കോൺഗ്രസിൽ പുതിയ കലാപം ;മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി
കോട്ടയം: രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടു നൽകിയതിനെ ചൊല്ലി കോൺഗ്രസിൽ കലാപം. യുഡിഎഫിലെ ഘടക കക്ഷി പോലുമല്ലാതിരുന്ന മാണിയുടെ കേരളാ കോൺഗ്രസിന് ഒഴിവ് വരുന്ന രാജ്യസഭാസീറ്റ് നൽകാൻ തീരുമാനമായതോടെ കോൺഗ്രസിനുള്ളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. യുവഎംഎൽഎമാരും, യൂത്ത് കോൺഗ്രസും കോൺഗ്രസിലെ മുതിർന്ന നേതാക്കളും തീരുമാനത്തിനെതിരെ രംഗത്ത് വന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച് കെപിസിസി സെക്രട്ടറി അഡ്വ.ജയന്ത് രാജി വെച്ചു.
മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയിയെന്നാണ് തീരുമാനത്തിൽ രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവഎംഎൽഎമാരായ ഷാഫി പറമ്പിൽ, വി.ടി ബൽറാം, കെഎസ് ശബരീനാഥ്, റോജി എം ജോൺ, തുടങ്ങിയവർ രാഹുൽ ഗാന്ധിക്ക് കത്തയച്ചു.
സീറ്റ ്കേരളാ കോൺഗ്രസിന് നൽകരുത് എന്നാവശ്യപ്പെട്ടു കൊണ്ട് മുൻ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രംഗത്ത് എത്തി. യുഡിഎഫിൽ ഘടക കക്ഷി പോലും അല്ലാത്ത കക്ഷിക്ക് എന്തിനാണ് സീറ്റ് നൽകുന്നതെന്നും അദേഹം ചോദിച്ചു.സീറ്റ് നൽകിയാൽ തന്നെ മാണിയും കൂട്ടരും എന്ത് നിലപാട് ആകും മുന്നോട്ട് പോകുമ്പോൾ സ്വീകരിക്കുകയെന്ന് പറയാനാകില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
എന്നാൽ രാഹുൽ ഗാന്ധിയുടെ അനുമതിയോടെയാണ് തീരുമാനം എന്ന് വാർത്താ സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ജനം ആഗ്രഹിക്കുന്നത് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ്. യുഡിഎഫ് ശക്തിപ്പെടുത്തുവാനാണ് ഈ തീരുമാനമെന്നും അവർ വ്യക്തമാക്കി.
ഇതിനിടെ കേരളാ കോൺഗ്രസിന് സീറ്റ് നൽകാൻ തീരുമാനം എടുത്തതിന് പിന്നിൽ ഉമ്മൻ ചാണ്ടി നടത്തിയ ഗൂഢാലോചനയാണെന്ന് പിജെ കുര്യനും ആരോപിച്ചു. ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഒത്തുകളിയാണ് പിന്നിലെന്നാണ് അദേഹത്തിന്റെ ആരോപണം.