പലിശയടക്കം തിരിച്ചടിക്കാന്‍ പദ്ധതി തയ്യാര്‍, ഇന്ത്യയുടെ നീക്കത്തില്‍ ഞെട്ടി പാക്കിസ്ഥാന്
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ പി.ഡി.പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച ബി.ജെ.പി നിലപാട് രണ്ടും കല്‍പ്പിച്ച് തന്നെ . .
ലോക്സഭ തെരെഞ്ഞെടുപ്പിനു മുന്‍പ് ശക്തമായി ഭീകരര്‍ക്കെതിരെ തിരിച്ചടിക്കാനും വീണ്ടും പാക്ക് അതിര്‍ത്തി കടന്ന് മിന്നല്‍ ആക്രമണം നടത്താനും ‘ഭൗതിക’ സാഹചര്യം ഒരുക്കുന്നതിനു വേണ്ടിയാണ് പ്രധാനമന്തി നരേന്ദ്ര മോദി പദ്ധതി തയ്യാറാക്കുന്നതെന്നാണ് പ്രമുഖ വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവിലെ ജമ്മുകാശ്മീരിലെ പി.ഡി.പി സര്‍ക്കാര്‍ വിഘടന വാദികളാട് മൃദുസമീപനം സ്വീകരിക്കുന്നത് ഭീകരര്‍ക്ക് ‘വള’മാകുന്നതിനാല്‍ പഞ്ചാബ് മോഡല്‍ അടിച്ചമര്‍ത്തല്‍ തന്നെയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പലസ്തീന് എതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് സമാനമായ നീക്കം പാക്ക് അധീന കാശ്മീര്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ പ്രതിരോധം തന്നെ എറക്കുറേ ഇസ്രയേല്‍ ടെക്നോളജി കേന്ദ്രീകരിച്ചിട്ടുള്ളതാണെന്നും അന്താരാഷ്ട്ര മാധ്യമം ചൂണ്ടിക്കാട്ടുന്നുണ്ട്.
അടുത്തിടെ മോദി നടത്തിയ റഷ്യന്‍ സന്ദര്‍ശനവും അമേരിക്ക, ഫ്രാന്‍സ്, ഇസ്രയേല്‍, ഇറാന്, ജപ്പാന്, ബ്രിട്ടണ് തുടങ്ങിയ വന്‍ശക്തികളുമായുള്ള ‘ധാരണ’കളും സംയുക്ത നാവിക അഭ്യാസങ്ങളും എല്ലാം പരിശോധിക്കുമ്പോള്‍ അതിര്‍ത്തിയില്‍ ചില സൈനിക നീക്കങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് നേരത്തെ തന്നെ നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിലപാടുകളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
രാജ്യസുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്ന ആര്.എസ്.എസ് നേതൃത്വത്തിന് ജമ്മുകാശ്മീരിലെ സംഭവ വികാസങ്ങളില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു.
2019 ലക്ഷ്യമിട്ട് പ്രതിപക്ഷ മഹാസഖ്യം അണിയറയില്‍ ഒരുങ്ങുകയും ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ ദേശീയ വികാരം ഉയര്‍ത്തി ഇനി മുന്നാട്ട് പോകുന്നതാണ് നല്ലതെന്നാണ് ആര്.എസ്.എസ് നേതൃത്വം ബി.ജെ.പിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
രാമജന്മഭൂമി പ്രശ്നത്തേക്കാള്‍ രാജ്യതാല്‍പ്പര്യത്തിനൊപ്പമാണ് ജനങ്ങള്‍ ഒറ്റക്കെട്ടായി നില്ക്കുക എന്നതിനാല്‍ അതിര്‍ത്തി കടന്ന് ലോകമറിയുന്ന ഒരു പ്രഹരം അതാണ് ആത്യന്തികമായ ആഗ്രഹമത്രെ.
മറ്റെല്ലാ വിഷയങ്ങളും ഇത്തരമൊരു പ്രശ്നത്തിനു മുന്നില്‍ അപ്രസക്തമാകുമെന്നതിനാല് ഇങ്ങനെയൊരു ‘കടുംകൈ’ മോദി സര്‍ക്കാര്‍ സ്വീകരിക്കും എന്ന് തന്നെയാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
പാക്കിസ്ഥാന് ഇന്ത്യയേക്കാള്‍ കൂടുതല്‍ ആണവായുധങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രഹര ശേഷിയില്‍ പാക്കിസ്ഥാന്റെയും ചൈനയുടെയും ആണവായുധങ്ങളേക്കാള്‍ പ്രഹരശേഷി ഇന്ത്യയുടേതിനാണുള്ളത്. എണ്ണത്തിലേക്കാള് ആയുധങ്ങളുടെ കരുത്തിലും പ്രഹര ശേഷിയിലുമാണ് ഇന്ത്യയുടെ വിശ്വാസം. പ്രത്യാക്രമണ ശേഷിയില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണെന്ന് വിദഗ്ദര്‍ തന്നെ സാക്ഷൃപ്പെടുത്തിയിട്ടുണ്ട്.
