ന്യൂഡൽഹിയിലെ ജി .കെയെ കവച്ചുവയ്ക്കും കോൺഗ്രസ്സിലെ ഈ . . ഡി.കെയുടെ ബുദ്ധി !
ബംഗളുരു: ന്യൂഡല്‍ഹി എന്ന സിനിമ മെഗാസ്റ്റാര്‍ മമ്മുട്ടി എന്ന നടനെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സിനിമയാണ്. മമ്മുട്ടി ജീവന് പകര്‍ന്ന ഡി.കെ എന്ന ജി. കൃഷ്ണമൂര്‍ത്തിയുടെ പ്രതികാരവും അതിന് അദ്ദേഹം ഉണ്ടാക്കുന്ന പ്ലാനും ഏറെ കയ്യടി നേടിയ രംഗങ്ങളാണ്.
കര്‍ണ്ണാടകയില്‍ ഡി.കെ എന്നറിയപ്പെടുന്ന ഡി.കെ ശിവകുമാര്‍ മറ്റൊരു തരത്തില്‍ നോക്കിയാല്‍ മമ്മുട്ടിയുടെ ഡി.കെയോട് താരതമ്യം ചെയ്യാന്‍ പറ്റാവുന്ന കഥാപാത്രമാണ്.
സാങ്കല്‍പ്പിക കഥയില്‍ മമ്മുട്ടിയുടെ കഥാപാത്രം പ്ലാന്‍ ചെയ്ത് നടത്തുന്ന കൊലപാതകങ്ങള്‍ക്കാണ് കയ്യടിയെങ്കില്‍ ഇവിടെ യഥാര്‍ത്ഥ ജീവിതത്തില്‍ തന്ത്രങ്ങളും ചങ്കുറപ്പും ഉയര്‍ത്തിപ്പിടിച്ചാണ് ഡി.കെ എന്ന കോണ്‍ഗ്രസ്സ് നേതാവ് താരമാകുന്നത്.
രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ തഴഞ്ഞതിനാല്‍ കഴിഞ്ഞ തവണ മുഖ്യമന്ത്രിയാകാന്‍ കഴിയാതിരുന്ന ഡി.കെ ശിവകുമാര്‍ അവസരം വന്നപ്പോള്‍ രാജ്യത്തെ പ്രതിപക്ഷത്തിന്റെ മാനമാണ് ഇപ്പോള്‍ കാത്തത്.
കേന്ദ്ര ഭരണവും വിതറാന്‍ കോടികളുടെ കോഴപ്പണവുമായി രംഗത്തുണ്ടായിരുന്ന ബി.ജെ.പിയുടെയും റെഡ്ഡി സഹോദരന് മാരുടെയും കഴുക കണ്ണുകളില്‍ നിന്നും എം.എല്‍.എമാരെ ഒറ്റക്കെട്ടായി നിര്‍ത്തിയത് ഈ നേതാവിന്റെ ചങ്കുറപ്പിനു മുന്നിലാണ്.
എം.എല്‍.എമാരെ ഹൈദരാബാദില്‍ എത്തിക്കുവാനും തിരികെ കൊണ്ടുവരാനും മുന്പില് വഴികാട്ടി കുതിച്ചത് ഡി.കെ യുടെ വാഹനവും സായുധ അനുയായി പടകളുമാണ്.
കേരളത്തില്‍ നിന്നും തെരെഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന കെ.സി വേണുഗോപാല്‍, പി.സി വിഷ്ണുനാഥ് എന്നിവര്‍ ഒരുക്കിയ തന്ത്രങ്ങള്‍ പോലും നടപ്പാക്കിയത് ഡി.കെ യാണ്.
