പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ പൂവാലനും സംഘവും വെട്ടിക്കൊന്നു; നാടിനെ നടുക്കിയ സംഭവം കരുനാഗപ്പള്ളിയില്‍
കരുനാഗപ്പള്ളി: പെണ്‍കുട്ടിയെ പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ പൂവാലനും സംഘവും വെട്ടിക്കൊന്നു ഒപ്പമുണ്ടായിരുന്ന സഹോദരനും സുഹൃത്തുക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ശ്രയിക്കാട് പ്രജുല്‍ ഭവനത്തില്‍ പ്രബുദ്ധന്റ മകന് പ്രജുല്‍ (27) ആണ് വെട്ടേറ്റ് മരിച്ചത്. പ്രജുലിന്റെ സഹോദരന് പ്രവീണ്‍ (32), സുഹൃത്തുക്കളായ ശ്രായിക്കാട് സുഗുണ വിലാസത്തില്‍ സന്തോഷ് (30), ലക്ഷ്മീതോപ്പില് വിനീത് (30) എന്നിവരെ പരിക്കുകളോടെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരുനാഗപ്പള്ളി അഴീക്കലിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ശ്രായിക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ അഴീക്കല്‍ പുത്തന്‍വീട്ടില്‍ അര്ജുന് (24) സ്ഥിരമായി പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്ത് വരികയായിരുന്നു. ശല്യം ചെയ്യലില്‍ സഹികെട്ട പെണ്‍കുട്ടി ഇക്കാര്യം വീട്ടിലറിയിക്കുകയും സഹോദരനായ പ്രജുല്‍ അര്‍ജ്ജുനെ വിളിച്ച് താക്കീത് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീണ്ടും ശല്യം തുടര്‍ന്നപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഓച്ചിറ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പോലീസ് സ്റ്റേഷനില്‍ ഇനി പെണ്‍കുട്ടിയെ ശല്യം ചെയ്യില്ല എന്ന് എഴുതി വാങ്ങി പോലീസ് അര്‍ജ്ജുനെ വിട്ടയച്ചു. സംഭവം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ അര്ജ്ജുന് പ്രജിലിനെ ഫോണില്‍ വിളിച്ച് അഴീക്കലില്‍ വരാന്‍ പറഞ്ഞു. പ്രശ്നം ഒത്തു തീര്പ്പാക്കാനാണെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. അഴീക്കല്‍ ഹാര്‍ബറിന് സമീപം എത്തിയപ്പോഴേക്കും അര്‍ജ്ജുന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു. പ്രജുലിന് തലക്കും മുഖത്തും മാരകമായി വെട്ടേറ്റു.
കൂടെയുണ്ടായിരുന്ന സഹോദരനും സുഹൃത്തുക്കളും ഒച്ചവച്ച് ആളെ കൂട്ടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ആരും തന്നെ അടുത്തേക്ക് ചെന്നില്ല. വെട്ടേറ്റ് മൃതപ്രായനായ പ്രജുലിനെ പരിക്കേറ്റ സുഹൃത്തുക്കളും സഹോദരനും കൂടിയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുക്കുകയും ഓച്ചിറ എസ്.ഐ.വിനോദ് ചന്ദ്രന്റെ നേതൃത്വത്തില്‍ അര്‍ജുനെയും കൂട്ടാളികളായ സുജിത്, ശരത് ചന്ദ്രന് എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അര്ജുന് അക്രമത്തില്‍ മാരകമായ പരിക്കേറ്റതിനാല്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇന്ന് മറ്റ് പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് പറഞ്ഞു. അക്രമ സാധ്യത മുന്‍ നിര്‍ത്തി സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. രമ മരിച്ച പ്രജുലിന്റെ അമ്മയാണ്. വീണ സഹോദരിയും.