‘മണിക് സർക്കാറിരുന്ന കസേരയാണ് ‘ത്രിപുര മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി ! !
ന്യൂഡല്‍ഹി: ബി.ജെ.പിക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും രാഷ്ട്രീയ നിലപാടുകള്‍ മാറ്റിവച്ച് ബഹുമാനിക്കുന്ന നേതാവാണ് സി.പി.എം പി.ബി അംഗവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍. കാല് നൂറ്റാണ്ടോളം നീണ്ടു നിന്ന ചെങ്കൊടി ഭരണം അവസാനിപ്പിച്ച് ബി.ജെ.പി ത്രിപുര ഭരണം പിടിച്ചപ്പോള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലന്ന് ആദ്യം സി.പി.എം പ്രഖ്യാപിച്ചിരുന്നു.
ബംഗാളില്‍ മമതയുടെ തൃണമുല്‍ കോണ്‍ഗ്രസ്സ് അഴിച്ചുവിട്ടതിനു സമാനമായ ആക്രമണം ത്രിപുരയില്‍ ബി.ജെ.പി ആര്.എസ്.എസ് പ്രവര്‍ത്തകര്‍ സി.പി.എമ്മിനെതിരെ അഴിച്ചുവിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ഈ തീരുമാനം.
തുടര്‍ന്ന് പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി ബിപ്ലവദേവിനെയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനെയും മണിക് സര്‍ക്കാറിനെ നേരിട്ട് കണ്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
മുഖ്യമന്ത്രി പദം ഒഴിഞ്ഞതിനെ തുടര്‍ന്ന് സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് താമസം മാറ്റിയ മണിക് സര്‍ക്കാറിനെ അവിടെ എത്തിയാണ് ഇരുവരും സത്യപ്രതിജ്ഞക്ക് ക്ഷണിച്ചിരുന്നത്.
തുടര്‍ന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി എല്‍.കെ അദ്വാനിയുള്പ്പടെയുള്ളവരെ അവഗണിച്ച് മണിക് സര്‍ക്കാറിന് കൈ കൊടുത്തതും തുടര്‍ന്ന് പ്രത്യേകം മാറ്റി നിര്‍ത്തി സംസാരിച്ചതുമെല്ലാം ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു.
മണിക് സര്‍ക്കാറിനെ പോലെ ലാളിത്വജീവിതം നയിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പോലും പ്രവര്‍ത്തനത്തിലെങ്കിലും ആ മാതൃകയും മനസ്സില്‍ കാണണമെന്ന ഉപദേശവും മോദി ബിപ്ലവദേവിന് നല്‍കിയിരുന്നു.
എന്നാല്‍ മോദിയുടെ ഈ കണക്ക് കൂട്ടലുകള്‍ എല്ലാം തകര്‍ത്താണ് ഇപ്പോള്‍ ത്രിപുര മുഖ്യമന്ത്രി ജനങ്ങള്‍ക്കിടയില്‍ പരിഹാസ കഥാപാത്രമായി മാറിയിരിക്കുന്നത്. ഇയാളുടെ വിഡ്ഢിത്തരമായ പ്രസ്താവനകള്‍ ദേശീയ തലത്തില്‍ തന്നെ ബി.ജെ.പിക്ക് തലവേദനയായിരിക്കെയാണ് ഡല്‍ഹിക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി തന്നെ നേരിട്ട് ശാസിച്ചത്.
മഹാഭാരത കാലഘട്ടത്തിലും ഇന്റര്‍നെറ്റ് സംവിധാനം നിലനിന്നിരുന്നുവെന്നും, സിവില്‍ എന്‍ജിനിയറിംഗ് കഴിഞ്ഞവരാണ് സിവില്‍ സര്‍വീസിന് അപേക്ഷിക്കേണ്ടതെന്നും, യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു ശ്രമിക്കാതെ ഉപജീവന മാര്‍ഗത്തിനായി പശുവിനെ വളര്‍ത്തണമെന്നും തുടങ്ങിയ പരാമര്‍ശങ്ങളാണ് ബിപ്ലവ് ദേവിനെ വിവാദത്തില്‍ കൊണ്ടു ചെന്നെത്തിച്ചത്.
നിരവധി വര്‍ഷം ത്രിപുര ഭരിച്ച മണിക് സര്‍ക്കാറിന്റെ ആകെ ബാങ്ക് ബാലന്‍സ് 2,410 രൂപയാണ്. സ്വന്തമായി വീടു പോലും ഇല്ലാത്ത ഇദ്ദേഹത്തെ രാഷ്ട്രീയ എതിരാളികള്‍ പോലും ‘ദരിദ്ര മുഖ്യമന്ത്രി’ എന്നാണ് വിളിച്ചിരുന്നത്. നാക്ക് പിഴച്ച് ഒരു വിവാദവും ഇന്നു വരെ ഈ കമ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല