ബാര്‍ കോഴയില്‍ മാണിയെ ‘പൂട്ടാന്‍’ വി.എസ്, പുന:രന്വേഷണത്തിന് തയ്യാറായി വിജിലന്‍സും
തിരുവനന്തപുരം: രാജ്യസഭാ സീറ്റും നേടി യു.ഡി.എഫില്‍ നില ഭദ്രമാക്കിയ കെ.എം മാണി വീണ്ടും ഊരാക്കുടുക്കിലേക്ക്. ഇടത് പ്രേമം കാട്ടിയപ്പോള്‍ രണ്ടടി പിന്നോട്ടുവച്ച സര്‍ക്കാര്‍ ബാര്‍ കോഴ കേസില്‍ ശക്തമായി നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
മാണിക്കെതിരെ തെളിവില്ലന്ന മുന്‍ നിലപാട് തിരുത്തി പുന:രന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടുമെന്നാണ് ലഭിക്കുന്ന വിവരം.
മാണിയെ കുറ്റവിമുക്തനാക്കരുതെന്ന തടസഹര്‍ജികള്‍ കോടതിയുടെ പരിഗണനക്ക് വരുമ്പോള്‍ വിജിലന്‍സ് എതിര്‍ക്കില്ല.
ശാസ്ത്രീയ – ഡിജിറ്റല്‍ പരിശോധനയും സാഹചര്യതെളിവുകളില്‍ വിശദമായ പരിശോധനയും വിജിലന്‍സ് ആവശ്യപ്പെട്ടാല്‍ പുനഃരന്വേഷണത്തിന് സാധ്യത കൂടുതലാണെന്ന് നിയമ കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നു.
കവിയൂര്‍ കേസില്‍ നാലുവട്ടം പുനഃരന്വേഷണത്തിന് കോടതി അനുമതി നല്കിയ സാഹചര്യത്തില്‍ ബാര്‍ കോഴ കേസിലും പുന:രന്വേഷണ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മാണിക്ക് ക്ലീന്‍ ചിറ്റ് നല്കിയ രണ്ടു റിപ്പോര്‍ട്ടുകളും കോടതി നേരത്തെ വിശദമായ അന്വേഷണത്തിന് മടക്കിയ സാഹചര്യത്തില്‍.
ബിജു രമേശ്, നോബിള്‍ മാത്യു, വി.എസ് സുനില്‍കുമാര്‍ എന്നിവരുടേത് ഉള്‍പ്പെടെ ഏഴ് തടസ ഹര്‍ജികളാണ് ജൂലായ് 4ന് കോടതി പരിഗണിക്കുന്നത്.
ഇതിനു പുറമെ വി.എസ് അച്യുതാനന്ദന്, തടസ ഹര്‍ജി നല്‍കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ ബി.ജെ.പി നേതാവ് വി.മുരളീധരനും സി.പി.ഐ നേതാവ് പി.കെ രാജുവും തടസ ഹര്‍ജി നല്‍കുന്നുണ്ട്.
ബാര്‍ കോഴയില്‍ തുടക്കം മുതല്‍ മാണിക്കെതിരെ ശക്തമായ നിലപാടെടുത്തും നിയമ നടപടി സ്വീകരിച്ചും മുന്നോട്ട് പോകുന്ന വി.എസ് തന്നെയാണ് ഇടതുപക്ഷത്തേക്ക് വരാന്‍ ആഗ്രഹിച്ച മാണിയെ ശക്തമായി എതിര്‍ത്തിരുന്നത്.
സി.പി.ഐയുടെ നിലപാട് വക വയ്ക്കേണ്ടതില്ലന്ന നിലപാട് സി.പി.എമ്മില്‍ ശക്തമായപ്പോഴും വി.എസ് സ്വീകരിച്ച നിലപാടിനൊപ്പമായിരുന്നു പാര്‍ട്ടിയുടെ പൊതു മനസ്സ്.
ഇടത് ബര്‍ത്ത് കിട്ടില്ലന്ന് ഉറപ്പായതോടെയാണ് മാണി യു.ഡി.എഫുമായി അനുനയത്തിന് തയ്യാറായി ഇപ്പോള്‍ രാജ്യസഭ സീറ്റ് വിലപേശി വാങ്ങിച്ചെടുത്തത്.
