പിണറായിക്ക് ഇത് മധുരമായ പ്രതികാരം . . ദേശീയതലത്തിൽ തിരിച്ചടിയിൽ ഞെട്ടി മോദി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പിണറായി വിജയന് തിളങ്ങിയപ്പോള്‍ കേന്ദ്രത്തില്‍ നരേന്ദ്രമോഡി മങ്ങി. പോലീസ് ഭരണത്തിനെതിരായ ആരോപണശരങ്ങളില്‍ നിന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് വിജയം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തിളക്കമാണ് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കുന്നത്.
എക്കാലത്തും കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും വോട്ട്ബാങ്കായിരുന്ന ക്രൈസ്തവ സഭകളും എന്‍.എസ്.എസും ചെങ്ങന്നൂരില്‍ ഇടതുമുന്നണിയെ തുണച്ചിരിക്കുന്നു. 20956 വോട്ടെന്ന റെക്കോര്‍ഡ് വിജയം ഉയര്‍ത്തിയാണ് പിണറായി എതിരാളികളെ നിഷ്പ്രഭരാക്കുന്നത്.
അതേ സമയം പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കി നില്‍ക്കെ നാല് ലോക്സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയം പ്രധാനമന്ത്രി നരേന്ദജ്രമോദിയുടെ പ്രതിഛായക്ക് തിരിച്ചടിയാവുകയാണ്. ചെങ്ങന്നൂരില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെവരെ ഇറക്കി പ്രചരണം നടത്തിയിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ 7412 വോട്ടിന്റെ കുറവാണ് ബി.ജെ.പിക്കുള്ളത്.
കഴിഞ്ഞ തവണ 42682വോട്ടു നേടിയ ശ്രീധരന്‍പിള്ളക്ക് ഇത്തവണ 35270 വോട്ടുമാത്രമേ സ്വന്തമാക്കാനായുള്ളൂ. കോണ്‍ഗ്രസ്സിനാവട്ടെ കഴിഞ്ഞ തവണത്തെ 44897 വോട്ട് 46347 വോട്ടാക്കി 1450 വോട്ടുമാത്രം കൂടുതല്‍ നേടിയപ്പോള്‍ സി.പി.എമ്മിലെ സജി ചെറിയാന് കഴിഞ്ഞ തവണ രാമചന്ദ്രന്‍നായര്‍ക്ക് ലഭിച്ച 52880 വോട്ട് 67303 വോട്ടാക്കി കുത്തനെ ഉയര്‍ത്തി. 14423 വോട്ടിന്റെ വര്‍ധനവാണ് ഇടതുമുന്നണിക്കുണ്ടായത്. ഈ നേട്ടം പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തുന്നത്.
ഉത്തര്‍പ്രദേശിലെ കൈറാനയില്‍ പ്രതിപക്ഷ ഐക്യസ്ഥാനാര്ത്ഥിയും മഹാരാഷ്ട്രയിലെ ഭാന്ദ്ര ഗോണ്ടിയയില്‍ എന്‍.സി.പിയുമാണ് വിജയിച്ചത്. കൈറാനയിലെ പ്രതിപക്ഷ വിജയം ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് ശക്തമായ തിരച്ചടിയാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഖൊരഖ്പൂര്‍ അടക്കം രണ്ട് ബി.ജെ.പി സിറ്റിങ് സീറ്റ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നഷ്ടമായിരുന്നു. യു.പിയില്‍ കാറ്റ് മാറി വീശുന്നത് രണ്ടാം തവണയും പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന മോദിക്ക് തിരിച്ചടിയാണ്.
അതേ സമയം ഏറെ വെല്ലുവിളികള്‍ക്കിടയിലും ചെങ്ങന്നൂരില്‍ വന്‍ വിജയം സി.പി.എമ്മിന് നേടാന്‍ കഴിഞ്ഞത് ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങളും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയമായാണ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.