‘എനിക്ക് നിര്‍വികാരനായി ഇരിക്കാന്‍ കഴിയില്ല’; രാജ്യത്തെ പീഡനങ്ങള്‍ക്കെതിരെ ഇപ്പോള്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രിയുടെ പഴയ പ്രതികരണങ്ങള്‍ ഇങ്ങനെ
രാജ്യത്തെ പീഡന സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാതെ മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നില്ല നാല് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മോദി. 2014ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിവിയില്‍ നിറഞ്ഞ് നിന്ന മോദി പീഡനങ്ങളേയും ഇരകള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിനേയും കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്നു.
അന്ന് ടിവി ന്യൂസ് ചാനലില്‍ വന്ന മോദിയുടെ വാക്കുകള്‍ ഇങ്ങനെ, ഒരു നിമിഷത്തേക്ക് നിങ്ങള്‍ ഇരയാണെന്ന് ചിന്തിച്ച് നോക്കൂ അല്ലെങ്കില്‍ ഇരയുടെ കുടുംബാംഗം ആണെന്ന് ചിന്തിക്കൂ. ഇന്ത്യയിലെ ഏതൊരു പെണ്‍കുട്ടിയും നമ്മുടെ സ്വന്തം മകളെപ്പോലെയാണ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടര്‍ച്ചയായി രാജ്യത്ത് ഇത്തരം സംഭവങ്ങളെ കുറിച്ച് കേള്‍ക്കുന്നു.
ഇത് മാത്രമല്ല മോദിയുടെ വാക്കുകള്‍. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഛത്തീസ്ഗഢില്‍ നടത്തിയ ഒരു റാലിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മോദി പ്രസംഗിച്ചിരുന്നു. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു മോദിയുടെ വിമര്‍ശനം. എപ്പോള്‍ ടിവി വെച്ചാലും കേള്‍ക്കുന്നത് ഇന്ത്യയിലെ പീഡന വാര്‍ത്തകളാണെന്നും ഈ അവസ്ഥ വളരെ പരിതാപകരമാണെന്നുമാണ് മോദി അന്ന് പറഞ്ഞത്.
പിന്നീട് പാര്‍ലമെന്റിലെ ആദ്യ പ്രസംഗത്തിലാണ് മോദി ഇതേക്കുറിച്ച് പറഞ്ഞത്. ഇന്ത്യയിലെ സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്നും ആരേയും ആശ്രയിക്കാതെ എല്ലാ അധികാരങ്ങളുമുള്ളവരായിരിക്കണമെന്നുമാണ് ഇന്ത്യയെകുറിച്ച് താന്‍ കാണുന്ന സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.
അതിന് ശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രാജ്യത്തെ ഞെട്ടിച്ച് നിര്‍ഭയ സംഭവം നടക്കുന്നത്. നിര്‍ഭയ കേസ് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പിടിച്ചുലച്ചെന്നു മാത്രമല്ല 2012ല്‍ രാജ്യം വലിയ പ്രതിഷേധത്തിനും സാക്ഷ്യം വഹിച്ചു. അന്നും മോദി കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.
നാല് വര്‍ഷം മുമ്പുണ്ടായിരുന്ന അതേ പ്രതിഷേധമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. ജമ്മുവിലെ കത്വയില്‍ വെറും എട്ട് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഉന്നാവോ കേസില്‍ ബിജെപി എംഎല്‍എയുടെ പങ്ക് തെളിഞ്ഞപ്പോള്‍ നിരവധി പ്രതിഷേധ പരിപാടികളും റാലികളുമൊക്കെ ഇതിനെതിരെ രാജ്യത്ത് അരങ്ങേറി. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എ പീഡനക്കേസില്‍ അറസ്റ്റിലായത് മോദിയുടെ പാര്‍ട്ടിയെ ഗൗരവമായി തന്നെ ബാധിച്ചു.
ഇത്രയെല്ലാം സംഭവങ്ങള്‍ നടന്നിട്ടും യാതൊരു വിധ പ്രതികരണവും ആദ്യദിനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ജനങ്ങളും ഒരേ പോലെ പ്രതികരിച്ചപ്പോഴാണ് പ്രധാനമന്ത്രി ഒടുവില്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഒരു രാജ്യമെന്ന നിലയില്‍, ഒരു സമൂഹമെന്ന നിലയില്‍ നമ്മള് എല്ലാവരും ലജ്ജിക്കുന്നു. ഒരു കുറ്റവാളിയെയും രക്ഷിക്കില്ല എന്ന് ഞാന്‍ ഉറപ്പു വരുത്തും.. പൂര്‍ണ നീതി നടപ്പാക്കും. നമ്മുടെ പെണ്മക്കള്ക്ക് തീര്‍ച്ചയായും നീതി ലഭിക്കും. ഇതായിരുന്നു പ്രതിഷേധം കനത്തപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.