രാജ്യസഭ സീറ്റ് കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും കലാപക്കൊടി ഉയര്‍ത്തിയ സാഹചര്യത്തില്‍ തന്നെയാണ് ബാര്‍ കോഴ കേസും ഇപ്പോള്‍ മാണിക്കെതിരെ തിരിഞ്ഞുകുത്തുന്നത്.
സുപ്രീം കോടതി വരെ പോകേണ്ടി വന്നാലും മാണിയെ നിയമ നടപടിക്ക് വിധേയമാക്കും വരെ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമില്ലന്നാണ് വി.എസ് അച്ചുതാനന്ദന്റെ നിലപാട്. മാണിയെ ആശങ്കപ്പെടുത്തുന്നതും ഈ കര്‍ക്കശ നിലപാടാണ്.
ആദ്യം മാണിക്ക് കുറ്റപത്രം നല്‍കുന്നത് തടഞ്ഞതും മാണിയെ രക്ഷിക്കാന്‍ റിവ്യൂഹര്‍ജി നല്കിയതും വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം. പോള്‍ ആയിരുന്നു.
25 ലക്ഷം കോഴവാങ്ങിയതിന് തെളിവുണ്ടെന്ന എസ്.പി ആര്.സുകേശന്റെ റിപ്പോര്‍ട്ട് തിരുത്തി, തെളിവില്ലാത്തതിനാല്‍ മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന് ഡി.ജി.പി ശങ്കര്‍റെഡ്ഡി നോട്ടെഴുതി. ഇതിന്റെ അടിസ്ഥാനത്തില്‍ മാണിയെ കുറ്റവിമുക്തനാക്കി 2016ല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി തള്ളിക്കളഞ്ഞു.
ഡയറക്ടറുടെ അധികാരം ഉപയോഗിച്ച് ശങ്കര്‍റെഡ്ഡി നടത്തിയ തിരുത്തലുകള്‍ സുകേശന് അറിയിച്ചതോടെ പുനരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. പിന്നീട് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ക്കനുസരിച്ച് അന്വേഷണ റിപ്പോര്‍ട്ട് മാറ്റിയെഴുതി മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന കെ.പി. സതീശനെ തെറിപ്പിച്ച്, കഴിഞ്ഞ ഏപ്രിലില്‍ മൂന്നാംവട്ടവും ഇതേ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരിക്കുകയാണ്.
പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ 60ശതമാനം തെളിവുകള്‍ അവഗണിച്ചാണ് മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതെന്ന് കെ.പി.സതീശന് പറഞ്ഞു. ബിജു രമേശ് ക്രിമിനല്‍ നടപടിചട്ടം-164പ്രകാരം മജിസ്ട്രേട്ടിന് നല്കിയ 30പേജുള്ള മൊഴിയും, പണം നല്‍കിയെന്നതടക്കം 15 സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളുമെല്ലാം മാണിക്കെതിരാണ്. ബിജുരമേശ് ഹാജരാക്കിയ, കോഴയിടപാടിന്റെ സംഭാഷണങ്ങളുള്ള സി.ഡിയിലെ ശബ്ദം ആരുടേതാണെന്ന് വിജിലന്‍സ് പരിശോധിച്ചിട്ടില്ല. ബാറുടമകളുടെ വോയ്സ് ടെസ്റ്റ് നടത്തണമെന്ന സതീശന്റെ നിര്‍ദ്ദേശവും പാലിച്ചില്ല.
അഞ്ച് ബാറുടമകളുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത, ബിജു രമേശിന്റെ മൊബൈല്‍ഫോണ്‍ കോടതിയില്‍ നിന്ന് തിരിച്ചുവാങ്ങി ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കാനും റെക്കാര്‍ഡ് ചെയ്ത സംഭാഷണം വീണ്ടെടുക്കാനും വിജിലന്‍സിന് കഴിയും. 2014ഏപ്രില്‍ 2ന് മാണിയുടെ ഔദ്യോഗിക വസതിയില്‍ പണം കൈമാറിയത് താന്‍ കണ്ടതാണെന്ന് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ ദൃക്്സാക്ഷിമൊഴി വിശ്വാസ യോഗ്യമല്ലെന്ന നിലപാട് വിജിലന്‍സ് തിരുത്തും. മാണിക്ക് കുരുക്കാവുമെന്നു കണ്ട് നേരത്തേ ഒഴിവാക്കിയ അഴിമതി നിരോധനനിയമത്തിലെ ഏഴാംവകുപ്പും കൂട്ടിച്ചേര്‍ത്താവും പുനരന്വേഷണം ആരംഭിക്കുക.