ഷാഫിക്ക് പിന്നാലെ ബൽറാമും; കേരളത്തിലെ കോൺഗ്രസിൽ അടിമുടി മാറ്റം ഉണ്ടാകണം
കൊച്ചി:ഷാഫി പറമ്പിലിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വി.ടി ബൽറാം എംഎൽഎയും. കേരളത്തിലെ കോൺഗ്രസിൽ അടിമുടി മാറ്റമുണ്ടാകേണ്ട സമയം സമാഗതമായിരിക്കുന്നു എന്ന് പറഞ്ഞ ബൽറാം ഇത്തവണ രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പി.ജെ കുര്യൻ സ്വയം പിന്മാറുമെന്നാണ് കരുതുന്നെതന്നും വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപം
കേരളത്തിൽ നിന്ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്നു. ഒഴിവുള്ള മൂന്ന് സീറ്റുകളിൽ ഒരെണ്ണത്തിൽ യു.ഡി.എഫിനാണ് വിജയ സാധ്യത. മുന്നണി ധാരണ പ്രകാരം ഇത്തവണ കോൺഗ്രസിനാണ് ആ സീറ്റ് ലഭിക്കുന്നത്.
പാർലമെന്ററി അവസരങ്ങളൊക്കെ ചില വ്യക്തികൾ കുത്തകയാക്കുന്നത് ജനാധിപത്യത്തിന് പൊതുവിലും കോൺഗ്രസ് സംഘടനക്ക് പ്രത്യേകിച്ചും അത്ര ഭൂഷണമല്ല. ചില ഉന്നത നേതാക്കന്മാർ ദേശീയ, സംസ്ഥാന തലങ്ങളിൽ പാർലമെന്ററി സ്ഥാനങ്ങളിൽ നിലനിൽക്കേണ്ടത് സംഘടനയുടെ വിശാല താത്പര്യങ്ങൾക്ക് ഗുണകരമായേക്കാം. ചില പാർലമെന്റ്/അസംബ്ലി മണ്ഡലങ്ങളിൽ വിജയസാധ്യത പരിഗണിച്ചും ചിലരെ ആവർത്തിച്ച് മത്സരിപ്പിക്കേണ്ടി വന്നേക്കാം. എന്നാൽ പാർട്ടി എംഎൽഎമാരുടെ വോട്ട് കൊണ്ട് വിജയം സുനിശ്ചിതമായ രാജ്യസഭയിലേക്ക് അങ്ങനെ ചിലർക്ക് മാത്രം വീണ്ടും വീണ്ടും അവസരങ്ങൾ നൽകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
കേരളത്തിലെ കോൺഗ്രസിൽ അടിമുടി മാറ്റമുണ്ടാകേണ്ട സമയം സമാഗതമായിരിക്കുന്നു. പാർട്ടി പ്രവർത്തകർ മാത്രമല്ല, പാർട്ടിയെ പുറത്തുനിന്ന് പ്രതീക്ഷാപൂർവ്വം ഉറ്റുനോക്കുന്ന പൊതുസമൂഹവും ഈ വികാരമാണ് പങ്കുവെക്കുന്നത്. നേതൃത്ത്വത്തിലുള്ള വ്യക്തികളുടെ കാര്യത്തിൽ മാത്രമല്ല, പ്രവർത്തന ശൈലിയുടേയും രാഷ്ട്രീയ മുൻഗണനകളുടേയും സമീപന രീതികളുടേയും സമൂഹവുമായുള്ള ആശയ വിനിമയത്തിന്റേയുമൊക്കെ കാര്യങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ അനിവാര്യമാണ്. അല്ലാത്തപക്ഷം പാർട്ടി നേരിടാൻ പോകുന്നത് നിലനിൽപ്പിന്റെ ഭീഷണിയാണ്.
രാജ്യസഭയിൽ മൂന്ന് ടേം പൂർത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്സഭയിലും അംഗമായിട്ടുള്ള ശ്രീ പി.ജെ.കുര്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂർവ്വം ഉപയോഗപ്പെടുത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലും രാജ്യസഭ ഉപാധ്യക്ഷൻ എന്ന നിലയിലും വർഷങ്ങളോളം പ്രവർത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നെന്നും സ്മരിക്കപ്പെടും.
