ബി.ജെ.പി വിരുദ്ധമുന്നണിക്ക് ശ്രമം നടത്താന്‍ സി.പി.എം, പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തീരുമാനം
ഹമ്മദ് അമീന് നഗര്‍ ( ഹൈദരാബാദ്) : കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും മതേതര ചേരികളുടെ കൂട്ടായ്മ ഉണ്ടാക്കാനും സി.പി.എം മുന്‍കൈ എടുക്കും. പാര്‍ട്ടി കോണ്‍ഗ്രസ്സ് ഇതു സംബന്ധമായ തീരുമാനം കൈകൊള്ളുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
കര്‍ഷക സമരം ഇതിനകം തന്നെ പാര്‍ട്ടി കര്‍ഷക വിഭാഗം ഏറ്റെടുത്ത് കഴിഞ്ഞു. ഇത് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നിര്‍ദ്ദേശവും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉണ്ടാകും.
വിദ്യാര്‍ത്ഥി യുവജനരംഗത്തും കാര്യമായ മുന്നേറ്റം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത അനിവാര്യമായതിനാല്‍ ഇക്കാര്യത്തിലും ശക്തമായ ഇടപെടല്‍ നടത്താനാണ് നീക്കം. സി.ഐ.ടി.യു, കിസാന്‍ സഭ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ വര്‍ഗ്ഗ ബഹുജന സംഘടനാ നേതാക്കളും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കന്നുണ്ട്.
ദേശീയ തലത്തില്‍ ശക്തമായ ബദല്‍ ബി.ജെ.പിക്ക് എതിരെ ഉയര്‍ത്തി കൊണ്ടുവരാന്‍ പാര്‍ട്ടി നേതൃത്വം മുന്‍കൈ എടുക്കണമെന്ന വികാരം സമ്മേളന പ്രതിനിധികള്‍ക്കിടയില്‍ ശക്തമാണ്.
Sitaram Yechury
ബംഗാളിലെ തിരിച്ചടിയെ തുടര്‍ന്ന് ‘രണ്ടടി’ പിന്നോട്ട് വച്ചത് ശരിയായില്ലന്ന നിലപാടിലാണ് വിവിധ സംസ്ഥാന ഘടകങ്ങള്‍. മമതക്കും തൃണൂലിനും കിംഗ് മേക്കറാവാന്‍ അവസരം കൊടുക്കാതെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഇടപെടണമെന്ന നിര്‍ദ്ദേശം സമ്മേളന പ്രതിനിധികള്‍ ഉയര്‍ത്തുമെന്നാണ് സൂചന.
ഒന്നാം യു.പി.എ മന്ത്രിസഭയുണ്ടാക്കാനും അതിനു മുന്‍പ് മൂന്നാം മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കാനും അന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ചരട് വലിച്ച ബുദ്ധികേന്ദ്രമായിരുന്നു യെച്ചൂരി.
പഴയ തന്ത്രം ദേശീയ തലത്തില്‍ വീണ്ടും സ്വീകരിക്കാന്‍ സമയമായതായാണ് സമ്മേളന പ്രതിനിധികള്‍ക്കിടയിലെ അഭിപ്രായം.
കേരളത്തില്‍ നിന്നും 15 സീറ്റും ബംഗാളില്‍ നിന്നും കുറഞ്ഞത് 10 സീറ്റ് മറ്റ് സംസ്ഥാനങ്ങളില്‍ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് 15 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ ദേശീയ തലത്തില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്താന്‍ കഴിയുമെന്നാണ് ഒരു വിഭാഗത്തിന്റെ കണക്ക് കൂട്ടല്‍.
കര്‍ഷകസമരത്തിന് പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത മഹാരാഷ്ട്ര ,രാജസ്ഥാന്, മധ്യപ്രദേശ് തുടങ്ങിയ ഇടങ്ങളില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞതിനാല്‍ മതനിരപേക്ഷ പാര്‍ട്ടികളുമായി ധാരണയില്‍ മത്സരിച്ചാല്‍ ആ പ്രതീക്ഷിത നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നതാണ് പ്രതീക്ഷ.
CPM party congress
ബി.ജെ.പിയും കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന മൂന്നാമത്തെ പാര്‍ട്ടിയായി സി.പി.എമ്മിനെ മാറ്റാന്‍ ആവശ്യമായ ചര്‍ച്ചകള്‍ പാര്‍ട്ടി കോണ്ഗ്രസ്സിലുണ്ടാകും.
തമിഴകത്ത് എ.ഐ.എ.ഡി.എം കെ തകര്ന്നടിയുമെന്നതും ബംഗാളില്‍ കഴിഞ്ഞ തവണത്തെ വിജയം മമതക്ക് ആവര്‍ത്തിക്കാന്‍ കഴിയില്ല എന്നതും ഇവരുടെ സീറ്റുകളില്ല ഗണ്യമായ കുറവുണ്ടാക്കുമെന്ന് സി.പി.എം കരുതുന്നു.
യു.പിയില്‍ സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും നേട്ടമുണ്ടാക്കുമെങ്കിലും ഒറ്റക്ക് വലിയ നമ്പറിലേക്ക് രണ്ട് പാര്‍ട്ടികള്‍ക്കും എത്താന്‍ കഴിയില്ല എന്നതാണ് ഉറച്ച വിശ്വാസം. ബിഹാറില്‍ ലാലു പ്രസാദിന്റെ ആര്.ജെ.ഡിയുടെ സ്ഥിതിയും ഇതുപോലെ തന്നെയാവുമെന്നാണ് സി.പി.എം നിഗമനം.
മമത ഒഴികെയുള്ള മൂന്നാം ചേരിയിലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുള്ള ബന്ധം തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഉപയോഗപ്പെടുത്തി നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സി.പി.എം ആവിഷ്ക്കരിക്കും. കോണ്‍ഗ്രസ്സുമായുള്ള ധാരണയെ എതിര്‍ക്കുന്ന നേതാക്കള്‍ പോലും ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ് എന്നതും ശ്രദ്ധേയമാണ്.