മുഖ്യമന്ത്രിക്ക് സമനില തെറ്റി; പ്രതിപക്ഷത്തെ കുറ്റംപറയുന്നത് കഴിവുകേട് മറയ്ക്കാന്‍: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിവുകേട് മറയ്ക്കാന്‍ പ്രതിപക്ഷത്തെ കുറ്റം പറയുകയാണെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തല വിടുവായം പറയരുതെന്ന പിണറായിയുടെ ഉപദേശത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കെവിനെ കാണാനില്ല എന്ന വാര്‍ത്ത കൊണ്ടുവന്നത് മാധ്യമങ്ങളാണ്. നാടിനെ അപമാനിക്കുന്നത് മാധ്യമങ്ങളല്ല, മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചിന്റെ സ്വന്തം നാടാക്കിയതിന്റെ ഉത്തരവാദിത്വം പിണറായി വിജയനാണ്. മാധ്യമ ജാഗ്രത മൂലമാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സാധാരണ ജനങ്ങള്‍ വേട്ടയാടപ്പെടുന്ന സംഭവങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിടുവായത്തം പറയുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടും ചെന്നിത്തല പ്രതികരിച്ചു. ഗാന്ധിനഗര്‍ എസ്.ഐക്ക് തന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തൊട്ടടുത്ത ദിവസം എസ്.ഐ പിണറായി വിജയനൊപ്പം നല്കുന്ന ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടു. അതോടെ വിടുവായത്തം പറയുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.
ഏത് മഹാരാജാവ് ഭരണത്തില്‍ ഇരുന്നാലും തനിക്ക് പറയാനുള്ളത് പറയും. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തനിക്കറിയാം. ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ട്. താനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തയാളാണ്. ഇത്തരത്തിലുള്ള ഒരു വീഴ്ചയും അന്ന് ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. മോന്തായം വളഞ്ഞാല്‍ മൊത്തത്തില്‍ വളയുമെന്ന വാസ്തവം മനസിലാക്കണം. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും തലയില്‍ കയറിയിട്ട് കാര്യമില്ല.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പോലീസിനെയാകെ കുറ്റപ്പെടുത്താനാകില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ തുടര്‍ച്ചയായി പത്തെണ്ണം നടന്നുകഴിഞ്ഞു. നാട്ടില്‍ എല്ലാം ഭദ്രമാണെന്ന നിലപാട് തുടര്‍ന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും. പോലീസില്‍ ഘടനാപരമായ മാറ്റം കൊണ്ടുവന്നതില്‍ ഉദ്യോഗസ്ഥരാകെ അസംതൃപ്തരാണ്. ആഭ്യന്തര സെക്രട്ടറി അടക്കമുള്ളവര്‍ ഉത്തരവാദിത്വം നിറവേറ്റുന്നില്ല.
സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ട്. പാര്‍ട്ടി സെക്രട്ടറിയാണോ, മുഖ്യമന്ത്രിയാണോ താനെന്ന ധാരണയില്ലാതെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. പാര്‍ട്ടി സെക്രട്ടറി പറയുന്നതെല്ലാം പ്രവര്‍ത്തകര്‍ പഞ്ചപുച്ഛമടക്കിനിന്ന് കേള്‍ക്കുന്നതുപോലെ പ്രതിപക്ഷവും മാധ്യമ പ്രവര്‍ത്തകരും പെരുമാറണമെന്ന് പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.