പകരമായി പുതുമുഖങ്ങൾക്കും യുവാക്കൾക്കും ഇതുവരെ പാർലമെന്ററി അവസരങ്ങൾ ലഭിച്ചിട്ടില്ലാത്തവർക്കും പരിഗണന നൽകാനാണ് ഇത്തവണ കോൺഗ്രസ് നേതൃത്ത്വം ശ്രദ്ധിക്കേണ്ടത്. ചെറുപ്പക്കാർ പാർലമെൻറിലേക്ക് വന്നിട്ട് പതിറ്റാണ്ടുകളായി. സാമൂഹിക, പ്രാദേശിക പശ്ചാത്തലങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഒരു വനിതയോ മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധിയോ മലബാർ ജില്ലകളിൽ നിന്നുള്ള ഒരു നേതാവോ ഒക്കെ പരിഗണിക്കപ്പെടുന്നതും ഉചിതമായിരിക്കും.
ഇത്തരം പലവിധ പരിഗണനകൾ വച്ചുകൊണ്ട് തഴെപ്പറയുന്ന പേരുകൾ (മുൻഗണനാടിസ്ഥാനത്തിലല്ല ) പരിഗണിക്കാവുന്നതാണെന്ന് തോന്നുന്നു:
ഷാനിമോൾ ഉസ്മാൻ: എഐസിസി സെക്രട്ടറി, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ, ആലപ്പുഴ നഗരസഭാ ചെയർമാൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. മികച്ച സംഘാടക, വാഗ്മി.
ഡോ.മാത്യു കുഴൽനാടൻ: പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്. യൂത്ത് കോൺഗ്രസ് മുൻ അഖിലേന്ത്യാ സെക്രട്ടറി. നിയമ, സാമ്പത്തിക കാര്യ വിദഗ്ദൻ.
ടി.സിദ്ധീഖ്: കോഴിക്കോട് ഡിസിസി പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ട്, മികച്ച സംഘാടകൻ, പ്രഭാഷകൻ.
എം.ലിജു: ആലപ്പുഴ ഡിസിസി പ്രസിഡണ്ട്, രാഷ്ട്രീയ കാര്യ സമിതി അംഗം, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ട്, അഖിലേന്ത്യാ ജനറൽ സെക്രട്ടറി. നല്ല സംഘാടകൻ.
രാജ്മോഹൻ ഉണ്ണിത്താൻ: മുൻ കെപിസിസി ജനറൽ സെക്രട്ടറി, സേവാദൾ മുൻ സംസ്ഥാന ചെയർമാൻ, മികച്ച പ്രഭാഷകൻ.
അർഹതപ്പെട്ട നിരവധി പേർ ഇനിയും ഈ പ്രസ്ഥാനത്തിലുണ്ട്, എന്നാലും കാര്യമായ അവസരങ്ങൾ ഇതുവരെ ലഭിക്കാത്ത ചിലരുടെ പേരുകൾ പ്രത്യേകമായി എടുത്തു പറയുന്നു എന്നേയുള്ളൂ. ഇക്കൂട്ടത്തിൽപ്പെട്ട ആരെങ്കിലുമാണ് രാജ്യസഭ സ്ഥാനാർത്ഥി എങ്കിൽ കേരളത്തിലെ കോൺഗ്രസിനേ സംബന്ധിച്ച് അതൊരു പുതിയ തുടക്കമായിരിക്കും. പ്രവർത്തകർക്കും അനുഭാവികൾക്കുമുള്ള ക്രിയാത്മകമായ ഒരു സന്ദേശമായിരിക്കും.
ഈ ദിശയിലുള്ള അഭിപ്രായങ്ങൾ ബഹുമാന്യനായ അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷനെയും മറ്റ് മുതിർന്ന നേതാക്കളേയും ഉചിതമാർഗേന അറിയിക്കുന്നുണ്ട്. ഒരു ബഹുജന പ്രസ്ഥാനമെന്ന നിലയിൽ ഇക്കാര്യങ്ങളിൽ ഒരു പൊതു ചർച്ച ഉണ്ടാവുന്നതിലും അപാകതയില്ല എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയും പറയുന്നത്. അതുൾക്കൊള്ളാനും കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനും കഴിയുന്നവരാണ് കോൺഗ്രസിന്റെ നേതാക്കൾ എന്നാണ് എന്റെ പ്രതീക്ഷ.