മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് മറികടന്ന് വിദേശ വനിതയുടെ മൃതദേഹം സംസ്കരിച്ചു; തെളിവുകള്‍ നശിപ്പിക്കാനുള്ള പൊലീസിന്റെ നടപടിയാണെന്ന് ബിജെപി
തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം സംസ്കരിച്ചു. തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. മൃതദേഹം ദഹിപ്പിക്കരുതെന്നും മറവ് ചെയ്താല്‍ മതിയെന്നും മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിനെ മറികടന്നാണ് ലാത്വിന്‍ വനിതയുടെ സംസ്കാരം നടന്നത്.
വിദേശ വനിത കൊല്ലപ്പെട്ടതാണെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് അന്വേഷണം മുന്നോട്ടുപോകുന്നതിന് മൃതദേഹം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിന് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമായി വരുമെന്നും ചിലപ്പോള്‍ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടി വരുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിറക്കിയത്.
എന്നാല്‍, മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് തരംതാണതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കമ്മീഷന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. വിദേശവനിതയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷിച്ച ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഡി ജി പി ലോക്നാഥ് ബെഹ്റ അഭിനന്ദിച്ചു. ഇവര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 14നാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് വിദേശവനിതയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചില്‍ ഇവര്‍ എത്തി. ഓട്ടോറിക്ഷയിലാണ് ഇവര്‍ ഇവിടെ വരെയെത്തിയത്. തുടര്‍ന്ന് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് പോവുകയും ചെയ്തു. ഇവിടെവച്ചാണ് ഉമേഷും ഉദയനും വിദേശവനിതയെ കാണുന്നത്. തുടര്‍ന്ന് കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഫൈബര്‍ ബോട്ടിലാണ് ഇവരെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ ലഹരി ഉപയോഗിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചരയ്ക്കു ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഫോറന്‍സിക്ഫലവും രാസപരിശോധനാഫലവും ലഭിച്ചതിനു ശേഷമാണ് ഇവരെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് വിദേശവനിതയുടെ ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തില്‍നിന്ന് കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കണ്ടല്‍ക്കാട്ടില്‍നിന്നു കണ്ടെത്തിയ മുടിയിഴകള്‍ പ്രതികളുടേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.