ഇതാണ് കമ്യൂണിസ്റ്റ്, ആരോഗ്യ മന്ത്രിയെ ‘ഉരുക്കു വനിതയാക്കി’ ഡോക്ടറുടെ കുറിപ്പ് !
കോഴിക്കോട്: കമ്യൂണിസ്റ്റുകാരിയായ മന്ത്രി ഷൈലജയെ പ്രകീര്‍ത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍ എ.എസ് അനുപ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് വൈറലാകുന്നു.
‘ഒരു രാഷ്ട്രീയക്കാരിയും, ഭരണകര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശൈലജ ടീച്ചര്‍ എന്നാണ് ഡോ.അനൂപ് കുമാര്‍ അഭിപ്രായപ്പെടുന്നത്. ഒരു ശക്തയായ ‘സേനാപതി’ നമുക്കുണ്ടായതില്‍ അഭിമാനം കൊള്ളുന്നു. ഈ ലോകം മുഴുവനും ആ ‘മഹദ് വ്യക്തി’യോട് കടപ്പെട്ടിരിക്കുന്നുവെന്നും തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു’. ‘ഉരുക്കുവനിത’ എന്നാണ് കെ കെ ശൈലജ ടീച്ചറെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയായ എ എസ് അനൂപ് കുമാറാണ് നിപാ വൈറസ് ബാധ ആദ്യം സ്ഥിരീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ സരിത ശിവരാമനെയും അനൂപ് കുമാര്‍ അഭിനന്ദിച്ചു. നിപ സ്ഥിരീകരിച്ച ഉടന്‍ തിരുവനന്തപുരത്ത് നിന്ന് യാത്ര ചെയ്ത് കോഴിക്കോട് എത്തുകയും ഭീതിയൊഴിയുന്ന സമയം വരെ രോഗനിവാരണത്തില്‍ പങ്കാളി ആകുകയും ചെയ്ത അവര്‍ മുഴുവന്‍ സമൂഹത്തിനും മാതൃകയാണെന്നും അനൂപ് കുമാര്‍ പറയുന്നു.
വിഷയങ്ങള്‍ പഠിക്കുന്നതിലും മനസ്സിലാക്കുന്നതിലും മന്ത്രിക്കുള്ള അസാമാന്യ കഴിവു തന്നെ അദ്ഭുതപ്പെടുത്തിയെന്നു ഡോ.അനൂപ് കുറിപ്പില്‍ പറയുന്നു. തനിക്കു രോഗം വരുമെന്ന ഭയമില്ലാതെ പ്രവര്‍ത്തിച്ച അവരോടു ലോകം മുഴുവന്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ മന്ത്രിയോടു മാത്രമല്ല, നിപ്പ വൈറസ് പ്രതിരോധിക്കാന്‍ പിന്തുണ നല്കിയ തൊഴില്‍ – എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. കലക്ടര്‍ യു.വി. ജോസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.സജിത്ത് എന്നിവര്‍ക്കും ഡോ.അനൂപ് നന്ദി അറിയിക്കുന്നുണ്ട്.
സ്വന്തം ജീവന് പോലും അവഗണിച്ച് നാട്ടുകാരുടെ രക്ഷയ്ക്കായി യുദ്ധഭൂമിയിലേക്കിറങ്ങിയ ധീര നേതാവായാണ് മന്ത്രി ടി.പി. രാമകൃഷ്ണനെ ഡോ.അനൂപ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘യുദ്ധമുന്നണിയിലെ ശക്തനായ പ്രതിരോധ മന്ത്രി’ എന്നാണ് കലക്ടര്‍ യു.വി. ജോസിനെ കുറിച്ച് കുറിപ്പില്‍ പറയുന്നത്. നിപ്പ രോഗികളെ പരിപാലിക്കുന്നതിനിടയില്‍ വൈറസ് ബാധിച്ച് മരണത്തിനു കീഴടങ്ങിയ സിസ്റ്റര്‍ ലിനിയ്ക്കും അനൂപ്ആദരാഞ്ജലികള് അര്‍പ്പിക്കുന്നുണ്ട്.