യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്കാന് ധാരണ; എതിര്‍പ്പുമായി സുധീരന്
ന്യൂഡല്‍ഹി: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ തയ്യാറായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കേരളാ കോണ്‍ഗ്രസിനൊപ്പം മുസ്ലീം ലീഗുകൂടി ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതാക്കള്‍ വഴങ്ങുകയായിരുന്നുവെന്നാണ് വിവരം.
ഒറ്റത്തവണ ഇളവ് നല്കാന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടും. യുഡിഎഫിന്റെ വിശാല താത്പര്യം പരിഗണിക്കണമെന്നാണ് ആവശ്യം.കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയാറാകണമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ലീഗ് കര്‍ശന നിലപാടെടുത്തതോടെയാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്.
എന്നാല്‍ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കരുതെന്ന് വിഎം സുധീരന് ആവശ്യപ്പെട്ടു. ഡല്‍ഹിയിലുള്ള നേതാക്കളെ തന്റെ അതൃപ്തി അറിയിച്ചു. മാണിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകളുടെ നിലപാട്.
കേരള കോൺഗ്രസിന് സീറ്റ് വിട്ടുനൽകുന്നതിനെ ഉമ്മൻ ചാണ്ടിയും ശക്തമായി എതിർക്കുകയാണെന്നാണ് വിവരം. യുഡിഎഫ് പ്രവേശനത്തിന് തയാറാണെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് കെ.എം. മാണി. മുസ്ലിം ലീഗും ഇക്കാര്യത്തിൽ കേരള കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കുന്നുണ്ട്.
രാജ്യസഭാ സീറ്റുകാര്യം മാത്രമല്ല ചര്‍ച്ച ചെയ്തതെന്ന് ജോസ് കെ.മാണി എംപി അറിയിച്ചു. യുഡിഎഫിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ചര്‍ച്ച ചെയ്തെന്നും ജോസ് കെ.മാണി ഡല്‍ഹിയില്‍ പറഞ്ഞു. ഒന്നിലധികം സീറ്റ് ലഭിക്കുകയാണെങ്കിൽ ഒരു സീറ്റ് കോൺഗ്രസ് നിലനിർത്തി മറ്റൊരു സീറ്റ് ഘടക കക്ഷികൾക്കാണു പതിവ്. സീറ്റ് ഒന്നേയുള്ളൂ എന്നതിനാല്‍ അത് കോൺഗ്രസിനു തന്നെയെന്ന അവകാശവാദം ഉന്നയിച്ചാണ് ഉമ്മൻ ചാണ്ടിയടക്കമുള്ളവർ എതിർക്കുന്നത്.
കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം, രാജ്യസഭാ സീറ്റ് എന്നിവയില്‍ ഇന്നു തീരുമാനമെടുക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു. കേരള കോൺഗ്രസ് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്തു. കേരള കോൺഗ്രസ് ഉപാധികളൊന്നും വച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധി വൈകിട്ട് അഞ്ചു മണിക്ക് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെയും ജോസ് കെ. മാണിയെയും ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
തനിക്ക് പകരം ആറ് നേതാക്കളുടെ പേരുകളും കുര്യന് മുന്നോട്ട് വച്ചിട്ടുണ്ട്. വി.എം.സുധീരന്, കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്, പാര്‍ട്ടി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്, ഷാനിമോള്‍ ഉസ്മാന്, എഐസിസി വക്താവ് പിസി ചാക്കോ, പി.സി.വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് കുര്യന് മുന്നോട്ട് വച്ചത്.
രാജ്യസഭയിൽ നിന്ന് ഒഴിയുന്ന മൂന്നു പേരിൽ രണ്ടു പേർ യുഡിഎഫ് അംഗങ്ങളും ഒരാൾ എൽഡിഎഫ് അംഗവുമാണ്. നിയമസഭയിൽ നിലവിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ഇനി കിട്ടുക. സീറ്റൊഴിയുന്ന രണ്ടു പേരിൽ ഒരാൾ കേരളാ കോൺഗ്രസ് (എം) പ്രതിനിധിയാണെന്നും ആ സാഹചര്യത്തിൽ, അവർക്കു സീറ്റ് നൽകുന്നതു പരിഗണിക്കണമെന്നുമാണു കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയത്.