സ്വാശ്രയ കോളെജുകൾ കോടതിയിലേക്ക് ; നിയമയുദ്ധം
ആലപ്പുഴ: സ്വാശ്രയ എംബിബിഎസ് പ്രവേശനം വീണ്ടും നിയമക്കുരുക്കിലേക്ക്. സംസ്ഥാനത്ത് സർക്കാർ, സ്വാശ്രയ മേഖലയിലുള്ള 34 മെഡിക്കൽ കോളെജുകളിൽ 12 മെഡിക്കൽ കോളെജുകളുടെ എംബിബിഎസ് പ്രവേശനം മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ (എംസിഐ) തടഞ്ഞ സാഹചര്യത്തിൽ, പ്രവേശനത്തിന് അനുമതി തേടി ഈ കോളെജുകൾ ഹൈക്കോടതിയിൽ ഹർജി നൽകാൻ ഒരുങ്ങുന്നു.
കോഴിക്കോട് കെഎംസിടി, വർക്കല എസ്ആർ, പാലക്കാട് പി.കെ. ദാസ്, പത്തനംതിട്ട മൗണ്ട് സിയോൺ, തൊടുപുഴ അൽ അസർ, തിരുവനന്തപുരം സോമർവെൽ, വയനാട് ഡിഎം എന്നീ കോളെജുകൾക്കാണു പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ആദ്യബാച്ചിലേക്ക് പ്രവേശനം നടത്താൻ അനുമതി നേടിയ ഇടുക്കി ഗവ. മെഡിക്കൽ കോളെജ്, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് എന്നീ കോളെജുകൾക്കും തീരുമാനം തിരിച്ചടിയായി.
മൊത്തം 12 കോളെജുകളിലായി 1,600 ഓളം സീറ്റുകളാണ് ഇതെത്തുടർന്ന് നഷ്ടമാകുന്നത്. മെഡിക്കൽ കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത കോളെജുകൾക്കാണു വിലക്ക്. അടിസ്ഥാന സൗകര്യം, ഫാക്കൽറ്റി എന്നിവയിലെ ന്യൂനതകളാണ് എംസിഐ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എംസിഐയുടെ ഈ ശുപാർശ ആരോഗ്യമന്ത്രാലയം അംഗീകരിക്കുകയായിരുന്നു.
സംസ്ഥാനത്ത് 5,259 മെഡിക്കൽ സീറ്റുകളാണ് സ്വാശ്രയ സർക്കാർ മേഖലകളിലുള്ളത്. കഴിഞ്ഞ വർഷം മുതൽ പ്രവേശനം പൂർണമായും നീറ്റ് പരീക്ഷയിൽ നേടിയ റാങ്കിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. സംസ്ഥാനത്ത് എൻട്രൻസ് പരീക്ഷ കമ്മിഷണർക്കാണ് പ്രവേശനത്തിന്റെ പൂർണ ചുമതല. സ്വാശ്രയ കോളെജുകളിലെ 50 ശതമാനം വരുന്ന മാനെജ്മെന്റ് ക്വോട്ട സീറ്റുകളിലും പ്രവേശനം നീറ്റിന്റെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. സംസ്ഥാനത്ത് ഒട്ടേറെ കോച്ചിങ് സെന്ററുകളുണ്ടെങ്കിലും അവയിൽ ചേർന്ന വിദ്യാർഥികളിൽ 25 ശതമാനം പേർക്കുപോലും ഇത്തവണ സംസ്ഥാനത്ത് പ്രവേശനം ലഭിക്കാൻ ഇടയില്ല. ഇവർ അന്യസംസ്ഥാന കോളെജുകളെ സമീപിക്കേണ്ടിവരും.