ആണവായുധം വഹിക്കാവുന്ന പാക്കിസ്ഥാന്റെ ഷഹീന് – 3 മിസൈലിന്റെ ദുരപരിധി 2750 കിലോമീറ്റര്‍ മാത്രമാണ്.
ഇന്ത്യയുടെ അത്യാധുനിക അഗ്നി- 5 മിസൈലിന്റെ പ്രഹര ശക്തിയാവട്ടെ ഇതിന്റെ ഇരട്ടിയോളമാണ് – 5000 കിലോമീറ്റര്‍.ചൈന പോലും അഗ്നിയുടെ പരിധിയിലാവുമെന്ന് വ്യക്തം.
വലിയ പ്രഹര ശേഷിയുള്ള അനവധി ആയുധങ്ങള്‍ ചൈനക്ക് ഉണ്ടെങ്കിലും ഗുണമേന്മയില് മറ്റു ചൈനീസ് ഉല്‍പ്പന്നങ്ങളെ പോലെ തന്നെ ആവാനാണ് സാധ്യതയെന്നാണ് ലോക രാഷ്ട്രങ്ങളുടെ പൊതുവായ വിലയിരുത്തല്‍.
ഇന്ത്യാ-പാക്ക് സംഘര്‍ഷമുണ്ടായാല്‍ നേരിട്ട് ഇടപെടാനും ചൈനയെ സംബന്ധിച്ച് ഇനി വലിയ ‘പരിമിതി’യുണ്ടാകും. ലോകത്തെ വന്‍ സാമ്പത്തിക ശക്തിയാവാന്‍ ശ്രമിക്കുന്ന ചൈനക്ക് ഇന്ത്യയുമായുള്ള സംഘര്‍ഷം തിരിച്ചടിയാകുമെന്നതിനാലാണിത്.
പ്രത്യേകിച്ച് ഉത്തര കൊറിയന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ചൈനക്കൊപ്പം നിന്ന റഷ്യ , ഇന്ത്യക്കെതിരായ ഏത് നീക്കത്തിനെതിരെയും കടുത്ത നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ചൈനയും പാക്കിസ്ഥാനും അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒറ്റപ്പെടും.
ചൈന വ്യാപാര മേഖലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയെ ഒത്ത എതിരാളിയായി കാണുന്ന അമേരിക്കയെ സംബന്ധിച്ചും ചൈനക്കെതിരായ ഏത് നീക്കത്തെയും ശക്തമായി പിന്തുണക്കുമെന്ന നിലപാടാണ് ഉള്ളത്.
അമേരിക്കയുടെ ഈ മനസ്സിലിരുപ്പ് അറിയുന്നതു കൊണ്ടു തന്നെയാണ് ഉത്തരകൊറിയയെ യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാന് ചൈനീസ് പ്രസിഡണ്ട് തന്നെ നേരിട്ട് ഇടപെട്ടത്.
അമേരിക്കന്‍ സഖ്യസേനയും ഉത്തര കൊറിയയും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഉത്തര കൊറിയയുടെ അയല്‍ രാജ്യവും സംരക്ഷകരുമായ ചൈനക്ക് വലിയ വില നല്‍കേണ്ടി വരുമായിരുന്നു.
സ്വന്തം വ്യോമമേഖല തുറന്ന് കൊടുത്ത് സ്വന്തം വിമാനത്തില്‍ തന്നെ കിം ജോങ് ഉന്നിന്നെ സിംഗപ്പൂരിലേക്ക് ട്രംപുമായുള്ള ചര്‍ച്ചക്ക് പറഞ്ഞയച്ചതും ഈ തിരിച്ചറിവു മൂലമാണ്.
ദോക് ലാമില്‍ ഇന്ത്യന്‍ സൈന്യം കടന്ന് കയറിയതിന് തിരിച്ച് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയല്ലാതെ ഒരു ബുള്ളറ്റ് പോലും ഇന്ത്യന്‍ സൈന്യത്തിനു നേരെ തൊടുക്കാന്‍ ചൈന തയ്യാറായിരുന്നില്ല. ഒടുവില്‍ ഇരു വിഭാഗവും പരസ്പര ധാരണയില്‍ സ്വയം പിന്മാറുകയായിരുന്നു. ഈ വിഷയത്തില്‍ റഷ്യ പിന്തുണക്കുമെന്ന ചൈനയുടെ കണക്ക് കൂട്ടലും പാടെ തെറ്റി.
