ജോസഫും സെന്‍കുമാറും അല്ലല്ലോ ബെഹ്റ, അതു തന്നെയാണ് ഇപ്പോഴത്തെ പ്രശ്നവും
തിരുവനന്തപുരം: അടുത്തയിടെയായി പൊലീസ് വില്ലന്മാരായ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. സേനയെ അച്ചടക്കത്തോടെ കൊണ്ടു പോകുന്നതില്‍ സംസ്ഥാന പൊലീസ് മേധാവി എന്ന നിലയില്‍ ലോക്നാഥ് ബെഹ്റ ഒരു വലിയ പരാജയമാണെന്നാണ് മുന്‍ പൊലീസ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നത്. തലപ്പത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന് പൊലീസിനെ മര്യാദക്ക് നിയന്ത്രിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലങ്കില്‍ ക്രമസമാധാന നില തകര്‍ന്ന് അരാജകത്വം പടരാന്‍ കാരണമാകുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
പൊലീസിങ്ങില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഡി.ജി.പിമാരില്‍ എടുത്തു പറയേണ്ട രണ്ട് പേരാണ് കെ.ജെ.ജോസഫും ടി.പി.സെന്‍കുമാറും. ഇവര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയിലില്‍ ഇരുന്ന കാലയളവില്‍ സാധാരണ പൊലീസുകാര്‍ മുതല്‍ ഐ.പി.എസുകാരുടെ വരെ മുട്ടിടിക്കും. അരുതാത്തത് ചെയ്യുവാന്‍ ധൈര്യപ്പെടില്ല ഒരുത്തനും. അഥവ ഇനി ഉണ്ടായാല്‍ തന്നെ നടപടി വന്നിട്ടാകും പുറം ലോകം തന്നെ കാര്യങ്ങള്‍ അറിയുക.
എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന 2002 – 2003 കാലഘട്ടത്തില്‍ ആയിരുന്നു കെ.ജെ.ജോസഫിന്റെ പ്രവര്‍ത്തനം. കണ്ണൂരിലെ രാഷ്ട്രീയ കലാപം അടിച്ചമര്‍ത്താന്‍ അന്ന് മനോജ് എബ്രഹാമിനെ അവിടെ പോസ്റ്റ് ചെയ്യിച്ചതും കെ.ജെ.ജോസഫ് ഇടപെട്ടാണ്. പൊലീസിലെ രാഷ്ട്രീയ ഇടപെടലിന് റെഡ് സിഗ്നല്‍ കൊണ്ടുവന്ന ഡി.ജി.പിക്ക് മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ പിന്തുണയും അക്കാലത്ത് ഉണ്ടായിരുന്നു.
ഇതിനു ശേഷം വന്ന ഹോര്‍മിസ് തരകന് , രമണ്‍ ശ്രീവാസ്തവ, ജേക്കബ് പുന്നൂസ്, കെ.എസ് ബാലസുബ്രമണ്യന് എന്നിവര്‍ വലിയ കുഴപ്പമില്ലാതെ സേനയെ മുന്നോട്ട് കൊണ്ടുപോയവരാണ്. എന്നാല്‍ കെ.ജെ. ജോസഫിനു ശേഷം കര്‍ക്കശക്കാരനായ ഒരു പൊലീസ് മേധാവിയായി വിലസിയത് ടി.പി.സെന്‍കുമാര്‍ ആണ്.
പിണറായി സര്‍ക്കാര്‍ വന്ന ശേഷം സ്ഥാനം തെറിച്ച അദ്ദേഹം പിന്നീട് സുപ്രീം കോടതിയുടെ ഉത്തരവിന്റെ പിന്‍ബലത്തില്‍ തിരികെ വന്നെങ്കിലും ഉടന്‍ തന്നെ വിരമിച്ചു. സെന്‍കുമാറിന്റെ പിന്‍ഗാമിയായി വന്ന ലോക്നാഥ് ബെഹ്റക്ക് പക്ഷേ ചുവടുകള്‍ ഇപ്പോള്‍ ഒന്നൊന്നായി പിഴക്കുകയാണ്. അതിനു വില കൊടുക്കേണ്ടി വരുന്നതാകട്ടെ സര്‍ക്കാറും.
