പ്രതിപക്ഷ ‘ കുറു മുന്നണി’ രൂപം കൊള്ളുന്നു, കോൺഗ്രസ്സിനും ബി.ജെ.പിക്കും ആശങ്ക . .
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പു മുൻ നിർത്തി ദേശീയ തലത്തിൽ പ്രതിപക്ഷ ചേരിയിൽ പുതിയ ‘ ഐക്യം’ ഉണ്ടാകുന്നതിൽ ആശങ്കപ്പെട്ട് കോൺഗ്രസ്സ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലഫ്.ഗവർണ്ണറുടെ ഓഫീസിൽ നടത്തുന്ന നിരാഹാര സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരസ്യമായി രംഗത്ത് വന്ന സി.പി.എം,തെലുങ്കുദേശം, തൃണമൂൽ കോൺഗ്രസ്സ്, ജനതാദൾ(എസ്), ആർ.ജെ.ഡി, സമാജ് വാദി പാർട്ടികളുടെ നിലപാടാണ് കോൺഗ്രസ്സിനെ ആശങ്കപ്പെടുത്തുന്നത്.
ആം ആദ്മി പാർട്ടി, തെലങ്കാന രാഷ്ട്രസമിതി, ഒറീസയിലെ ബിജു ജനതാദൾ എന്നീ പാർട്ടികളും കോൺഗ്രസ്സ് ഇതര പ്രതിപക്ഷ സഖ്യത്തെ പിൻതുണക്കുന്നവരാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഇതര പ്രതിപക്ഷ പാർട്ടികൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ ആ പാർട്ടികൾ മുന്നോട്ട് വയ്ക്കുന്ന പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ്സിനും പിന്തുണക്കേണ്ടി വരും.
എൻ.സി.പി ഇപ്പോൾ കോൺഗ്രസ്സിന്റെ കൂടെ ആണെങ്കിലും തരം കിട്ടിയാൽ ശരദ് പവാർ കൂട് മാറാനാണ് സാധ്യത. ഇതും കോൺഗ്രസ്സ് മുൻകൂട്ടി കാണുന്നുണ്ട്. ബി.ജെ.പി തുടർച്ചയായി ഭരണം നടത്തുന്ന മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നും അട്ടിമറി വിജയം നേടാൻ കഴിഞ്ഞില്ലങ്കിൽ രാഹുൽ ഗാന്ധിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും.
ഐക്യ പ്രതിപക്ഷ ഒരുമയിൽ ബി.ജെ.പിയെ പരാജയപ്പെടുത്താം എന്നതാണ് പ്രാദേശിക പാർട്ടികളുടെ കണക്ക് കൂട്ടൽ.ബി.ജെ.പി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വരാത്ത ഒരു സംവിധാനത്തിന് സി.പി.എമ്മും പിന്തുണ നൽകും. രാഹുലിനെയും മമത ബാനർജിയെയും മാറ്റി നിർത്തി ഐക്യ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി വരണമെന്നതാണ് സി.പി.എമ്മിന്റെയും ആഗ്രഹം.
കണക്കുകളിലെ ‘കളി’ ഇതിന് നിർണ്ണായകമായതിനാൽ പ്രതിപക്ഷ ഐക്യനിരയിൽ സ്വധീനം ഉറപ്പിക്കാൻ ശരദ് പവാറും ഇപ്പോൾ അണിയറയിൽ സജീവമാണ്. പ്രാദേശിക പാർട്ടി നേതാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കാനാണ് പവാറിന്റെ നീക്കം.
അരവിന്ദ് കെജ് രിവാളിന്റെ ആം ആദ്മി പാർട്ടിയാകട്ടെ ഡൽഹിയിലെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായതിനാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റും തൂത്ത് വാരുമെന്ന ആത്മവിശ്വാസത്തിലാണ്.
പാർട്ടിക്ക് സ്വാധീനമുള്ള പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾ കൂടി കേന്ദ്രീകരിച്ച് കൂടുതൽ സീറ്റുകൾ നേടാനാണ് പദ്ധതി. ഈ മൂന്ന് സംസ്ഥാനങ്ങളിലും കൂടി 30 ലോക്സഭ അംഗങ്ങളാണ് ഉള്ളത്.
ഡൽഹി സർക്കാറിനോട് ബി.ജെ.പിക്ക് സമാനമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ്സ് നിലപാട് ദേശീയ തലത്തിൽ വലിയ പ്രതിച്ഛായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കെജ് രിവാളിന്റെ വസതിയിലെത്തി കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ കണ്ടത് കോൺഗ്രസ്സ് – ബി.ജെ.പി നേതൃത്വത്തങ്ങളെ ഒരു പോലെ ഞെട്ടിച്ചിരുന്നു.
കടുത്ത ശത്രുക്കളായ സി.പി.എം-തൃണമൂൽ നേതാക്കൾ ഡൽഹി സർക്കാറിനു വേണ്ടി ഒരുമിച്ചതാണ് ഇരു പാർട്ടികളെയും ഏറ്റവും അധികം ഞെട്ടിച്ചത്.