സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണിക്ക് സര്‍ക്കാര്‍, മിടുക്കരുടെ പാനല്‍ ഉണ്ടാക്കുന്നു
തിരുവനന്തപുരം: വരാപ്പുഴയ്ക്ക് പുറമെ കോട്ടയത്ത് യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലും പൊലീസ് പ്രതിക്കൂട്ടില്‍ ആയതോടെ പൊലീസില്‍ വലിയ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. എസ്.ഐ തലം മുതല്‍ എ.ഡി.ജി.പി തലം വരെ വ്യാപകമായ അഴിച്ചുപണിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയെ അടക്കം മാറ്റണമെന്ന അഭിപ്രായം ഇടതുപക്ഷത്ത് തന്നെ ശക്തമാണെങ്കിലും പകരം ‘ പറ്റിയ’ ആളില്ല എന്നതാണ് ബഹ്റയ്ക്ക് തുണയാകുന്നത്.
ബഹ്റയെ മാറ്റിയാല്‍ പകരം പിന്നെ പരിഗണിക്കേണ്ടത് ഋഷിരാജ് സിംഗിനെയാണ്. വിജിലന്‍സ് ഡയറക്ടറായി പോലും ഋഷിരാജ് സിംഗിനെ നിയമിക്കരുതെന്ന അഭിപ്രായം ഭരണപക്ഷത്ത് മാത്രമല്ല, പ്രതിപക്ഷത്തും ഉണ്ട്. ഓവര്‍ സ്മാര്‍ട്ട് ആകുന്നതാണ് ഇദ്ദേഹത്തിന് വിനയാകുന്നത്. ഇതിനു ശേഷം പരിഗണിക്കേണ്ട ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ എ. ഹേമചന്ദ്രനും മുഹമ്മദ് യാസിനും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. എന്നാല്‍ കേന്ദ്രം ഉടക്കുമെന്നതിനാല് ഇതിനും സാധ്യതയില്ല. ഈ സാഹചര്യത്തില്‍ പൊലീസ് സംവിധാനത്തില്‍ തന്നെ പാടെ മാറ്റം വരുത്തി ശക്തരായ ഐ.പി.എസ് ഉദ്യോഗസ്ഥരെ കീ പോസ്റ്റില്‍ കൊണ്ടുവരാനാണ് ശ്രമം.
കമ്മീഷണര്‍ പോസ്റ്റ് ലക്ഷ്യമിടുന്ന പ്രമോട്ടി ഡി.ഐ.ജിമാര്‍ക്ക് ഇപ്പോള്‍ കോട്ടയത്തെ പ്രമോട്ടി എസ്.പിയെ മാറ്റി നേരിട്ട് ഐ.പി.എസ് ലഭിച്ച ഹരിശങ്കറിനെ നിയമിച്ചത് അപ്രതീക്ഷിത തിരിച്ചടിയായിട്ടുണ്ട്. ഇങ്ങനെ മാറ്റി നിര്‍ത്തപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയില്‍ നിയോഗിക്കാനാണ് നീക്കം. ഈ മാസം 31ന് തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ഇരിക്കുന്ന നിരവധി ഡി.വൈ.എസ്.പി – പ്രമോട്ടി എസ്.പിമാര്‍ വിരമിക്കുന്നുണ്ട്. ഇവിടങ്ങളിലും മികവ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് ആലോചന. ഇതോടെ പാര്‍ട്ടി ജില്ലാ – സംസ്ഥാന നേതൃത്വങ്ങള്‍ നല്കുന്ന ലിസ്റ്റുമാത്രം പരിഗണിച്ചുള്ള നിയമനത്തിന് കടിഞ്ഞാണ്‍ വീഴും.
കൈക്കൂലി വാങ്ങുന്നവരും മര്യാദക്ക് ജോലി ചെയ്യാത്തവരുമായ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തില്‍ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ ആഭ്യന്തര വകുപ്പ് ശേഖരിക്കുന്നുണ്ട്. ഇവരെ ഉടന്‍ തന്നെ ചുമതലയില്‍ നിന്നും മാറ്റും. നിലവില്‍ നോര്‍ത്ത് സോണ്‍ എ.ഡി.ജി.പിയുടെയും സൗത്ത് സോണ്‍ എ.ഡി.ജി.പിയുടെയും ചുമതല അനില്‍ കന്താണ് വഹിക്കുന്നത്. ക്രമസമാധാന ചുമതലയില്‍ വലിയ പരിചയമില്ലാത്ത ഇദ്ദേഹത്തെ ഇത്രയും വലിയ ചുമതലയില്‍ നിയമിച്ചത് ഇപ്പോള്‍ ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്.നോര്‍ത്ത് സോണില്‍ രാജേഷ്ദിവാന്‍ വിരമിച്ച ഒഴിവാണ് ഇപ്പോഴും നികത്താതെ കിടക്കുന്നത്.
അതേസമയം ക്രമസമാധാന ചുമതലയില്‍ ഒറ്റ എ.ഡി.ജി.പിയെന്ന ശുപാര്‍ശ ഡി.ജി.പി ലോക്നാഥ് ബഹ്റ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ഫയലിലുണ്ട്. അതുപോല തന്നെ റേഞ്ചുകളില്‍ ഡി.ഐ.ജി, സോണലുകളില്‍ ഐ.ജി എന്നിവയാണ് മറ്റു ശുപാര്‍ശകള്‍. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാം എന്ന നിലപാടിലാണ് മുഖ്യമന്ത്രി.
ഇതിനിടെയാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയത്ത് കെവിന് കൊല്ലപ്പെട്ടത്. വരാപ്പുഴയില്‍ എസ്.പിയുടെ സ്ക്വാഡാണ് യുവാവിനെ തട്ടികൊണ്ടു പോയതെങ്കില്‍ കോട്ടയത്ത് തട്ടിക്കൊണ്ട് പോയ സംഘത്തെ പിടികൂടുന്നതില്‍ ലോക്കല്‍ പൊലീസ് വരുത്തിയ വീഴ്ചയാണ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നത്. കെവിന് കൊലക്കേസില്‍ 13 പ്രതികളില്‍ മൂന്നു പേരെ പൊലീസ് ഇതിനകം തന്നെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി ഐ.ജി.വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ശകതമായ അന്വേഷണമാണ് നടക്കുന്നത്. ഗാന്ധി നഗര്‍ എസ്.ഐയെ സസ്പെന്‍ഡ് ചെയ്യുകയും എസ്.പിയെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.