ആഗോള ആണവായുധ ശേഷിയുടെ 92 ശതമാനവും കൈവശമുള്ള അമേരിക്കയുമായും റഷ്യയുമായും ഒരു പോലെ ശക്തമായ അടുപ്പം ഉണ്ടാക്കിയ ഇന്ത്യയുടെ മിടുക്കിലാണ് ചൈനയും പാക്കിസ്ഥാനും ഇപ്പോള്‍ ശരിക്കും പ്രതിരോധത്തിലായിരിക്കുന്നത്.
ചൈനയെ വിശ്വസിച്ച് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നതിന് ഒടുവില്‍ ഒറ്റക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപദേശിച്ചിട്ടും പാക്കിസ്ഥാന് ചെവികൊണ്ടിട്ടില്ല.
നിലവില്‍ സൗദി സഖ്യസേനയുടെ സൈനിക തലവന്‍ മുന്‍ പാക്ക് സൈനിക മേധാവിയായിട്ടും പാക്ക് സൈന്യം ഇപ്പോഴും മുഖം തിരിച്ചിരിക്കുകയാണ്. പാക്ക് ഭരണകൂടമാവട്ടെ ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കത്തില്‍ കടുത്ത ആശങ്കയിലുമാണ്.
അതേസമയം ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമിക്കില്ല എന്ന ആത്മവിശ്വാസത്തില്‍ നടത്തുന്ന പാക്ക് കടന്നാക്രമണത്തിന് പാക്ക് അധീന കാശ്മീര്‍ പിടിച്ചെടുത്ത് ഇന്ത്യ മോദിയുടെ ഭരണത്തിന് കീഴില്‍ തന്നെ മിന്നല്‍ പ്രഹരം നടത്തുമെന്ന കണക്ക് കൂട്ടലിലാണ് ലോക രാഷ്ട്രങ്ങള്‍.
പാക്ക് ആണവായുധം തീവ്രവാദികളുടെ പക്കല്‍ എത്താതിരിക്കാന്‍ സൈനികമായ ഇടപെടല്‍ വേണ്ടിവന്നാല്‍ നടത്തുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ പാക്ക് പിന്തുണയോടെ ഭീകരര്‍ നടത്തുന്ന ആക്രമണത്തിനും പാക്ക് സൈന്യത്തിന്റെ ആക്രമണത്തിനും കനത്ത തിരിച്ചടി നല്കിയില്ലങ്കില് വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവല്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കിയിയിട്ടുണ്ട്.
അസാധാരണമായ ഈ സാഹചര്യം ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരോട് പങ്കുവച്ച മോദിയോട് കടുത്ത നിലപാടുമായി മുന്നോട്ട് പോകാനാണ് സംഘപരിവാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതേ തുടര്‍ന്നാണ് ആദ്യ നടപടി എന്ന നിലയില്‍ ജമ്മുകാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്.
ഒളിച്ച് താമസിക്കുന്ന ഭീകരരെയും അവരെ സഹായിക്കുന്നവരെയും കര്‍ശനമായി നേരിടുക എന്നതാണ് പ്രധാന ഉദ്ദേശ്യം.
പൂര്‍ണ്ണമായും സൈന്യത്തിന്റെയും കമാന്ണ്ടോക്കളുടെയും നേതൃത്വത്തിലായിരിക്കും നടപടി. പി.ഡി.പി സര്‍ക്കാര്‍ നിയമിച്ച പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഐ.ബി റിപ്പോട്ട് മുന്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കാനാണ് തീരുമാനം.
ബി.ജെ.പി സംസ്ഥാന സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് ഭീകരരെ തെരഞ്ഞ് പിടിച്ച് കൊന്ന സൈന്യം കാശ്മീരിലും ശ്രീനഗറിലും വ്യാപകമായ പരിശോധന തുടരുകയാണ്.
ജമ്മു കാശ്മീര്‍ രാഷ്ട്രപതി ഭരണത്തിലാക്കിയുള്ള ഉത്തരവ് വരുന്നതോടെ സൈന്യത്തിന്റെ തിരിച്ചടി രൂക്ഷമാകും.
വിഘടനവാദികളോടു മൃദു സമീപനം സ്വീകരിക്കുന്ന പി.ഡി.പിയുടെ നിലപാട് ഭീകരര്‍ക്ക് ഗുണമായതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു.