ബിജെപിയുടെ ത്രിപുര മോഡൽ കേരളത്തിൽ പരീക്ഷിക്കാൻ സിപിഎം
കൊച്ചി: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിപ്രചാരണത്തിന്റെ മാതൃക കേരളത്തിൽ പരീക്ഷിക്കാൻ സിപിഎം ഒരുങ്ങുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിന് ഒരു വർഷം ശേഷിക്കെയാണു പുതിയ മാർഗങ്ങളുടെ പരീക്ഷണം.ത്രിപുരയിൽ സിപിഎമ്മിന് തുടർഭരണം ലഭ്യമാക്കുന്ന എല്ലാ സാഹചര്യവുമുണ്ടായിരുന്നെന്നാണു പാർട്ടി വിലയിരുത്തൽ. സർക്കാരിനോടോ പാർട്ടിയോടോ കടുത്ത എതിർപ്പു സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. എന്നിട്ടും പരാജയമുണ്ടായതു പ്രചാരണത്തിൽ ബിജെപി സ്വീകരിച്ച വ്യത്യസ്ത രീതി മൂലമെന്നാണു സിപിഎം നിരീക്ഷണം.
പുറത്തു നിന്നുൾപ്പെടെ പ്രവർത്തകരെയെത്തിച്ച് ആളുകളെ കുത്തിനിറച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളായിരുന്നു ത്രിപുരയിൽ ബിജെപി നടത്തിയത്. ബൂത്തുതലം മുതലുള്ള പ്രവർത്തനങ്ങൾ ചിട്ടയായും കൂടുതൽ ജനപങ്കാളിത്തത്തോടെയും സംഘടിപ്പിച്ചു. പ്രദേശിക വിഷയങ്ങളും ജാതി രാഷ്ട്രീയവും ഉൾപ്പെടുത്തി പ്രാദേശിക തലങ്ങളിൽ നടത്തിയ പ്രചരണത്തിലൂടെ കൂടുതൽ വോട്ടുകൾ ബിജെപിക്കു കേന്ദ്രീക്കാനായെന്നാണു വിലയിരുത്തൽ.
ഇതിനെ അടിസ്ഥാനമാക്കിയാകും പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രചാരണം. ഇതിനായി മുഴുവൻ സമയ പ്രവർത്തകരായി സേവനമനുഷ്ഠിക്കാൻ കഴിയുന്ന പാർട്ടി പ്രവർത്തകരുടെ പട്ടിക തയാറാക്കാൻ ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികൾക്കു നിർദേശം നൽകി. പട്ടികയിൽ യുവാക്കൾക്കു കൂടുതൽ പരിഗണന നൽകാനും നിർദേശം. ഇങ്ങനെ കണ്ടെത്തുന്ന പ്രവർത്തകരെ ജില്ലയ്ക്ക് പുറമേയുള്ള പ്രദേശങ്ങളിൽ മുഴുവൻ സമയ പ്രവർത്തകരായി നിയമിക്കും. ലോക്സഭാ തെരഞ്ഞടുപ്പ് വരെയുള്ള കാലം ഇവർ ചുമതലയുള്ള പ്രദേശങ്ങളിൽ താമസിച്ച് പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. ഇതിനു പാർട്ടി പ്രത്യേക അലവൻസ് നൽകും.
പാർട്ടിക്ക് സ്വാധീനം കുറഞ്ഞ മേഖലകൾ കേന്ദ്രീകരിച്ചാകും മുഴുവൻ സമയ പ്രവർത്തകർ പ്രവർത്തനം സംഘടിപ്പിക്കുക.
പ്രാദേശിക വിഷയങ്ങളിൽ ഉൾപ്പെടെ കൃത്യമായി ഇടപെടുകയും ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ ചിട്ടയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു തെരഞ്ഞെടുപ്പിനു വേണ്ട രീതിയിൽ അതതു പ്രദേശങ്ങളെ ഒരുക്കുകയുമാണ് ലക്ഷ്യം. ഇതിനു വേണ്ട ക്യാംപെയ്നുകൾ പ്രത്യേകം ആസൂത്രണം ചെയ്യും.ബൂത്ത് കമ്മിറ്റികൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഇതിനകം സജീവമാക്കി. കഴിഞ്ഞ 27, 28, 29 തീയതികളിലായി സംസ്ഥാനത്തെ മുഴുവൻ ബൂത്തുകളും കേന്ദ്രീകരിച്ച് എൽഡിഎഫ് സർക്കാരിന്റെ രണ്ടു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ലഘുലേഖ വിതരണം ചെയ്തിരുന്നു.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ജനങ്ങളിൽ നിന്ന് നേരിട്ട് സിപിഎം - എൽഡിഎഫ് പ്രവർത്തകർ അഭിപ്രായങ്ങളും സ്വരൂപിച്ചു. ഇതിനെ അടിസ്ഥാനമാക്കി സർക്കാരിൽ വരുത്തേണ്ട മാറ്റങ്ങൾ പാർട്ടി ചെയും. ഓരോ പാർട്ടിയംഗത്തിനും ബൂത്ത് പരിധിയിലെ നിശ്ചിത വീടുകളുടെ ചുമതല നൽകിയാണു പ്രവർത്തനം. ഇതടിസ്ഥാനമാക്കിയുള്ള വിവിരശേഖരണവും അടുത്ത ഘടത്തിൽ പാർട്ടി നടത്തും. ഇത്തരത്തിൽ വീടുകളുടെ എണ്ണം തിരിച്ച് നൽകി പ്രാദേശിക അടിസ്ഥാനത്തിൽ കൂടുതൽ ക്യാംപെയ്നുകൾ ഏറ്റെടുക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം ലോക്കൽ കമ്മിറ്റി തലത്തിലും രണ്ടു മുഴുവൻ സമയ പ്രവർത്തകരെ നിയമിക്കും. നിലവിൽ ഒരു മുഴുവൻ സമയ പ്രവർത്തകൻ ലോക്കൽ കമ്മിറ്റി തലത്തിലുണ്ട്. ലോക്കൽ സെക്രട്ടറിയോ അല്ലെങ്കിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളേയോ ആണ് സാധാരണ നിലയിൽ മുഴുവൻ സമയ പ്രവർത്തകരായി നിയമിക്കാറുള്ളത്. ഇവർക്ക് പ്രത്യേക അലവൻസും പാർട്ടി നൽകും. ഇതിനു പുറമേയാണ് ഒരു മുഴുവൻ സമയ പ്രവർത്തകനെ കൂടി നിയമിക്കുന്നത്. പാർട്ടി നേതാക്കളല്ലാത്ത, ജനസമ്മതനായ ആളെയാണ് ഇതിനു പരിഗണിക്കേണ്ടതെന്നും പാർട്ടി പറയുന്നു.