എസ്.പിയെ വിട്ട് പൊലീസുകാരെ പിടിച്ച് . . . ഐ. ജിയുടെ ‘വീരകൃത്യം’ പരക്കെ പ്രതിഷേധം
കൊച്ചി: പിടിച്ചു കൊണ്ടുവരാന്‍ പറഞ്ഞ് വിട്ട റൂറല്‍ എസ്.പിക്കെതിരെ കേസുമില്ല, അറസ്റ്റുമില്ല. മേലുദ്യോഗസ്ഥന്റെ വാക്ക് കേട്ട് എടുത്ത് ചാടി ‘ഓവര്‍ സ്മാര്‍ട്ടായവര്‍ മാത്രം കുടുങ്ങി. ഇത് താന്‍ടാ പൊലീസ് നീതി !
ശ്രീജിത്തിനെ പിടിച്ചു കൊണ്ട് വരാന്‍ എസ്.പിയുടെ സക്വാഡിനെ വിട്ടതിന് നടപടിയില്ല . . എ.ആര് ക്യാംപിലെ പൊലീസുകാരെ ടീമാക്കി സമാന്തര പൊലീസ് സംവിധാനമുണ്ടാക്കിയതിനും മറുപടിയില്ല.
ആദ്യം നടപടി സഹകരിക്കേണ്ടത് ആലുവ റൂറല്‍ എസ്പി എ.വി.ജോര്ജിനാണെന്നിരിക്കെ ‘തല’യായ ഈ ഉദ്യോഗസ്ഥനെ വിശുദ്ധനാക്കി ‘വാലുകളെ’ പിടിച്ചിരിക്കുകയാണിപ്പോള്‍. ഏറെ സങ്കീര്‍ണ്ണമായ സാഹചര്യത്തിലേക്കാണ് കസ്റ്റഡി മരണ കേസ് ഇതോടെ മാറുന്നത്. പ്രത്യേക അന്വേഷണ സംഘ തലവന്‍ ഐ.ജി ശ്രീജിത്ത് എസ്.പിയെ സംരക്ഷിക്കുകയാണ് എന്ന ആരോപണം ശരിവയ്ക്കുന്ന നിലപാടുകളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
സ്പെഷ്യല്‍ സ്ക്വാഡിലെ മൂന്ന് പൊലീസുകാര്‍ അറസ്റ്റിലാകുമ്പോള്‍ ഇവരെ പറഞ്ഞ് വിട്ട എസ്.പിക്കെതിരെ നടപടി ഇല്ലാത്തത് പൊലീസിനകത്തും കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. എസ്.പിയുടെ സക്വാഡ് ആയാല്‍ എന്തും ചെയ്യാമെന്ന അഹങ്കാരം ഈ പൊലീസുകാര്‍ക്ക് ഉണ്ടായതും അതിന് അവസരം കൊടുത്തതും എ.വി.ജോര്‍ജ്ജ് ആണെന്നാണ് ആരോപണം.
ജോര്‍ജിനെ രക്ഷപ്പെടുത്തുന്ന നടപടിക്കെതിരെ മരണപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കടുത്ത രോഷത്തിലാണ്. കേസ് സി.ബി.ഐക്ക് വിടണമെന്ന അഭിപ്രായത്തിലാണ് അവര്‍.ഇതിനായി ഉടന്‍ നിയമ പോരാട്ടം തുടങ്ങും.
റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെയാണ് കേസില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. കസ്റ്റഡി മരണത്തിലെ അറസ്റ്റ് രേഖപ്പെടുത്താന്‍ ഐ.ജി ശ്രീജിത്ത് നേരിട്ട് ആലുവ പൊലീസ് ക്ലബിലെത്തിയിരുന്നു.
വരാപ്പുഴയിലെ വാസുദേവന്റെ ആത്മഹത്യയെ തുടര്‍ന്നാണ് ശ്രീജിത്ത് ഉള്‍പ്പെടെ പത്തു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ക്രൂര മര്‍ദ്ദനത്തിനൊടുവിലാണ് ശ്രീജിത്ത് മരണപ്പെട്ടത്. വാസുദേവന്റെ സഹോദരന് പറഞ്ഞത് പ്രകാരമാണ് ശ്രീജിത്തിനെ അറസ്റ്റു ചെയ്തതെന്ന് ആലുവ റൂറല്‍ പോലീസ് മേധാവി എ.വി. ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ചെറുകുടല്‍ പൊട്ടിയാണ് ശ്രീജിത്ത് മരിച്ചതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ വ്യക്തമാക്കിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റതായും മുറിവുകള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊലീസ് സര്ജന് ഡോ.സക്കറിയുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരമാസകലം മര്‍ദനമേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 18-ഓളം മുറിവുകള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.