കോഴിക്കോട് നിപ്പ ലക്ഷണങ്ങളോടെ രണ്ട് പേര് കൂടി മരിച്ചു
കോഴിക്കോട്: നിപ്പ രോഗലക്ഷണങ്ങളോടെ കോഴിക്കോട് ഇന്ന് രണ്ട് പേര് മരിച്ചു. കോഴിക്കോട് പേരാമ്പ്ര കൂരാചുണ്ട് സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്. മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു രാജന്. ഇയാളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇതോടെ പനിബാധിച്ച് മരിക്കുന്നവരുടെ എണ്ണം പതിനൊന്നായി.
നിപ്പ വൈറസ് പടരുന്ന സാഹചര്യത്തില്‍ പൂനൈ വൈറോളജിയിലെ വിദഗ്ദ സംഘം ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും. നിപ്പ വൈറസിനെകുറിച്ച് പഠിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്കുന്നതിനുമാണ് അഞ്ചംഗ വൈറോളജി സംഘം കോഴിക്കോടേക്ക് വരുന്നത്. ഇതോടൊപ്പം വെറ്റിനറി സര്‍വകലാശാലയിലെ സംഘവും ഇന്ന് കോഴിക്കോട് എത്തും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറോടെ ഇന്ന് മുതല്‍ ജില്ലയില്‍ തുടരാന്‍ വനം മന്ത്രി രാജു നിര്‍ദേശം നല്കി.
സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളും പ്രവര്‍ത്തനങ്ങളും മനസിലാക്കി ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കാനാണ് സംഘം കോഴിക്കോട് എത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് നിപ്പ വൈറസ് പടരുന്നത്. അതിനാല്‍ സര്‍ക്കാരിന് ഈ മേഖലയില്‍ മുന്‍ പരിചയമില്ല. അതുകൊണ്ട് കേന്ദ്ര നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
നിപ്പ വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. കഴിഞ്ഞ് ദിവസം പരിശോധനയ്ക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവരും. കൂടുതല്‍ ആളുകളുടെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടൊപ്പം മൃഗങ്ങളിലെ നിപ്പ വൈറസ് ബാധ പഠിക്കാന്‍ പ്രത്യേക സംഘവും ഇന്ന് കോഴിക്കോട് എത്തും.
വവ്വാലിലും പന്നികളിലും നിപ്പ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്തിലാണ് മൃഗസംരക്ഷണവകുപ്പ് കോഴിക്കോട് എത്തുന്നത്. വവ്വാലുകളാണ് ചങ്ങരോത്ത് ആദ്യമായി നിപ്പ വൈറസ് മനുഷ്യരില്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ പ്രദേശത്ത് ധാരാളം പന്നികളും ഉണ്ട്. ഇവയില്‍ രോഗബാധ ഉണ്ടായാല്‍ വലിയ ദുരന്തമുണ്ടാകും എന്ന ഭയത്തിലാണ് ആരോഗ്യവകുപ്പ്.
നിപ്പ വൈറസിനെതിരേ ഫലപ്രദമായ ആന്റിവൈറൽ മരുന്നുകളും വാക്സിനും ലഭ്യമല്ലാത്തതുകൊണ്ട് പ്രതിരോധമാർഗങ്ങൾക്കാണ് പ്രാധാന്യം നൽേകണ്ടത്.
മൃഗങ്ങളുമായി അടുത്തിടപഴകേണ്ടിവരുമ്പോൾ ശരിയായ വ്യക്തിശുചിത്വം പാലിക്കണം. രോഗിയെ പരിചരിക്കുമ്പോഴും അടുത്തിടപഴകുമ്പോഴും അതിശ്രദ്ധയുണ്ടാകണം.
രോഗിയെ പരിചരിച്ചശേഷം കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് നന്നായി കഴുകണം. രോഗിയെ ശുശ്രൂഷിക്കുമ്പോൾ കൈയുറകൾക്കും മാസ്കിനുമൊപ്പം കണ്ണിനു സംരക്ഷണം ലഭിക്കാനായി അതിനുള്ള കണ്ണടകളും ധരിക്കണം.
പരിചരിക്കുന്നവരുടെ ശരീരത്തിലും മറ്റും രോഗിയുടെ ശരീരദ്രവങ്ങൾ പറ്റാൻ സാധ്യതയുള്ളതുകൊണ്ട് രോഗിയുമായി ഇടപെടുമ്പോൾ ഗൗൺ ധരിക്കണം.
വായുകണങ്ങളിൽനിന്ന് 95 ശതമാനം സംരക്ഷണം നൽകുന്ന എൻ95 മാസ്കുകൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
രോഗീപരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ െെകയുറകൾ നീക്കം ചെയ്യുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ചോ അണുനാശിനികളായ ക്ലോർപോക്സിഡിൻ, ആൽക്കഹോൾ എന്നിവ അടങ്ങിയ ശുചീകരണലായനികൾകൊണ്ടോ കൈകൾ വൃത്തിയാക്കണം.
രോഗിയുടെ വസ്ത്രം, കിടക്കവിരി, ചികിത്സാ ഉപകരണങ്ങൾ തുടങ്ങിയവയൊക്കെ സുരക്ഷിതമായി കൈകാര്യം ചെയ്യണം. കഴിയുന്നതും ഒറ്റത്തവണ ഉപയോഗിച്ചശേഷം ഉപേക്ഷിക്കാവുന്നതരത്തിലുള്ള വസ്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുക.
രോഗിയിൽനിന്ന് രോഗപ്പകർച്ച ഒഴിവാക്കാനായി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവൽകൊണ്ട് മൂക്കും വായും അടച്ചുപിടിക്കണം.
രോഗം പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യങ്ങളിൽ അനാവശ്യ ആശുപത്രിസന്ദർശനങ്ങൾ ഒഴിവാക്കാം. പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്കു മുതിരാതെ വൈദ്യസഹായം തേടണം.