ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം: തീരുമാനം എടുക്കാതെ കൊളീജിയം
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാതെ കൊളീജിയം. ഒരു മണിക്കൂര്‍ നീണ്ട യോഗമാണ് തീരുമാനം എടുക്കാതെ പിരിഞ്ഞത്. കൂടുതല്‍ ചര്‍ച്ച വേണമെന്ന് യോഗത്തില്‍ ധാരണയായി.
കേന്ദ്രം തിരിച്ചയച്ച നിയമന ശുപാര്‍ശയാണ് കൊളീജിയം യോഗം പരിഗണിച്ചത്. പ്രാധിനിധ്യമില്ലാത്ത ഹൈക്കോടതികളുണ്ടെന്ന കേന്ദ്രത്തിന്റെ പരാമര്‍ശവും പരിഗണിച്ചു. കൊല്‍ക്കത്ത, രാജസ്ഥാന്, തെലുങ്കാന-ആന്ധ്രപ്രദേശ് ഹൈക്കോടതികളിലെ ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തുന്ന കാര്യവും കൊളീജിയം യോഗത്തില്‍ ചര്‍ച്ച ചെയ്തു.
അവധിയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ അടക്കം എല്ലാ ജഡ്ജിമാരും യോഗത്തില്‍ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍, കുര്യന് ജോസഫ് എന്നിവരടങ്ങുന്നതാണ് കൊളീജിയം. കെ.എം.ജോസഫിനൊപ്പം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഏപ്രില്‍ 27നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ.
കഴിഞ്ഞ ജനുവരി പത്തിനാണ് ഉത്തരാഖണ്ഡ് ചീഫ്ജസ്റ്റിസ് കെ.എം.ജോസഫിനെയും, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. മൂന്നു മാസം കഴിഞ്ഞിട്ടും നിയമനം അംഗീകരിക്കാന്‍ തയാറാകാത്ത കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന് ജോസഫ് എന്നിവര്‍ കേന്ദ്രത്തിനെതിരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്ത് നല്കി. വിശാലബെഞ്ച് രൂപികരിച്ചു ഈ വിഷയം പരിഗണിക്കണമെന്നും കുര്യന് ജോസഫ് ആവശ്യപെട്ടു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നും ആവശ്യപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രം കേന്ദ്രം അംഗീകരിച്ചത്.