കോൺഗ്രസ് അഴിച്ചുപണി : നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെയും മുന്നണിയിലെയും സമഗ്ര അഴിച്ചുപണി ലക്ഷ്യമിട്ടുള്ള നിർണായക ചർച്ച ഇന്ന്. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ എന്നിവർക്കൊപ്പം മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും പങ്കെടുക്കും. കെപിസിസി തലത്തിലുള്ള അഴിച്ചുപണി കൂടാതെ, പുതിയ യുഡിഎഫ് കൺവീനർ, രാജ്യസഭാ സീറ്റ്, കെ.എം. മാണിയുടെ മുന്നണി പ്രവേശം എന്നിവ കൂടി ചർച്ചാവിഷയമായതിനാലാണു കുഞ്ഞാലിക്കുട്ടിയെ കൂടി രാഹുൽ ഗാന്ധി കാണുന്നത്. കേരളത്തിൽ നിന്നുള്ള നേതാക്കൾ രണ്ടുദിവസം ഡൽഹിയിലുണ്ടാകും.
പുതിയ കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നിവരെ സംബന്ധിച്ച് ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ അഭിപ്രായം തേടുക മാത്രമാകും രാഹുൽ ചെയ്യുക. അന്തിമ തീരുമാനം രാഹുലിന്റേതാകും. ഹൈക്കമാൻഡിന്റെ തീരുമാനത്തെ ഗ്രൂപ്പ് കണക്കാക്കാതെ നേതാക്കൾ അംഗീകരിക്കണമെന്ന നിർദേശം രാഹുൽ മുന്നോട്ടുവയ്ക്കും. ഗ്രൂപ്പുകൾക്കതീതമായി ജനസമ്മതിയുള്ള യുവനേതാക്കളെ പദവികളിൽ എത്തിക്കാനുള്ള ശ്രമമാണ് രാഹുൽ ക്യാപ് നടത്തുന്നത്.
കെപിസിസി അധ്യക്ഷനെ കൂടാതെ വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കാനുള്ള സാധ്യതയും ഏറെയാണ്. കേരളത്തിലെ യുവനേതാക്കളിൽ നിന്നു രാഹുൽ ഇതിനകം നിർദേശങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഒപ്പം, ചില സ്വകാര്യ ഏജൻസികളും കേരളത്തിലെ കോൺഗ്രസ് നേതാക്കളെ സംബന്ധിച്ചു പഠനം നടത്തി രാഹുലിനു റിപ്പോർട്ട് നൽകിയതായാണു സൂചന.
മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ എന്നിവരുടെ പേരുകൾ പുതിയ അധ്യക്ഷ സ്ഥാനത്തേക്കു സജീവമാണ്. ഒപ്പം, കെ. മുരളീധരന്റെയും വി.ഡി. സതീശന്റെയും പേരുകളും പരിഗണനയിൽ. കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയുന്ന എം.എം. ഹസന് യുഡിഎഫ് കൺവീനർ സ്ഥാനം നൽകാൻ സാധ്യതയേറെ. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിച്ചില്ലെങ്കിൽ കൺവീനർ സ്ഥാനത്തേക്ക് മുരളീധരനും നറുക്കു വീണേക്കാം.
അതേസമയം, രാജ്യസഭാ സീറ്റിലേക്ക് യുവനേതാക്കളെ ഹൈക്കമാൻഡ് പരിഗണിക്കുമെന്നാണു സൂചന. പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, മാത്യു കുഴൽനാടൻ എന്നിവരുടെ പേരുകൾ കേരളത്തിലെ യുവനേതൃത്വം രാഹുലിനു മുന്നിൽ വച്ചതായാണു റിപ്പോർട്ട്. സമുദായം, ജാതി, ഗ്രൂപ്പ് സമവാക്യങ്ങള്‍ തുടങ്ങി കോണ്‍ഗ്രസിലെ പദവി നിർണയത്തിനു മാനദണ്ഡങ്ങള്‍ പലതാണ്. ഈ രീതി പാടേ ഒഴിവാക്കണമെന്നാണു പാര്‍ട്ടിയിലെ പുതുതലമുറയുടെ വാദം. രാജ്യസഭാ സീറ്റ് സംബന്ധിച്ചു കോൺഗ്രസിലെ യുവനേതാക്കളിൽ നിന്നുയർന്ന ആക്ഷേപവും അതിനു പി.ജെ. കുര്യനും വയലാർ രവിയും നൽകിയ മറുപടിയുമടക്കം വിഷയങ്ങൾ രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ വിഷയമാകും. നേതാക്കളുമായുള്ള ചർച്ചകൾക്കു ശേഷം തൊട്ടടുത്ത ദിവസം കേരളത്തിലെ സ്ഥാനമാനങ്ങൾ പാക്കെജായി പ്രഖ്യാപനം ഉണ്ടാകുമെന്നാണു റിപ്പോർട്ട്.