അതിശക്തമായ മഴ ; കോഴിക്കോട് ഉരുള്‍പൊട്ടലില്‍ മരണം ആറായി; ഒമ്പത് പേരെ കാണാതായി; ആറ് ജില്ലകളില്‍ റെഡ്അലേര്‍ട്ട് പ്രഖ്യാപിച്ചു ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളില്‍ റെഡ്അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, കോട്ടയം ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ടെന്ന് ജാഗ്രത നിര്‍ദേശം നല്‍കികൊണ്ടാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വാഹനങ്ങളില്‍ അനൗണ്‍സ്മെന്റ് നടത്താന്‍ പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടും മലപ്പുറത്തും കഴിഞ്ഞ 24 മണിക്കൂറില്‍ ലഭിച്ചത് അസാധാരണ മഴയാണ്. മഞ്ചേരിയില്‍ 24 സെ.മീ., നിലമ്പൂര്‍ 21 സെ.മീ., കരിപ്പൂര്‍ 20സെ.മീ മഴ രേഖപ്പെടുത്തി. പ്രദേശവാസികള്‍ അതീവജാഗ്രതപാലിക്കണമെന്നും ആവശ്യമുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസക്യാപുകള് തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.
താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടി വീടുകള്‍ തകര്‍ന്ന് മൂന്നുകുട്ടികളും ഒരു സ്ത്രീയും മരിച്ചു. മൂന്നുവീടുകളിലെ ഒന്‍പതുപേരെ കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട്ട് അഞ്ചിടത്തും മലപ്പുറത്ത് ഒരുസ്ഥലത്തുമാണ് ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തനത്തിനായി കോഴിക്കോട് ജില്ലാ കലക്ടര്‍ ദേശീയദുരന്തനിരവാരണ സേനയുടെ സഹായം തേടി
കരിഞ്ചോലിയില് ഇന്നുപുലര്ചെയാണ് ഉരുള്‍പൊട്ടിയത്. കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍നയും സഹോദരന് മുഹമ്മദ് ഷഹബാസും മരിച്ചു. കരിഞ്ചോലയിലെ താമസക്കാരനായ ജാഫറിന്റെ മകന് ഏഴുവയസുകാരന്റെയും അര്‍മാന്റെ ഭാര്യയുടെയും മൃതദേഹങ്ങളും കണ്ടെത്തി. സലിമിന്റെ മറ്റൊരു മകന് മുഹമ്മദ് ഹമ്മാസ രക്ഷപ്പെട്ടു. സലിമും ഭാര്യയും മകനും മെഡിക്കല്‍ കോളജിലാണ്. അര്മാന് അടക്കം ഒന്‍പതുപേരോളം മണ്ണിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ് . കോഴിക്കോട് കക്കയത്തും താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍, കൂടരഞ്ഞി ഭാഗങ്ങളിലുമാണ് ഉരുള്‍പൊട്ടിയത്.
അതേസമയം കാലവര്‍ഷക്കെടുതി നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. ചീഫ് സെക്രട്ടറിക്കും ദുരന്തബാധിത ജില്ലകളിലെ കലക്ടര്‍മാര്‍ക്കുമാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക്കേന്ദ്രദുരന്തനിവാരണസേന എത്തും. 48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരും. അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് എത്തിക്കും. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പുമന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
വയനാട് പൊഴുതന ആറാം മൈലില്‍ 2 പേര് മണ്ണിനടിയില്‍ കുടുങ്ങിയിരിക്കുകയാണ്. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.
കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും തുടരുകയാണ്. താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. പുല്ലൂരാംപാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല. കോഴിക്കോട് വയനാട് ദേശീയപാതയില്‍ പുനൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. വൈത്തിരി തളിപ്പുഴയില്‍ മണ്ണിടിഞ്ഞു വീണ് വീടു തകര്‍ന്നു രണ്ടുപേര്‍ക്ക് പരുക്കേറ്റു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് എല്ലാവരേയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ജൂണ്‍ പത്തൊമ്പതോടെ കര്‍ണാടകയിലും കേരളത്തിലും കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഇതുവരെ 95 ശതമാനം അധികമഴയാണ് കേരളത്തില്‍ ലഭിച്ചത്.
കനത്ത മഴയെത്തുടര്‍ന്നു കോഴിക്കോട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പി.എസ്.സി, സര്‍വകലാശാല പരീക്ഷകള്‍ക്കു മാറ്റമില്ല. വയനാട്ടില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.