കരട് രാഷ്ട്രീയ പ്രമേയത്തിന്മേല് വോട്ടെടുപ്പിനായി വി.എസ്; രഹസ്യവോട്ടെടുപ്പില്ലെങ്കില് പ്രതിഷേധിക്കുമെന്ന് ബംഗാള്‍ ഘടകം
ഹൈദരബാദ്: സിപിഐഎം ഇരുപത്തിരണ്ടാമത് പാര്‍ട്ടികോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികള്‍ പിന്‍വലിക്കില്ലെന്ന് ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. ഭേദഗതി അംഗീകരിച്ചില്ലെങ്കില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യം. മതേതര ജനാധിപത്യ പാര്‍ട്ടികളുമായി യോജിക്കണമെന്നാണ് ഭേദഗതി. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇത് വേണമെന്നും വി.എസ് അച്യുതാനന്ദന് വ്യക്തമാക്കി. കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പ്രമേയത്തിന്മേല് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന യെച്ചൂരി പക്ഷത്തിന്റെ ആവശ്യത്തിന് തിരിച്ചടി നേരിടുന്നതിനിടെയാണ് വിഎസിന്റെ നിലപാട്.
മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വി.എസ് അച്യുതാനന്ദന് പാര്‍ട്ടികോണ്‍ഗ്രസ് തുടങ്ങിയപ്പോഴും ആവശ്യപ്പെട്ടിരുന്നു . വര്‍ഗീയതയെ തോല്പിക്കാന് ഇത് ആവശ്യമാണെന്നും വി.എസ് വ്യക്തമാക്കിയിരുന്നു. ബിജെപിയെ തോല്പിക്കാന് കോണ്‍ഗ്രസുമായി കൂട്ട് കൂടാം. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് മാറ്റം വന്നിട്ടുണ്ടെന്നും വി.എസ് പറഞ്ഞിരുന്നു.
ഇതിനിടെ രഹസ്യവോട്ടെടുപ്പില്ലെങ്കില് പ്രതിഷേധിക്കുമെന്ന് ബംഗാള്‍ ഘടകം മുന്നറിയിപ്പ് നൽകി. ആവശ്യമെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിക്കുമുന്നിലും പ്രതിഷേധിക്കുമെന്നും പ്രതിനിധികൾ വ്യക്തമാക്കി. രഹസ്യബാലറ്റില്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യവുമായി അഞ്ച് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു പഞ്ചാബ്, ബിഹാര്‍, മഹാരാഷ്ട്ര, ഗോവ, ഒഡീഷ എന്നീ ഘടകങ്ങളാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്.
പ്രമേയം പാസാക്കാന്‍ രഹസ്യവോട്ടിന് പാര്‍ട്ടി ഭരണഘടനയില്‍ വകുപ്പോ കീഴ്വഴക്കമോ ഇല്ലെന്ന് പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷ അഭിപ്രായം പരാജയപ്പെടുന്നത് ആര്‍ക്കെങ്കിലും പദവിയില്‍ തുടരാന്‍ തടസമല്ലെന്നും കാരാട്ട് പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള കടുത്ത ഭിന്നത തുടരുകയാണ്. ചര്‍ച്ച പൂര്‍ത്തിയായപ്പോള്‍ പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് രേഖയ്ക്ക് അനുകൂലമായാണ് കൂടുതല്‍പേരും സംസാരിച്ചത്. കേരളത്തില്‍നിന്നുള്ള പ്രതിനിധികള്‍ സീതാറാം യെച്ചൂരിയെ കടന്നാക്രമിച്ചു.
കേരളത്തില്‍ നിന്ന് സംസാരിച്ച കെ.കെ. രാഗേഷ് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. കരട് രാഷ്ട്രീയപ്രമേയത്തിലെ ഭിന്നതകള്‍ കേന്ദ്രകമ്മിറ്റിയില്‍ തീര്‍ക്കേണ്ടതായിരുന്നെന്നും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഭിന്നതകള്‍ വലിച്ചിഴച്ചത് ശരിയായില്ലെന്നും രാഗേഷ് പറഞ്ഞു. പാര്‍ട്ടിയെ കോണ്‍ഗ്രസിന് അടിയറവെക്കരുതെന്ന് കെ.കെ.രാഗേഷ് പറഞ്ഞു. കോണ്‍ഗ്രസിനായി പിന്‍വാതില്‍ തുറന്നിട്ടാണ് യച്ചൂരി എത്തിയിരിക്കുന്നത്. മൂന്നുവര്‍ഷമായി പാര്‍ട്ടി നിലപാടുകള്‍ അദ്ദേഹം അംഗീകരിക്കുന്നില്ല. ബദല്‍ നിലപാടുമായാണ് നീക്കമെന്നും യച്ചൂരിയുടേത് അടവുനയമല്ല, അവസരവാദമാണെന്നും കെ.കെ.രാഗേഷ് തുറന്നടിച്ചു.