ഇഎഫ്എല്‍ നിയമം അട്ടിമറിച്ച് സര്‍ക്കാര്‍; പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടം മേഖലയെ പൂര്‍ണമായും ഒഴിവാക്കി
തിരുവനന്തപുരം: പരിസ്ഥിതി ലോലനിയമം (ഇഎഫ്എല്‍) നിയമം അട്ടിമറിച്ച് സര്‍ക്കാര്‍. തോട്ടംമേഖലയെ പൂര്‍ണമായി ഇഎഫ്എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയത്. പ്രവര്‍ത്തനരഹിതമായ തോട്ടം ഏറ്റെടുക്കുകയോ സ്വകാര്യ കമ്പനിക്ക് നല്‍കുകയോ ചെയ്യും.
നിലവിലെ വന നിയമം അട്ടമറിക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. വന്‍തോതില്‍ വനഭൂമിയും മരങ്ങളും നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ട്. ഈ തീരുമാനം വനഭൂമിയുമായി ബന്ധപ്പെട്ട കേസുകളില്‍ തിരിച്ചടിയുണ്ടാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളാല്‍ രൂപപ്പെട്ടുവന്നതാണ് തോട്ടം മേഖല. പശ്ചിമഘട്ട മലകളിലേയും മലയോരപ്രദേശങ്ങളിലെയും ഭൂപ്രകൃതി ഇത്തരം വിളകള്‍ക്ക് അനുയോജ്യമാണ് എന്നതിനാല്‍ ചരിത്രപരമായി ഈ മേഖലയില്‍ തോട്ടങ്ങള്‍ രൂപപ്പെട്ടുവന്നു. റബ്ബര്‍, തേയില, കാപ്പി, ഏലം തുടങ്ങിയ വിളകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇവയുടെ വിള വിസ്തൃതി ഏകദേശം 7.04 ലക്ഷം ഹെക്ടറോളം വരുന്നതുമാണ്.
തോട്ടം വിളകളുടെ സവിശേഷത അവ പൂര്‍ണ്ണമായും കമ്പോളത്തെ ലക്ഷ്യം വച്ച് കൃഷി ചെയ്യുന്നതാണ്. ആഗോള മാര്‍ക്കറ്റുകളില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ ഉള്‍പ്പെടെ ഈ മേഖലയെ സ്വാധീനിച്ചുവരുന്നവയാണ്. കേരളത്തിലെ തോട്ടം മേഖല വമ്ബിച്ച പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അവിടെ നിലനിന്ന പ്രതിസന്ധി കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചതു വഴി സാമൂഹ്യ സംഘര്‍ഷങ്ങള്‍ തന്നെ രൂപപ്പെട്ടുവന്നിരുന്നു.
കടുത്ത സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഭൂവിനിയോഗ മാറ്റങ്ങള്‍ക്കും പാരിസ്ഥിതിക പ്രതിസന്ധി രൂക്ഷമാക്കുന്നതിലേക്കും നയിക്കുന്ന സ്ഥിതിയുമുണ്ടായി. ഈ സാഹചര്യത്തില്‍ തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്കുകയുണ്ടായി. ഇതിനായി സമഗ്രമായ ഒരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുമുണ്ട്.
തോട്ടം മേഖലയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ സാമൂഹ്യസംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യം രൂപപ്പെട്ടുവന്നപ്പോള്‍ തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് കൃഷ്ണന് നായര്‍ അധ്യക്ഷനായി 2015 നവംബറില്‍ മുന്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന്, പ്രസ്തുത കമ്മീഷന് 10.08.2016ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.
കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും ടാക്സസ്, ധനകാര്യം, വനം, റവന്യൂ, കൃഷി, തൊഴില്‍, നിയമം വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളായി 18.06.2017ല്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. 27.09.2017ല്‍ പ്രസ്തുത കമ്മിറ്റി സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ചു.
മന്ത്രിസഭാ തീരുമാനങ്ങള്‍ (20-06-2018)
1. പ്ലാന്റേഷന് ടാക്സ് വളരെ പഴക്കമുള്ള ഒരു ടാക്സ് ഇനമാണ്. പ്രസ്തുത ടാക്സ് ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് നിലവിലുള്ളതെന്ന് പ്രസ്തുത കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പ്ലാന്റേഷന് ടാക്സ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു.
2. തോട്ടം മേഖലയില്‍നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കാന്‍ തീരുമാനിച്ചു.
