ഇരട്ടപദവി ഭേദഗതി ബില്‍ നിയമസഭ പാസാക്കി
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷ സ്ഥാനത്തേക്ക് വഴി തുറക്കുന്ന ഇരട്ടപദവി നിയമഭേദഗതി ബില്‍പാസാക്കി പതിനാലാം നിയമസഭയുടെ പ്രഥമ സമ്മേളനം അവസാനിച്ചു. പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷം വിട്ടുനിന്നതിനിടെയാണ് 1951ലെ നിയമസഭാ അയോഗ്യത നീക്കം ചെയ്യല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന ബില്‍ മുന്‍കാല പ്രബല്യത്തോടെ സര്‍ക്കാര്‍ പാസാക്കിയത്.
വി.എസിന്റെ വായമൂടിക്കെട്ടാനാണ് പുതിയ ബില്‍ കൊണ്ടുവന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു പറ്റിച്ച വി.എസിനെ ഭരണപരിഷ്കാര കമ്മീഷന് സ്ഥാനം നല്കി മൂലയ്ക്കിരുത്താനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ പണം ചെലവാക്കി ഒരു കമ്മീഷനേയും അതിനാവശ്യമായ സൗകര്യങ്ങളും സൃഷ്ടിക്കാന്‍ പോകുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഭരണഘടനാ വിരുദ്ധമായ ഈ നടപടിക്ക് ഗവര്‍ണറുടെ അനുമതി വാങ്ങണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സിപിഐഎമ്മിലെ അഭ്യന്തരപ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ബില്ലാതിണിതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച വി.ടി. ബല്‍റാം പറഞ്ഞു. ഭരണപരിഷ്കാര കമ്മീഷന് ആവശ്യമാണ് എന്നാല്‍ അതിന് വി.എസിനെ പോലെ ഒരു വയോധികനെ നിയമിക്കുന്നതെന്തിനാണെന്നും പിണറായിക്ക് തന്നെ പദവി ഏറ്റെടുത്തു കൂടെയെന്നും ബല്‍റാം ചോദിച്ചു. എന്നാല്‍ കമ്മ്യൂണിസ്റ്റാവുക എന്നതാണ് വലിയ കാര്യമെന്നും മുഖ്യമന്ത്രിയോ മന്ത്രിയോ പ്രതിപക്ഷനേതാവോ ആവുന്നതല്ലെന്നും എസ്. ശര്‍മ പറഞ്ഞു. വി.എസിനെ അപമാനിക്കുന്ന പ്രതിപക്ഷം ചരിത്രത്തോട് നീതികേട് കാണിക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.
പണം ധൂര്‍ത്തടിച്ച് അധികാരത്തില്‍ നിന്നു പോയവരാണ് ഭരണപരിഷ്കാര കമ്മീഷന് സ്ഥാപിക്കാനുള്ള ചെലവിനെ കുറിച്ച് പരിതപിക്കുന്നതെന്ന് മന്ത്രി എ.കെ. ബാലന് കുറ്റപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജനസമ്പര്‍ക്ക പരിപാടിക്ക് 16 കോടിയുടെ പന്തലാണ് കെട്ടിയത്, 450 കോടിയാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ അധികമായി ചെലവാക്കിയത്. 150 കോടിയുടെ പത്രപരസ്യവും മുന്‍ സര്‍ക്കാര്‍ നല്കി ഇതിന്റെയൊന്നും 24 ശതമാനത്തില്‍ ഒന്നും പോലും ചെലവില്ല ഭരണപരിഷ്കാര കമ്മീഷനെ നിയമിക്കാനെന്നും എകെ ബാലന് പറഞ്ഞു.
എന്നാല്‍ ഇതിലൊന്നും തൃപ്തരാവാതെ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചതോടെ സ്പീക്കര്‍ വോട്ടെടുപ്പ് നടപടികള്‍ ആരംഭിക്കുകയും ഭരണപക്ഷ അംഗങ്ങളുടെ വോട്ടോടെ നിയമസഭ ബില്‍ പാസാക്കുകയുമായിരുന്നു. പിണറായി സര്‍ക്കാര്‍ നടത്തിയ ആദ്യ നിയമനിര്‍മ്മാണമെന്ന സവിശേഷതയും ഈ ബില്ലിനുണ്ട്. ബില്‍ പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം പിണറായി ഏറ്റെടുത്തതിനെ തുടര്‍ന്ന് വി.എസ്. അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടു കൂടി സര്‍ക്കാരില്‍ സുപ്രധാന സ്ഥാനം നല്‍കണമെന്ന് സി.പി.ഐ.എമ്മില്‍ ധാരണയായിരുന്നു. തുടര്‍ന്നാണ് ഭരണപരിഷ്കാര കമ്മീഷന് സ്ഥാനം വി.എസിന് നല്കാന് തീരുമാനമായത്. എന്നാല്‍ എം.എല്‍.എ കൂടിയായ വി.എസ്. ഭരണപരിഷ്കാര കമ്മീഷന് സ്ഥാനം ഏറ്റെടുത്താല്‍ ഇരട്ടപദവി സംബന്ധിച്ച നിയമം പ്രശ്നമാക്കുമെന്നത് കണ്ടാണ് നിയമത്തിലല് ഭേദഗതി കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബില്‍ സഭാ പാസാക്കിയതോടെ ഭരണപരിഷ്കാര കമ്മീഷന് സ്ഥാനം ഏറ്റെടുക്കുന്നതില്‍ വി.എസിന് മുന്നിലുള്ള തടസങ്ങളെല്ലാം പരിഹരിക്കപ്പെട്ടിടുണ്ട്. കമ്മീഷന്റെ ഘടന, അധികാരങ്ങള്‍, സ്റ്റാഫ്, ഓഫീസ് മറ്റു ആനുകൂല്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളില്‍ വരുംദിവസങ്ങളില്‍ തീരുമാനമുണ്ടായേക്കും.