രാജ്യസഭാ സീറ്റ് കിട്ടാത്ത പ്രൊഫ. കുര്യൻ; കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെക്കുറിച്ച് പ്രൊഫ. കുറുപ്പ് എഴുതിയ പുസ്തകം വായിക്കണം –
സംസ്ഥാന കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസത്തിന്റെ പേരിൽ രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതിന്റെ പേരിൽ ഒരു പ്രൊഫസർ കലാപം അഴിച്ചുവിട്ടതിന്റെ വാർത്തകൾ ദിവസേന വായിക്കുന്നതിനിടയിൽ കോൺഗ്രസുകാരുടെ ഗ്രൂപ്പിസത്തെ ക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ പ്രൊഫസറാണ് രാധാകൃഷ്ണക്കുറുപ്പ്. അധികാരത്തിനു വേണ്ടി പാർട്ടിക്കുള്ളിൽ കടിപിടി കൂട്ടുന്ന ഓരോ ഗോത്രങ്ങളാണ് ഗ്രൂപ്പുകളെന്നാണ് കുറുപ്പ് സാറിന്റെ കണ്ടുപിടുത്തം. യൂണിവേഴ്സിറ്റി കോളജിലെ പൊളിറ്റിക്സ് വിഭാഗത്തിൽ അധ്യാപകനായിരുന്നു. രണ്ട് വർഷം മുമ്പ് വിരമിച്ചു.Politics of Congress Factionalism in Kerala since 1982 എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധത്തിന്റെ പേര്.
ഘടകകക്ഷിയായ കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് കൊടുത്തതിന്റെ പേരിൽ കോൺഗ്രസിനുള്ളിൽ കലാപം നടക്കുന്നുണ്ട്- പക്ഷേ, കോൺഗ്രസ് സീറ്റും സ്ഥാനവും ഘടക കക്ഷിക്ക് കൊടുക്കുന്നത് ഇതാദ്യമല്ലെന്നാണ് കുറുപ്പ് സാറ് പറയുന്നത്. ഇന്നിപ്പോ സീറ്റ് കിട്ടാത്തതിന്റെ പേരിൽ അലമ്പുണ്ടാക്കുന്ന വി.എം. സുധീരന്റേയും പിജെ കുര്യന്റേയും നേതാവായ എ.കെ. ആന്റണി 1978ൽ മുഖ്യമന്ത്രി സ്ഥാനം സി പി ഐ ക്ക് വെള്ളിത്താലത്തിൽ വെച്ച് കൊടുത്തത് എങ്ങനെ മറക്കും.? ചിക്കമങ്കലൂരിൽ മത്സരിച്ച ഇന്ദിരാഗാന്ധിയെ അന്ന് കോൺഗ്രസ് പിന്തുണച്ചതിന്റെ പേരിൽ പ്രതിഷേധിച്ച് ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു – അന്നത്തെ നിയമസഭയിൽ പ്രഗത്ഭരായ പല കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നു – അവരെ ഒക്കെ അവഗണിച്ചാണ് സി പി ഐ ക്ക് മുഖ്യമന്ത്രി സ്ഥാനം ആന്റണി വിട്ടുകൊടുത്തത്.
1977 ൽ കരുണാകരനിൽ നിന്ന് പിടിച്ചു വാങ്ങിയ മുഖ്യമന്ത്രി സ്ഥാനം ആന്റണിയും കൂട്ടരും സി പി ഐ നേതാവ് പി കെ വാസുദേവൻ ദേവൻ നായരെ ഏല്പിക്കയായിരുന്നു. – മറ്റൊരു കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയാവരുതെന്ന ആന്റണിയുടെ കുടില ബുദ്ധിയായിരുന്നു ആ നീക്കത്തിന് പിന്നിൽ – എസ്. വരദരാജൻ നായർ, കെ. ശങ്കരനാരായണൻ, വക്കം പുരുഷോത്തമൻ തുടങ്ങിയ പ്രഗത്ഭരൊക്കെ അന്ന് കോൺഗ്രസിലുണ്ടായിരുന്നു.
1978 ലെ പിളർപ്പിന് മുമ്പേ തന്നെ കരുണാകരൻ ആന്റണി ഗ്രൂപ്പുകൾ പാർടിക്കുള്ളിൽ സജീവമായിരുന്നു. – ഇടത് ഐക്യമെന്ന ആന്റണിയുടെ പൂതി അവസാനിപ്പിച്ച് മടങ്ങിയെത്തി മാതൃസംഘടനയിൽ 1982ൽ ലയിച്ച ശേഷവും ആന്റണി – കരുണാകരൻ പോര് രൂക്ഷമായിരുന്നു. പ്രവർത്തകർക്ക് കരുണാകരനെ അത്രമേൽ വിശ്വാസവും അവർക്ക് ആവേശവുമായിരുന്നു. കോൺഗ്രസിനുളളിലെ യഥാർത്ഥ മതേതര മുഖം കരുണാകരന്റെതായിരുന്നു എന്നാണ് കുറുപ്പ് സാറ് വിലയിരുത്തുന്നത്. മത നേതാക്കളുമായി ബന്ധം പുലർത്തിയപ്പോഴൊന്നും അവരെ പാർട്ടിയുടേയോ, സർക്കാരിന്റെയോ കാര്യങ്ങളിൽ ഇടപെടാൻ കരുണാകരൻ അനുവദിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
ഗവേഷണത്തിന്റെ ഭാഗമായി പലവട്ടം ആന്റണിയെ കാണാൻ ശ്രമിച്ചെങ്കിലും ആന്റണി ഒഴിഞ്ഞുമാറി. ഒടുവിൽ ഗവേഷണ പ്രബന്ധം പുസ്തക രൂപത്തിലാക്കി പ്രകാശനത്തിന് മുഖ്യമന്ത്രിയായിരുന്ന ആന്റണിയെ വിളിച്ചെങ്കിലും വന്നില്ലെന്നാണ് കുറുപ്പ് സാറിന്റെ പരാതി. കരുണാകരനാണ് പുസ്തക പ്രകാശനം നിർവഹിച്ചത്.
1992 ൽ കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടാൻ ശ്രമിച്ചതിനെ വയലാർ രവി എതിർത്തിരുന്നു. കുഞ്ഞാലിക്കുട്ടിയാണ് അന്നും അത്തരമൊരു ശ്രമം നടത്തിയത്. ഇന്നും അതേ കുഞ്ഞാലിക്കുട്ടി കോൺഗ്രസുകാരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് രാജ്യസഭാ സീറ്റ് മാണിക്ക് പിടിച്ച് വാങ്ങിക്കൊടുത്തു. ആന്റണി നേതൃത്വം കൊടുത്ത എ.ഗ്രൂപ്പ് അധികാരത്തിന് വേണ്ടി മാത്രം രൂപം കൊണ്ട സമ്മർദ്ദ ഗ്രൂപ്പാണെന്നാണ് കുറുപ്പ് സാറിന്റെ കണ്ടെത്തൽ.
ആ നിഗമനം ശരിയാണെന്ന് കാലം പലവട്ടം തെളിയിച്ചിട്ടുണ്ട്. ആശയ പരമായ ഒരു സമരവും ഗ്രൂപ്പിനുള്ളിൽ നടന്നിട്ടില്ല. ആദർശ പരിവേഷത്തിന്റെ മേലങ്കി ചാർത്തിയ കൂട്ടരാണിവർ. പഴയ കെ. എസ് യു ക്കാരനായ കുറുപ്പ് സാർ തന്റെ പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിൽ അതീവ ഖിന്നനാണ്. കോൺഗ്രസിനുള്ളിൽ ആശയവും ആദർശവുമില്ലെന്ന് പരിതപിക്കുന്നു. പാർട്ടിക്കുള്ളിലെ ഓരോ ചലനവും അദ്ദേഹം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്.