3. എസ്റ്റേറ്റിലെ എല്ലാ ലയങ്ങളും വളരെ പഴക്കമുള്ളതും ജീര്‍ണ്ണാവസ്ഥയിലുള്ളതുമാണ്. ഇത്തരം ലയങ്ങള്‍ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുക അസാധ്യമാണ്. എല്ലാ ലയങ്ങളേയും കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
4. നിലവിലുള്ള ലയങ്ങള്‍ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ സമ്ബൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി, ലൈഫ് പദ്ധതിയുടെ മാര്‍ഗരേഖകള്‍ക്കു വിധേയമായി, തൊഴിലാളികള്‍ക്ക് ആവശ്യമായ വാസഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നതാണ്. ഇതിന് ആവശ്യമായി വരുന്ന ചെലവിന്റെ 50% സര്‍ക്കാരും 50% തോട്ടം ഉടമകളും വഹിക്കും. തോട്ടം ഉടമകളില്‍നിന്ന് ഈടാക്കേണ്ട 50% തുക ഏഴ് വാര്‍ഷിക ഗഡുക്കളായി (പലിശ രഹിതം) ഈടാക്കി പദ്ധതി നടപ്പാക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലം എസ്റ്റേറ്റ് ഉടമകള്‍ സൗജന്യമായി സര്‍ക്കാരിന് ലഭ്യമാക്കുന്നതിനായി തോട്ടം ഉടമകളുമായി ഒരു കരാര്‍ ഉടമ്ബടി ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
5. ഒരു റബ്ബര്‍ മരം മുറിച്ചുവില്‍ക്കുമ്പോള്‍ ലഭിക്കുന്ന ശരാശരി തുക ഏകദേശം 5000 രൂപയാണ്. നിലവില്‍ റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ 2500 രൂപ സീനിയറേജായി ഈടാക്കുന്നുണ്ട്. റബ്ബറിന്റെ വില വളരെ താഴ്ന്നിരിക്കുന്ന സാഹചര്യത്തില്‍ ഈ തുക വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ നിലവിലുള്ള സീനിയറേജ് തുക പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ്.
6. തോട്ടം തൊഴിലാളികള്‍ക്ക് ഇഎസ്ഐ സ്കീം ബാധകമാക്കുന്ന വിഷയം തൊഴില്‍ വകുപ്പ് പരിഗണിക്കും. തോട്ടങ്ങളുടെ പാട്ടകാലാവധി അവസാനിക്കുന്ന മുറയ്ക്ക് പാട്ടം പുതുക്കി നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കും. ഇക്കാര്യത്തില്‍ തടസ്സം നില്ക്കുന്ന കാര്യങ്ങള്‍ നിയമ വകുപ്പ് സെക്രട്ടറി പരിശോധിച്ച് ആവശ്യമായ ശിപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് & മാനേജ്മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈല്‍ ലാന്റ്) ആക്ടിന്റെ പരിധിയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
7. ഉപേക്ഷിക്കപ്പെട്ടതോ, പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയോ അല്ലെങ്കില്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് അവയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്കി പ്രവര്‍ത്തിപ്പിക്കുകയോ, സന്നദ്ധതയുള്ള സ്വകാര്യ കമ്പനികള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളോടെ, തോട്ടത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തരുതെന്ന വ്യവസ്ഥയില്‍ നല്കി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുംവിധം ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നു. റവന്യൂ വകുപ്പ് നിലവില്‍ തയ്യാറാക്കിയിരിക്കുന്ന ലാന്റ് ലീസ് ആക്ടിന്റെ പരിധിയില്‍ ഇക്കാര്യം കൂടി കൊണ്ടുവരുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നതാണ്.
8. തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്കരിക്കുന്നതു സംബന്ധിച്ച് ആവശ്യമായ നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിക്കുന്നതാണ്.
9. പ്ലാന്റേഷന് മേഖല ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്റേഷന് പോളിസി തയ്യാറാക്കുന്നതിന് തൊഴില്‍ വകുപ്പ് നടപടി സ്വീകരിക്കുന്നതാണ്.
സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലയില്‍ വലിയ സംഭാവന നല്കിയ തോട്ടം മേഖലയുടെ സംരക്ഷണം കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ജീവിത സംരക്ഷണത്തിനും പ്രധാനമാണെന്ന് കണ്ടുകൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നൂറ്റാണ്ടുകളുടെ മനുഷ്യാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും നാടിന്റെ താല്‍പ്പര്യത്തിന്റെയും ഭരണസംവിധാനങ്ങളുടെ ഇടപെടലിന്റെയും ഫലമായി രൂപംകൊണ്ടുവന്ന തോട്ടം മേഖലയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് മേല്‍ പറഞ്ഞ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.