ഇപ്പോള്‍ സംസ്ഥാനത്ത് നടന്ന രണ്ട് സംഭവങ്ങളിലും (കൊച്ചിയിലെ വരാപ്പുഴ, കോട്ടയം) സര്‍ക്കാര്‍ പ്രതിരോധത്തിലാണ്.നേരിട്ട് ഐ.പി.എസ് നേടിയ ചെറുപ്പക്കാരെ ഒഴിവാക്കി പ്രമോട്ടി എസ്.പിമാര്‍ക്കാണ് ഈ ജില്ലകളില്‍ നിയമനം നല്‍കിയിരുന്നത്. എറണാകുളം റൂറല്‍ എസ്.പി ആയിരുന്ന എ.വി ജോര്‍ജ്ജ് ശ്രീജിത്ത് കസ്റ്റഡി മരണ കേസില്‍ പ്രതിക്കൂട്ടിലാണ്. കോട്ടയത്താകട്ടെ പ്രതികള്‍ക്ക് ഒത്താശ ചെയ്ത പൊലീസുദ്യോഗസ്ഥര്‍ ഇപ്പോള്‍ കസ്റ്റഡിയിലുമാണ്. പ്രമോട്ടി എസ്.പി മുഹമ്മദ് റഫീഖിനെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
വരാപ്പുഴ ‘അനുഭവത്തിനു’ ശേഷവും ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തിക്ക് കോട്ടയത്തും ചില പൊലീസുകാര്‍ കൂട്ടു നിന്നു എന്നത് സര്‍ക്കാറിനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ചില പൊലീസ് ഉദ്യോഗസ്ഥരുടെ ചെയ്തികളില്‍ സര്‍ക്കാറും പാര്‍ട്ടിയും പ്രതിരോധത്തില്‍ ആകുന്നതില്‍ സി.പി.എം നേതാക്കളും രോഷാകുലരാണ്.
ഡി.ജി.പിയും ജില്ലാ പൊലീസ് മേധാവിമാരും ശക്തരല്ലങ്കില് പിന്നെ കീഴെയുള്ള ഉദ്യോഗസ്ഥരുടെ കാര്യം പറയാനുണ്ടോ എന്നാണ് എ.ഡി.ജി.പിയായി വിരമിച്ച ഉന്നത ഉദ്യോഗസ്ഥന് ഇപ്പോഴത്തെ സംഭവങ്ങളെ കുറിച്ച് പ്രതികരിച്ചത്. ഇത് താഴെക്കിടയിലെ പൊലീസുദ്യോഗസ്ഥരുടെ പേടി പോകാനും എന്ത് ചെയ്താലും പ്രശ്നമല്ലന്ന മനോഭാവം ഉണ്ടാക്കാനും ഒരു പരിധിവരെ കാരണമായിട്ടുണ്ടത്രെ. പൊലീസ് അസോസിയേഷന്റെ ഇടപെടലുകള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
അതേ സമയം മറ്റു ചില എസ്.പിമാര്‍ക്ക് കെജെ ജോസഫും സെന്‍കുമാറും ഇരുന്ന കസേരയില്‍ നിന്നും അവര്‍ പ്രതീക്ഷിക്കാത്ത ചില ‘ഇടപെടലുകള്‍’ ഉണ്ടാവുന്നതില്‍ കടുത്ത നിരാശ ഉണ്ടെന്നും പറയപ്പെടുന്നു. മാധ്യമങ്ങളെ സുഖിപ്പിക്കലല്ല പൊലീസിങ്ങ് എന്ന് വിശ്വസിക്കുന്നവരാണ് ഇവരില്‍ നല്ലൊരു വിഭാഗവും.
പിണറായി സര്‍ക്കാര്‍ ഡിജിപിയുടെ കാര്യത്തില്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്. ബഹ്റ ഒരു വലിയ പരാജയം ആണെന്ന കാര്യത്തില്‍ ഭരണപക്ഷത്തും ഇപ്പോള്‍ മറിച്ചൊരു അഭിപ്രായമില്ല. പകരം വയ്ക്കാന്‍ ഋഷിരാജ് സിംങ്ങ് അല്ലാതെ മറ്റാരും ഇല്ല. അല്ലങ്കില്‍ ഹേമചന്ദ്രന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കണം. എന്നാല്‍ ഇവര്‍ രണ്ടു പേരും സര്‍ക്കാറിന്റെ ഗുഡ്ലിസ്റ്റില്‍ ഇല്ലാത്തതിനാല്‍ ഇതിനുള്ള സാധ്യത കുറവാണ്. ഇതാണ് ബെഹ്റക്കും ഇപ്പോള്‍ ആശ്വാസമായിരിക്കുന്നത്.
അതേ സമയം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമുള്‍പ്പെടെ ഉന്നത ഐ.പി.എസ് തലത്തില്‍ വലിയ അഴിച്ചുപണി ഉടനെയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.