ഒരു തളിർ അടുക്കള
ഒരു സ്മാർട്ട് അടുക്കളയ്ക്കുള്ള കൂട്ടുചേരുവകളൊരുക്കുകയാണ് ഒരു കൂട്ടം വനിതകളുടെ സംഘം. നുറുക്കിയെത്തുന്ന പച്ചക്കറി പാക്കറ്റുകളായി വീടുകൾ തേടിയെത്തുമ്പോൾ നിന്നുതിരിയാൻ നേരമില്ലാത്ത വീട്ടമ്മമാരുടെ പ്രതീക്ഷകളാണു തളിരിടുന്നത്. സര്‍ക്കാര്‍ സംരംഭമായ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന്റെ പദ്ധതിയിൽ പഴയന്നൂര്‍ സ്വാശ്രയ കര്‍ഷക സമിതിയാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്.
തളിര് ബ്രാന്റില്‍ ഫ്രഷ് കട്ട് വെജിറ്റബിള്‍സ് ആന്റ് ഫ്രൂട്ട്സ് വിപണിയിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു കഴിഞ്ഞു. പുതിയതായി ആരംഭിച്ച യൂണിറ്റിലെ വളകളിട്ട കൈകള്‍ നുറുക്കിയ പച്ചക്കറി കഷ്ണങ്ങളാണിനി തീന്മേശയിലെത്തുക.
തോരന്‍, അവിയല്‍, മെഴുക്കുപുരട്ടി, ചീര, മുരിങ്ങ എന്നിവയെല്ലാം കഷ്ണങ്ങളായി അരിഞ്ഞ് പാക്കറ്റില്‍ എത്തിക്കാനാണു പദ്ധതി. ഏറ്റവും രുചികരമായ വിഭവങ്ങള്‍ അധികം മെനക്കെടാതെ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം. പാചകസമയം ലാഭിക്കാമെന്നതിലുപരി വിഷമുക്തമായ ആരോഗ്യകരമായ ഭക്ഷണം കുടുംബത്തോടൊപ്പം കഴിക്കാമെന്നതും മെച്ചം.
ഒൻപതു പേരടങ്ങുന്ന സ്ത്രീകളാണു ക്ലീനിങ് മുതല്‍ പാക്കിങ് വരെ ഇവിടെ നടത്തുന്നത്. രാവിലെ എട്ടോടെ എത്തുന്ന ഇവര്‍ വ്യത്യസ്ത രീതികളിലൂടെ അഞ്ചു പ്രാവശ്യം പച്ചക്കറികള്‍ കഴുകിയെടുക്കുന്നു. നിലവില്‍ കട്ടിങ് ജോലികളും ഇവരുതന്നെയാണ് നിര്‍വ്വഹിക്കുന്നത്. 30 തരം പച്ചക്കറി വിഭവങ്ങള്‍ക്കുള്ള ഉത്പന്നങ്ങളാണിവിടെ തയ്യാറാക്കുന്നത്. പ്രവര്‍ത്തന സജ്ജമാകുന്നതോടെ അത്യാധുനിക മെഷിനറികളും എത്തിക്കും. അവിയല്‍, സാമ്പാര്‍, ചക്കപ്പുഴുക്ക് എന്നിവ 400 ഗ്രാം പാക്കിലും തോരന്‍, ഉപ്പേരി, മെഴുക്കുവരട്ടി, കുറുമ എന്നിവ 300 ഗ്രാം പായ്ക്കിലും ലഭ്യമാക്കും.
കാര്‍ഷിക ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ നേരിട്ട് സമിതിയിലെത്തിക്കുകയാണു ചെയ്യുന്നത്. അവിടെ നിന്നും കേരളത്തിലെ വിവിധഭാഗങ്ങളില്‍ നിന്നും കച്ചവടക്കാരെത്തി കര്‍ഷകര്‍ പറയുന്ന ന്യായവിലയില്‍ എടുക്കുന്നു. ഇവിടെയെത്തിക്കുന്ന ജൈവ പച്ചക്കറികളാണു തളിര് ബ്രാന്റിലുള്ള കട്ട് വെജിറ്റബിളായി എടുക്കുന്നത്.
എറണാകുളത്തുള്ള കുറുമശ്ശേരിയിലാണു വിഎഫ്പിസികെയുടെ ആദ്യത്തെ കട്ട് വെജിറ്റബിള്‍ യൂണിറ്റുള്ളത്. അവിടെ വിജയം കണ്ടെത്തിയതിനെത്തുടര്‍ന്നു പഴയന്നൂരിലും ആരംഭിക്കുകയായിരുന്നുവെന്നു വിഎഫ്പിസികെ അസി. മാനെജര്‍ ആന്‍ മേരി പറഞ്ഞു. പഴയന്നൂരിലെ വിഎഫ്പിസികെ കഴിഞ്ഞവര്‍ഷം 3.73 കോടിരൂപയുടെ വിറ്റുവരവ് നേടുകയുണ്ടായി. വി.പി. തങ്കപ്പനാണു സമിതിയുടെ പ്രസിഡന്റ്.