ നടത്തുകയാണ്. തെറ്റായ വിവരങ്ങളുടെയും കണക്കുകളുടെയും ഊഹങ്ങളുടെയും പേരിലാണ് പ്രചാരണം നടക്കുന്നത്. ഇത്തരത്തില്‍ ചില അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളില്‍ അധികവും സ്ഥിരീകരിക്കാത്തതും തെറ്റായതും അടിസ്ഥാനമില്ലാത്തും അസത്യവുമാണ്. ഇത്തരം വാര്‍ത്തകള്‍ പോലീസിന്റെ മനോവീര്യം കെടുത്തുകയും പൊതുജനങ്ങള്‍ക്കിടയില്‍ പോലീസ് സേനയോട് തന്നെ വിശ്വാസക്കുറവുണ്ടാക്കുകയും ചെയ്യും. പോലീസിനെപ്പോലെ മാധ്യമങ്ങള്‍ക്കും സമൂഹത്തോട് ഉത്തരവാദിത്വമുണ്ട് ‘, ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
പൊലീസിലെ ദാസ്യപ്പണിയില് ഐപിഎസ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കുന്നതില്‍ അതൃപ്തിയുമായി ഐപിഎസ് അസോസിയേഷന് രംഗത്ത് വന്നിരുന്നു. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരുള്ളത് രാഷ്ട്രീയക്കാര്ക്കൊപ്പമാണെന്നും പൊലീസുകാരുടെയും ക്യാമ്പ് ഫോളോവര്‍മാരുടെയും കാര്യത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശം വേണമെന്നാണ് അസോസിയേഷന് മുന്നോട്ടു വയ്ക്കുന്ന ആവശ്യം. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാനായി അസോസിയേഷന് പ്രതിനിധികള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കണ്ടു.
984 പൊലീസുകാരാണ് അംഗരക്ഷരായും ഉന്നതരുടെ ഓഫീസുകളിലും മറ്റുമായി ജോലി ചെയ്യുന്നതെന്നാണ് എഡിജിപി നടത്തിയ കണക്കെടുപ്പിന്റെ അന്തിമ പട്ടികയില്‍ വ്യക്തമാക്കുന്നത്. പൊലീസ് ഉന്നതരുടെ വീട്ടുപണിക്കായി 29 ക്യാമ്പ് ഫോളോവര്‍മാരെ നിയോഗിച്ചിരിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു.
ഉന്നതരുടെ സുരക്ഷയ്ക്ക് ആകെ 984 പൊലീസുകാര്‍. അതില്‍ മന്ത്രിമാര്‍ക്കും ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ക്കുമൊപ്പമാണ് കൂടുതല്‍ പൊലീസുകാര്‍ ഉള്ളത്. ജഡ്ജിമാരുടെ സുരക്ഷയ്ക്കായി 173 പേരും മന്ത്രിമാരുടെയും നേതാക്കളുടെയും സുരക്ഷയ്ക്ക് 388 പേരുമാണ് ഉള്ളത്. ഐപിഎസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം 333 പേരും ഐഎഎസ്- ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി 64 പൊലീസുകാരും പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.