ബി.ജെ.പിയെ കുരുക്കാന്‍ അണിയറ നീക്കം , ആഭ്യന്തര വകുപ്പ് കോണ്‍ഗ്രസ്സിനു തന്നെ . . !
ബംഗലുരു: ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ അണിയറയില്‍ പദ്ധതികള്‍ തയ്യാറാക്കി കോണ്‍ഗ്രസ്സ്. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതിനു ശേഷം ശക്തമായ പ്രതികാര നടപടി തുടങ്ങാനാണ് നീക്കം.
എം.എല്‍.എമാരെ കോഴ നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാര്ക്കെതിരെയും യെദിയൂരപ്പക്കും മകനുമെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നാണ് അറിയുന്നത്.
മുഖ്യമന്ത്രി പദം ജെ.ഡി.എസിനു നല്കിയതിനാല് ആഭ്യന്തര മന്ത്രി പദം ഉപമുഖ്യമന്ത്രി സ്ഥാനം കയ്യാളുന്ന കോണ്‍ഗ്രസ്സിനു ലഭിക്കണമെന്നതാണ് പാര്‍ട്ടി നിലപാട്. ഇക്കാര്യത്തില്‍ ജെ.ഡി.എസിനും എതിര്‍പ്പില്ല.
മന്ത്രിമാരെ തീരുമാനിക്കുന്നത് സഭയില്‍ കുമാരസ്വാമി വിശ്വാസവോട്ട് നേടിയിട്ട് മതിയെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഉണ്ടെങ്കിലും ഇപ്പോള്‍ തന്നെ ഇതു സംബന്ധമായ വിവരങ്ങള്‍ പുറത്തായതില്‍ ഇരു പാര്‍ട്ടികള്‍ക്കും ആശങ്കയുണ്ട്.
മന്ത്രി സ്ഥാനം കിട്ടാത്ത അസംതൃപ്തരെ ഉപയോഗിച്ച് വീണ്ടും ഒരു ‘അണിയറ’ കളിക്ക് ബി.ജെ.പി തയ്യാറാകുമെന്ന ഭയമാണ് ആശങ്കക്ക് കാരണം.
കുമാരസ്വാമിക്ക് കൂടി സഭയില്‍ വിശ്വാസവോട്ട് നേടാനായില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിലേക്ക് കര്‍ണ്ണാടക പോകും. ഈ സാധ്യത കൂടി മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ്സ് – ജെ.ഡി.എസ് പാര്‍ട്ടികള്‍ ഇപ്പോള്‍ തന്ത്രങ്ങള്‍ മെനയുന്നത്.
അതേ സമയം സര്‍ക്കാര്‍ അധികാരമേറ്റു കഴിഞ്ഞാല്‍ ബി.ജെ.പിയുടെ സാമ്പത്തിക സ്രോതസായ ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാരെ ലക്ഷ്യമിട്ട് നീങ്ങണമെന്ന പൊതു നിലപാട് ജെ.ഡി.എസ് – കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്.
ഇവര്‍ക്ക് മുന്നില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയാല്‍ പിന്നെ കുതിരക്കച്ചവടവുമായി ഇറങ്ങാന്‍ പേടിക്കുമെന്നാണ് കണക്കുകൂട്ടല്‍. സര്‍ക്കാറിന്റെ ഭാവിക്കും അതു തന്നെയാണ് നല്ലതെന്നാണ് പൊതുവികാരം.
പൊലീസിലെ ഒരു വിഭാഗം യെദിയൂരപ്പക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതിനെയും കോണ്‍ഗ്രസ്സ് – ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കെതിരെ നീക്കം നടത്തിയതിനെയും ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
തമിഴകത്ത് മുന്‍പ് നടന്ന ജയലളിത – കരുണാനിധി പോരിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ കര്‍ണ്ണാടകയില്‍ ഉണ്ടായിരിക്കുന്നത്. കുമാരസ്വാമി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ എന്ത് ‘കുമാര സംഭവ’മാണ് കര്‍ണ്ണാടകയില്‍ നടക്കാന്‍ പോകുന്നതെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ജനങ്ങള്‍.