നാളത്തെ സംഭവം ഇന്നു വാര്‍ത്തയാക്കുന്ന ന്യൂഡല്‍ഹി സിനിമയിലെ ഡി.കെ യെ പോലെ ശനിയാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയത്തിനു മുന്‍പ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് സ്വന്തം എം.എല്‍.എമാര്‍ക്ക് മാത്രമല്ല മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെള്ളിയാഴ്ച വ്യക്തമാക്കാനും ഡി.കെ ശിവകുമാര്‍ തയ്യാറായി എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
ഭൂരിപക്ഷം തെളിയിക്കാനാവാതെ യെദ്യൂരപ്പ രാജിവെച്ച് നാണംകെട്ട് പിന്മാറുമ്പോള് അത് കോണ്‍ഗ്രസിന്റെ തന്ത്രങ്ങളുടെ വിജയംകൂടിയാണ്. മഹാരാഷ്ട്രയില്‍ വിലാസ്റാവു ദേശ്മുഖിനെ മുഖ്യമന്ത്രിസ്ഥാനത്തു നിലനിര്‍ത്താന്‍ വഴിയൊരുക്കിയ, മോഡിയുടെയും അമിത്ഷായുടെയും തന്ത്രങ്ങളെ തോല്‍പ്പിച്ച് ആഹമ്മദ് പട്ടേലിനെ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്കു പറഞ്ഞയച്ച ഡി.കെ.എസ് കര്‍ണാടകയിലും കോണ്‍ഗ്രസിന്റെ രക്ഷകനാവുകയായിരുന്നു.
ഇന്‍കംടാക്സ് വകുപ്പിനെ ഉപയോഗിച്ച് 60 തവണ റെയ്ഡ് ചെയ്ത് വേട്ടയാടിയിട്ടും പത്തിമടക്കാതെ കോണ്‍ഗ്രസിനു വേണ്ടി പൊരുതിജയിച്ച പോരാളി.
കര്‍ണാടക രാഷ്ട്രീയത്തില്‍ വളര്‍ന്നു പന്തലിച്ച് പ്രധാനമന്ത്രിവരെയായ എച്ച്.ഡി ദേവഗൗഡയെ കന്നി മത്സരത്തില്തോല്പിച്ചാണ് ഡി.കെ ശിവകുമാര്‍ എന്ന രാഷ്ട്രീയ നേതാവ് കോണ്‍ഗ്രസിലെ താരമായത്. 29ാം വയസില്‍ ദേവഗൗഡയെ തോല്‍പ്പിച്ച യുവതുര്‍ക്കിക്ക് അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബംഗാരപ്പ മന്ത്രി സ്ഥാനം നല്കി. വൊക്കലിംഗ സമുദായക്കാരനായ ഡി.കെ ശിവകുമാര്‍ എന്നും ഗൗഡക്കെതിരായിരുന്നു. എസ്.എം കൃഷ്ണ മുഖ്യമന്ത്രിയായപ്പോഴും സിദ്ദാരാമയ്യ മുഖ്യമന്ത്രിയായപ്പോഴും മന്ത്രി സ്ഥാനം ലഭിച്ചു. ഈ തെരഞ്ഞെടുപ്പില്‍ കനകപുര മണ്ഡലത്തില്‍ നിന്നും 49660 വോട്ടുകള്‍ക്കാണ് ഡി.കെ.എസ് വിജയിച്ചത്.
2002ല്‍ കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് അവിശ്വാസം നേരിട്ടപ്പോള്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി എസ്.എം കൃഷ്ണ പ്രശ്നപരിഹാരത്തിന് വിട്ടു നല്‍കിയത് ചുറുചുറുക്കുള്ള നഗരവികസനമന്ത്രി ഡി.കെ ശിവകുമാറിനെയായിരുന്നു. ബി.ജെ.പിയും ശിവസേനയും റാഞ്ചാതെ കോണ്‍ഗ്രസ് അനുകൂല എം.എല്‍.എമ്മാരെ ബാംഗ്ലൂരിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ച് അവിശ്വാസപ്രമേയദിവസം ംെ.എല്‍.എമാര്‍ക്കൊപ്പം കാറോടിച്ച് ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി. വില്സാറാവു ദേശ്മുഖിന്റെ മന്ത്രിസഭ നിലനിര്‍ത്തിയ ഡി.കെ ശിവകുമാറിന്റെ തന്ത്രങ്ങള്‍ അന്ന് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. 251 കോടി ആസ്തിയുള്ള ബിസിനസുകാരനായ ഡി.കെ അന്നു മുതല്‍ പ്രതിസന്ധികളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ, പ്രത്യേകിച്ച് സോണിയ ഗാന്ധിയുടെ വിശ്വസ്ഥനായ ക്രൈസിസ് മാനേജറാണ്.