അമ്മയെ വേശ്യയെന്ന് അധിക്ഷേപിച്ചു, എന്നെ മനോരോഗിയാക്കി: പിതാവിനെതിരെ നടി കനക
ഗോഡ്ഫാദര് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ചത് ഒരു പുതുമുഖ നായികയെയായിരുന്നു. മലയാള നടി കനക എന്നു കേട്ടാല്‍ ആരും മറക്കില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് സിനിമയിലും സജീവമായിരുന്ന നടിയായിരുന്നു കനക. ഇതിനിടയ്ക്ക് ആരുമറിയാതെ മാധ്യമങ്ങള്‍ കനകയ്ക്ക് ക്യാന്‍സര്‍ ബാധിച്ച് മരിച്ചെന്ന വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. തന്റെ ജീവിത്തില്‍ എന്താണ് ഉണ്ടായതെന്ന് ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തോട് തുറന്നു പറഞ്ഞിരിക്കുകയാണ് കനക.
പിതാവാണ് തന്റെ ജീവിതം തകര്‍ത്തതെന്ന് കനക പറയുന്നു. എനിക്ക് മനോരോഗമാണെന്ന് പ്രചരിപ്പിച്ചതിനു പിന്നില്‍ അച്ഛന് ദേവദാസായിരുന്നു. അച്ഛന് പറയുന്നത് കേള്‍ക്കാതിരുന്നതിനും അനുസരിക്കാതിരുന്നതിനും കാരണം എനിക്ക് മനോരോഗമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
മനോരോഗമാണെന്ന് മാത്രമല്ല അമ്മയുടെ പോലെ ഒപ്പിട്ട് വില്‍പ്പത്രം തയാറാക്കിയതായും പറഞ്ഞിരുന്നു. മനോരോഗി എന്ന് പറഞ്ഞത് പോട്ടെ എന്നു വെച്ചാലും ഞാന്‍ മയക്കുമരുന്നിന് അടിമയാണെന്ന് പറഞ്ഞ് പരത്തിയിരുന്നു. അമ്മ വേശ്യയാണെന്ന് വരെ പറഞ്ഞിരുന്ന ഒരാള്‍ മകളെ മയക്കുമരുന്നിന് അടിമയാക്കിയതില് വലിയ പുതുമയൊന്നുമില്ലെന്നും കനക പറയുന്നു. അതൊക്കെ ശീലമായി മാറിയിരിക്കുന്നു എനിക്ക്.
എനിക്ക് 14-15 വയസുള്ളപ്പോള്‍ എന്നെ വിട്ടുകിട്ടാനായി അച്ഛന് കേസ് കൊടുത്തു. ഭാര്യയ്ക്ക് മകളെ വളര്‍ത്താന്‍ അറിയില്ലെന്നായിരുന്നു വാദം. ഇതിനെ തുടര്‍ന്ന് കോടതിയില്‍ നിന്നും ഇഞ്ചക്ഷന് ഓര്‍ഡര്‍ വന്നു. അതോടെ കരാട്ടെക്കാരന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടി വന്നു. ഞാന്‍ അമ്മയുടെ ഒരേയൊരു മകളാണ്. എനിക്കൊരു ഇരട്ടസഹോദരി ഉണ്ടായിരുന്നെങ്കിലും മരിച്ച് പോയിരുന്നു. ആകെയുള്ള മകളായതിനാല്‍ അമ്മയ്ക്ക് എന്നോട് വലിയ സ്നേഹമായിരുന്നു.
എന്റെ ഇരുപത്തിയൊമ്പതാമത്തെ വയസിലാണ് അമ്മ മരിക്കുന്നത്. ആ പ്രായം വരെ അമ്മ എനിക്ക് ഭക്ഷണം വാരിത്തരുമായിരുന്നു. അമ്മയെക്കുറിച്ച് ആര് മോശമായി പറഞ്ഞാലും എനിക്കത് ക്ഷമിക്കാനാകില്ല.
ഒരു ചിത്രത്തോടെ അഭിനയ ജീവിതം നിര്‍ത്തണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ നിരവധി സിനിമകള്‍ ചെയ്തു. അത് വളരെ അതിശയമാണ്. എന്നെ വളര്‍ത്തുന്നതിന് വേണ്ടിയാണ് അമ്മ അഭിനയം നിര്‍ത്തിയത്.
കനകയ്ക്ക് ക്യാന്‍സര്‍ ആണെന്നും മരിച്ചെന്നും തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ നടി തള്ളിക്കളഞ്ഞിരിക്കുകയാണ്. എന്നെ ആലപ്പുഴയിലെ ക്യാന്‍സര്‍ സെന്ററില്‍ കണ്ടെന്ന് പറഞ്ഞിരുന്നു. ചെന്നൈയില്‍ ക്യാന്‍സര്‍ സെന്റര്‍ ഉള്ളപ്പോള്‍ താന്‍ എന്തിന് ആലപ്പുഴയില്‍ പോകണമെന്നും കനക ചോദിക്കുന്നു. അത് മാത്രമല്ല തനിക്ക് ഒരു അസുഖവുമില്ലെന്നും കനക പറയുന്നു.